മുംബൈ: ‘രാമായണ: റൈസ് ഓഫ് എ ലെജന്‍ഡ്’ എന്ന സിനിമക്കെതിരെ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). രാവണനെ മഹത്വവല്‍ക്കരിക്കാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചു എന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നും വി.എച്ച്.പി ആരോപിച്ചു. സിനിമയ്ക്ക് നല്‍കിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഉടന്‍ റദ്ദാക്കണമെന്നും, സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും വി.എച്ച്.പി ജനറല്‍ സെക്രട്ടറി ബജ്രംഗ് ലാല്‍ ബഗ്രയുടെ പ്രസ്താവനയില്‍ പറയുന്നു.
വാല്മീകിയുടെ മൂല രാമായണത്തിലെ പല സംഭവങ്ങളെയും സിനിമയില്‍ വളച്ചൊടിച്ചു. കെട്ടിച്ചമച്ച കാര്യങ്ങള്‍ കഥയില്‍ കൂട്ടിച്ചേര്‍ക്കുകയും പ്രധാന കഥാപാത്രങ്ങളെ ഒഴിവാക്കുകയും ചെയ്തു. സിനിമയില്‍ വരുത്തിയ മാറ്റങ്ങള്‍ ഇതിഹാസത്തെ വളച്ചൊടിക്കാനും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താനുമുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും ബഗ്ര ആരോപിക്കുന്നു.
‘ശ്രീരാമന്റെ സാര്‍വത്രിക വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങളായ അഹല്യാ മോക്ഷം, നിഷാദരാജ ഗുഹനുമായുള്ള സൗഹൃദം, കേവതന്റെ ഭക്തി തുടങ്ങിയ സംഭവങ്ങള്‍ സിനിമയില്‍ പരാമര്‍ശിച്ചിട്ടുപോലുമില്ല.
സമൂഹത്തിന്റെ ശത്രുക്കളായ രാക്ഷസന്മാരെ ഉന്മൂലനം ചെയ്യുക എന്ന ശ്രീരാമന്റെ മഹത്തായ ദൗത്യത്തെ അതായത്, ഋഷിമാരുടെയും സന്യാസിമാരുടെയും ആത്മീയ സാധനകളെയും യജ്ഞങ്ങളെയും ഗുരുകുലങ്ങളെയും തടസ്സപ്പെടുത്തിയവരെ ഇല്ലാതാക്കുക എന്ന ദൗത്യത്തെ ഭാര്യയെ തട്ടിക്കൊണ്ടുപോയതിലുള്ള പ്രതികാരത്തിനായുള്ള ഒരു വ്യക്തിപരമായ പോരാട്ടമായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്,’ എന്നും ബഗ്ര പറയുന്നു.
അഹങ്കാരിയായ രാവണനെ അടിച്ചമര്‍ത്തപ്പെട്ടവരുടെ രക്ഷകനായി ചിത്രീകരിച്ചുകൊണ്ട് ഒരു രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് സിനിമയെന്നും അറിവിലും ഭക്തിയിലും ശക്തിയിലും ഉന്നതിയിലെത്തിയിരുന്നിട്ടും, അഹങ്കാരത്താല്‍ നയിക്കപ്പെട്ട രാവണന്‍ എല്ലാ ജീവജാലങ്ങളെയും ഭയപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതിനാല്‍ അധാര്‍മ്മികനായിരുന്നുവെന്നും വി.എച്ച്.പിയുടെ പ്രസ്താവനയില്‍ പറയുന്നു.
ശ്രീരാമനിലും രാമായണത്തിലും അഗാധമായ വിശ്വാസമുള്ള ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരങ്ങളെ ഈ ചിത്രം വല്ലാതെ മുറിപ്പെടുത്തി. സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ഒരു പാരമ്പര്യമാണ് രാമായണം. ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങളെ സമൂഹം ഒരിക്കലും അംഗീകരിക്കില്ലെന്നും വി.എച്ച്.പി അഭിപ്രായപ്പെട്ടു.
നിതേഷ് തിവാരി സംവിധാനം ചെയ്ത്, നമിത് മല്‍ഹോത്രയും യാഷും ചേര്‍ന്ന് നിര്‍മ്മിച്ച ‘രാമായണം: റൈസ് ഓഫ് എ ലെജന്‍ഡ്’ എന്ന സിനിമ നവംബര്‍ അഞ്ചിനാണ് റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് വി.എച്ച്.പിയുടെ പ്രതികരണം.
Content Highlight: VHP alleges Ramayana film glorifies Ravana, demands ban on screening