| Thursday, 7th August 2025, 3:35 pm

അയ്യേ ഇതെന്തോന്ന് എ.ഐ? ഘാട്ടി ട്രെയ്‌ലറില്‍ അനുഷ്‌കയുടെ പ്രായം കുറയ്ക്കാന്‍ വേണ്ടി ചെയ്ത വി.എഫ്.എക്‌സിന് ട്രോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആരെന്ന തര്‍ക്കം അടുത്തിടെ സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ചിരുന്നു. പലരും അവരവരുടെ ഇഷ്ടതാരത്തിന്റെ പേരുകള്‍ പറഞ്ഞെങ്കിലും ആ ടൈറ്റിലിന് യോഗ്യതയുള്ളത് തെലുങ്ക് താരം അനുഷ്‌ക ഷെട്ടിക്ക് മാത്രമാണെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. ഒറ്റക്ക് ഒരു മാസ് ചിത്രം തോളിലേറ്റാന്‍ കഴിയുന്ന നടിയാണ് അനുഷ്‌ക ഷെട്ടിയെന്ന് പലകുറി തെളിയിച്ചിട്ടുള്ളതാണ്.

ബാഹുബലി 2വിന് ശേഷം വളരെ കുറച്ച് സിനിമകള്‍ മാത്രമായിരുന്നു അനുഷ്‌കയുടേതായി പുറത്തുവന്നത്. എട്ട് വര്‍ഷത്തിനിടയില്‍ വെറും അഞ്ച് സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചത്. അനുഷ്‌ക പ്രധാനവേഷത്തിലെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ഘാട്ടിയുടെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ഇതുവരെ കാണാത്ത റോ ആയിട്ടുള്ള വേഷത്തിലാണ് അനുഷ്‌ക ഘാട്ടിയില്‍ പ്രത്യക്ഷപ്പെടുന്നത്. സ്വന്തം ഗ്രാമത്തിന് വേണ്ടി പോരാടുന്ന നേതാവാണ് താരത്തിന്റെ കഥാപാത്രം. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും വന്‍ വയലന്‍സുമാണ് ചിത്രത്തിലുള്ളതെന്ന് ട്രെയ്‌ലറില്‍ വ്യക്തമാണ്. എന്നാല്‍ ട്രെയ്‌ലറില്‍ അനുഷ്‌കയുടെ മുഖം എ.ഐ ഉപയോഗിച്ച് ഡീ ഏജ് ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

അനുഷ്‌കയെ കണ്ടാല്‍ തിരിച്ചറിയാനാകാത്ത വിധത്തിലാണ് ഘാട്ടിയുടെ ട്രെയ്‌ലറില്‍ കാണിച്ചിരിക്കുന്നത്. 43 വയസുള്ള അനുഷ്‌കയെ 30 വയസുള്ള കഥാപാത്രമായാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. പ്രായം കുറച്ച് കാണിക്കാനായി ചെയ്ത വി.എഫ്.എക്‌സ് അണിയറപ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്.

‘കണ്ടാല്‍ അയ്യേ എന്ന് തോന്നിക്കുന്ന തരത്തിലാണ് ട്രെയ്‌ലറിലെ എ.ഐ’ എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ‘പ്രായം കുറക്കാന്‍ വേണ്ടി വി.എഫ്.എക്‌സ് ചെയ്ത് ആളെത്തന്നെ മാറ്റിക്കളഞ്ഞല്ലോ’ എന്നാണ് മറ്റൊരു കമന്റ്. എന്നാല്‍ വി.എഫ്.എക്‌സ് മോശമാണെങ്കിലും ട്രെയ്‌ലറില്‍ അനുഷ്‌കയുടെ പ്രകടനത്തെ വാനോളം പ്രശംസിക്കുന്നുണ്ട്.

ലോകേഷ് കനകരാജും പ്രശാന്ത് നീലും അനുഷ്‌കയെ പ്രധാന കഥാപാത്രമാക്കി ഒരു സിനിമ ചെയ്യണമെന്നും മാസ് സീനുകള്‍ ചെയ്യുമ്പോള് ഓണ്‍ സ്‌ക്രീനില്‍ ഇത്രമാത്രം ഓറയുള്ള ഒരു നടി ഇന്ത്യന്‍ സിനിമയില്‍ വേറെയില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. 2015 വരെ മാസ് താരമെന്ന നിലയില്‍ അനുഷ്‌കക്ക് അപാര ഗ്രേസ് ആയിരുന്നെന്നും സൈസ് സീറോ എന്ന സിനിമ താരത്തിന് വലിയ ഡാമേജുണ്ടാക്കിയെന്നും പോസ്റ്റുകള്‍ വരുന്നുണ്ട്.

സൈസ് സീറോക്ക് വേണ്ടി ആവശ്യമില്ലാതെ തടി കൂട്ടിയെന്നും എന്നാല്‍ കരിയറിലെ ഏറ്റവും മോശം തീരുമാനമായിരുന്നു അതെന്നുമാണ് ഒരു പോസ്റ്റില്‍ പറയുന്നത്. കരിയറില്‍ ഒരു പ്രയോജനവും ചെയ്യാത്ത ആ ചിത്രം പിന്നീട് നഷ്ടം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂവെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഇപ്പോള്‍ മുഖം പോലും വി.എഫ്.എക്‌സ് ചെയ്യേണ്ട അവസ്ഥയാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: VFX used in Ghaati movie trailer for de age Anushka has been criticizing in social media

We use cookies to give you the best possible experience. Learn more