ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തോലിക്ക സ്‌കൂളിന് നേര്‍ക്ക് വി.എച്ച്.പി, ബജ് രംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ സ്‌കൂളിന് നേര്‍ക്ക് ആക്രമണം നടത്തിയത്. ആദ്യം പ്രതിഷേധവുമായി ഇവര്‍ സ്ഥലത്തെത്തിയെന്നും പിന്നീട് പ്രതിഷേധം അക്രമസക്തമാവുകയായിരുന്നെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം 11ന് ജബല്‍പൂരിലെ മധോടലിലുള്ള സെന്റ് അലോഷ്യസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന് നേര്‍ക്കായിരുന്നു ആക്രമണം. അക്രമികള്‍ സ്‌കൂളിനു നേര്‍ക്ക് കല്ലേറ് നടത്തി. സ്‌കൂള്‍ ജീവനക്കാര്‍ കുട്ടികളെ ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് അക്രമികള്‍ ആരോപിച്ചു.
ജയ് ശ്രീരാം വിളികളോടെ എത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ സ്‌കൂളിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സ്‌കൂളില്‍ കുട്ടികളുള്ള സമയത്തായിരുന്നു അക്രമം. സംഭവം പൊലീസിനെ അറിയിച്ചിട്ടും കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ആരോപിച്ചു.
അവര്‍ നിരവധി ജനല്‍ച്ചില്ലുകള്‍ തകര്‍ത്തുവെന്ന് ജബല്‍പൂര്‍ കത്തോലിക്ക രൂപതയിലെ മുതിര്‍ന്ന പുരോഹിതനും അധ്യാപകനുമായ ഫാദര്‍ തങ്കച്ചന്‍ ജോസ് പറഞ്ഞു. ക്യാമ്പസിനകത്തുള്ള സെന്റ് അലോഷ്യസ് പ്രതിമ തകര്‍ക്കാന്‍ അക്രമികള്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.
തന്നെ നിര്‍ബന്ധിച്ച് മതം മാറ്റാനായി സ്‌കൂള്‍ ജീവനക്കാര്‍ ശ്രമിച്ചെന്ന ഒരു മുന്‍ ജീവനക്കാരന്റെ ആരോപണത്തിന് പിറകെയാണ് സംഘപരിവാര്‍ ഈ സ്‌കൂളിനെതിരെ തിരിഞ്ഞത്. എന്നാല്‍ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന മുന്‍ ജീവനക്കാരന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫാദര്‍ തങ്കച്ചന്‍ ജോസ് പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷമായി തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്‌കൂളിനെതിരെ ഇത്തരമൊരു ആരോപണമുയരുന്നത് ആദ്യമാണ്. ഒരുവര്‍ഷത്തേക്ക് താത്ക്കാലിക നിയമനത്തില്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാരനായിരുന്നു ആരോപണം ഉന്നയിച്ചത്. കാലാവധി കഴിഞ്ഞിട്ടും സ്ഥാപനത്തില്‍ തന്നെ നിലനിര്‍ത്തണമെന്ന അയാളുടെ ആവശ്യം മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പളിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഫാദര്‍ തങ്കച്ചന്‍ ജോസ് പറഞ്ഞതായി യു.സി.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് മുന്‍ ജീവനക്കാരന്‍ പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതിപ്പെട്ടിട്ടുണ്ടെന്നും ഫാദര്‍ തങ്കച്ചന്‍ ജോസ് പറഞ്ഞു.
അതേസമയം, നിര്‍ബന്ധിച്ച് മതം മാറ്റാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തില്‍ അന്വേഷണത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേല്‍നോട്ടത്തിലുള്ള ഒരു സമിതിയെ ചുമതലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സമിതിയുടൈ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Content highlight: VHP, Bajrangdal mob vandalizes Catholic school in India’s Madhya Pradesh