| Thursday, 9th October 2025, 10:24 am

ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്റെ ഔദ്യോഗിക ദീപാവലി ആഘോഷത്തില്‍ വി.എച്ച്.പി; വിമര്‍ശിച്ച് യു.കെയിലെ ഹിന്ദു മനുഷ്യാവകാശ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ സംഘടിപ്പിച്ച ഔദ്യോഗികമായ ദീപാവലി ആഘോഷത്തിലേക്ക് തീവ്രഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്തി (വി.എച്ച്.പി)നെ ക്ഷണിച്ചതിനെതിരെ യു.കെയിലെ ഹിന്ദു മനുഷ്യാവകാശ സംഘടനയായ ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്.എഫ്.എച്ച്.ആര്‍-യു.കെ) രംഗത്ത്.

ഇത്തരത്തിലുള്ള സംഘടനകളുമായുള്ള എല്ലാ ബന്ധങ്ങളും മേയര്‍ അവസാനിപ്പിക്കണമെന്ന് ഹിന്ദു മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. ഇതിനെ അതിരുകള്‍ ലംഘിക്കുന്ന പ്രവര്‍ത്തിയെന്നാണ് സംഘടന പറഞ്ഞത്.

ദീപാവലി ആഘോഷങ്ങളില്‍ തീവ്രഹിന്ദുത്വ സംഘടനകളെ സഹകരിപ്പിച്ചതിനെ അപലപിച്ച് നിരവധി ബ്രിട്ടീഷ്-ഇന്ത്യന്‍ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.

ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് തൊട്ടുമുമ്പായി ചൊവ്വാഴ്ച പുറത്തുവിട്ട വീഡിയോയില്‍ ഹിന്ദു മനുഷ്യാവകാശ സംഘടന നേതാവ് രാജീവ് സിന്‍ഹ തീവ്ര ഹിന്ദുത്വവും മുസ്‌ലിം വിരുദ്ധതയും കൊണ്ടുനടക്കുന്ന വി.എച്ച്.പി യു.കെ.യുമായുള്ള എല്ലാ ബന്ധങ്ങളും ലണ്ടന്‍ മേയര്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ദീപാവലി ആഘോഷം സംഘടിപ്പിക്കുന്ന കമ്മിറ്റിയോട് വി.എച്ച്.പിയെ മാറ്റി നിര്‍ത്തണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. വി.എച്ച്.പി പോലുള്ള സംഘടനകള്‍ ചെയ്യുന്ന ഭീകരതകള്‍ മനസിലാക്കാന്‍ അടിസ്ഥാന വിവരം മാത്രം മതി.

ഈ സംഘടനകളുമായി സഹകരിക്കുന്നത് അംഗീകരിക്കാനാകില്ല. കഴിഞ്ഞവര്‍ഷം സാദിഖ് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീവ്രവലതുപക്ഷ ഹിന്ദുത്വത്തെ എതിര്‍ക്കുന്നതിന് പിന്തുണ നല്‍കിയിരുന്നെന്നും സിന്‍ഹ വെളിപ്പെടുത്തി.

വംശീയാധിപത്യ, ഹിന്ദുത്വ, സിയോണിസ്റ്റ് ചിന്താഗതികളെല്ലാം ഒരു പോലെ കൂടിക്കലര്‍ന്നതാണ്. ഈ വിഷയങ്ങളില്‍ മേയര്‍ അഭിപ്രായം വ്യക്തമാക്കണമെന്നും സിന്‍ഹ ആവശ്യപ്പെട്ടു. തീവ്ര വലതുപക്ഷ കൂട്ടുകെട്ടിന്റെ വിവിധ വശങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷത്തെ ദീപാവലി ആഘോഷത്തില്‍ ഹിന്ദുത്വ ഗ്രൂപ്പായ വി.എച്ച്.പി യു.കെയെ പങ്കെടുപ്പിച്ചതിന് മേയര്‍ സാദിഖ് ഖാനെതിരെ സമാനമായ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇന്ത്യയില്‍ നടക്കുന്ന ഇസ്‌ലാമോഫോബിക് ആക്രമണങ്ങളിലും വംശഹത്യകളിലും പങ്കുള്ള സംഘടനയാണ് വി.എച്ച്.പിയെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Content Highlight: VHP joins London Mayor Sadiq Khan’s official Diwali celebrations; UK human rights group criticizes

We use cookies to give you the best possible experience. Learn more