| Tuesday, 14th July 2020, 10:54 pm

നേപ്പാളിന് പിന്നില്‍ ചൈന; രാമനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഒലിയോട് വിശ്വ ഹിന്ദു പരിഷത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനന്ത്രി കെ.പി ശര്‍മ ഒലിക്കെതിരെ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്തും അയോധ്യയിലെ സന്യാസിമാരും.

ശ്രീരാമാന്‍ നേപ്പാളിയാണെന്ന ഒലിയുടെ അവകാശവാദത്തിന് പിന്നാലെയാണ് വിശ്വ ഹിന്ദു പരിഷത്ത് രംഗത്തെത്തിയിരിക്കുന്നത്.

ശ്രീരാമനെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇവര്‍ രംഗത്തെത്തിയയിരിക്കുന്നത്.

” നേപ്പാള്‍ പ്രധാനമന്ത്രി രാമനെ പ്രാദേശിക രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തണം. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അനാവശ്യമാണ്. ശ്രീരാമന്‍ ഒരു ചക്രവര്‍ത്തി ആണെന്നും നേപ്പാള്‍ അദ്ദേഹത്തിന്റെ രാജ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അറിഞ്ഞിരിക്കണം. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ചരിത്രത്തേക്കാള്‍ പഴയതാണ്, ”ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു.

അതേസമയം ഒലിയുടെ പ്രസ്താവന ചൈനുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ആരോപണം.

”ചൈനയുടെ നിര്‍ദേശപ്രകാരം നേപ്പാള്‍ പ്രധാനമന്ത്രി അടിസ്ഥാനരഹിതവും അനാവശ്യവുമായ പ്രസ്താവനകള്‍ നടത്തുകയാണ്. ഈ പ്രസ്താവനയേക്കാള്‍ അസംബന്ധമായി മറ്റൊന്നുമില്ല. എല്ലാ മതഗ്രന്ഥങ്ങളും തെളിയിക്കുന്നത് ഇന്ത്യയിലെ അയോദ്ധ്യയിലാണ് രാമന്‍ ജനിച്ചതെന്ന്, ”അയോദ്ധ്യയിലെ വി.എച്ച്.പിയുടെ പ്രാദേശിക വക്താവ് ശരദ് ശര്‍മ പറഞ്ഞു.

ഒലിയുടെ അവകാശവാദത്തിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.

അയോധ്യയുടെ പ്രാധാന്യത്തെയും സാംസ്‌കാരിക മൂല്യത്തെയും തരംതാഴ്ത്താന്‍ ഉദ്ദേശിച്ചുക്കൊണ്ടുള്ളതായിരുന്നില്ല ഒലിയുടെ പ്രസ്താവന എന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

ശ്രീരാമനെക്കുറിച്ചും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെക്കുറിച്ചും നിരവധി ഐതീഹ്യവും പരാമര്‍ശങ്ങളും നടന്നിട്ടുള്ളതിനാല്‍, ശ്രീരാമനെക്കുറിച്ചും രാമായണത്തെക്കുറിച്ചും ബന്ധപ്പെട്ട നാഗരികതയെക്കുറിച്ചും പ്രതിപാദിക്കുന്ന വിശാലമായ സാംസ്‌കാരിക ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും പ്രാധാന്യമാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

അതിര്‍ത്തി പ്രദേശം സംബന്ധിച്ച് ഇന്ത്യയും നേപ്പാളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു പുതിയ
അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രംഗത്തെത്തിയത്.

യഥാര്‍ത്ഥത്തില്‍ ഉള്ള അയോധ്യ കിടക്കുന്നത് നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നുമായിരുന്ന ഒലിയുടെ പ്രസ്താവന. ശ്രീരാമന്‍ ഇന്ത്യക്കാരന്‍ അല്ലെന്നും ശര്‍മ അഭിപ്രായപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more