ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം 200 കോടിയും കടന്ന് മുന്നേറുകയാണ്. ഓണം റിലീസുകളില്‍ മറ്റ് സിനിമകളെ പിന്തള്ളി ചരിത്രം കുറിക്കാനും ബെത്‌ലഹേമിന് സാധിച്ചിട്ടുണ്ട്.
അങ്കമാലി കറുകുറ്റിയിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഗിരീഷ് എ.ഡിയുടെ മുന്‍ സിനിമകളുടെ അതേ ടെംപ്ലേറ്റില്‍ തന്നെയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് ഒരുങ്ങിയത്. വന്നുപോകുന്ന ഓരോ കഥാപാത്രത്തിനും കൃത്യമായ സ്‌പെയ്‌സ് നല്‍കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.
അത്തരത്തിലൊരു കഥാപാത്രമാണ് നായകനായ ജസ്റ്റിന്റെ അച്ഛന്‍ ഡേവിസ്. ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ വെട്ടുകിളി പ്രകാശാണ് ഡേവിസായി വേഷമിട്ടത്. രണ്ടേമുക്കാല്‍ മണിക്കൂര്‍ സിനിമയില്‍ ആകെ നാലഞ്ച് സീനില്‍ മാത്രമേ ഈ കഥാപാത്രം വരുന്നുള്ളൂ. അതില്‍ ആകെക്കൂടി പത്തില്‍ താഴെ ഡയലോഗുകളും. എന്നിട്ടും സിനിമ കണ്ടുകകഴിയുമ്പോള്‍ നമ്മുടെ മനസില്‍ ഡേവിസേട്ടനും ഇടംപിടിക്കും.
വളരെ നിഷ്‌കളങ്കനായ കഥാപാത്രമാണ് ഡേവിസെന്ന് ആദ്യത്തെ രണ്ട് സീനിലൂടെ മനസിലാക്കിത്തരാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. വൈകുന്നേരം പുറത്തുപോയിട്ട് വരുമ്പോള്‍ വീട്ടിലേക്ക് പരിപ്പുവട വാങ്ങിയിട്ട് വരുന്ന, ലാപ്‌ടോപ് കേടായി എന്ന് പറയുമ്പോള്‍ ‘അതിന്റെ ബാറ്ററി അഴിച്ച് വീണ്ടും ഇട്ട് നോക്കിയായിരുന്നോ’ എന്ന് ചോദിക്കുന്ന കഥാപാത്രമായാണ് ഡേവിസിനെ അവതരിപ്പിച്ചിരിക്കുന്നത്.
ഇതിനെക്കാളുപരി ഈ കഥാപാത്രത്തെ ഭൂരിഭാഗം ബോയ്‌സിനും റിലേറ്റാക്കാനായി ഒരു ഡയലോഗും ഗിരീഷ് എ.ഡി എഴുതിച്ചേര്‍ത്തിട്ടുണ്ട്. ശ്രിന്ദ അവതരിപ്പിച്ച രേഷ്മ എന്ന കഥാപാത്രത്തിന്റെ മകനെ ഡേവിസ് കളിപ്പിക്കുന്ന ഒരു സീനുണ്ട്. ഇത് കാണുന്ന ജസ്റ്റിന്‍ (നിവിന്‍ പോളി), ബിന്ദു പണിക്കര്‍ അവതരിപ്പിക്കുന്ന കുഞ്ഞാന്റിയോട് ‘പണ്ട് സിംഹത്തെപ്പോലെയിരുന്നയാളാ. ഇപ്പൊ ദേ സിംഹക്കുട്ടിയേം കളിപ്പിച്ചോണ്ട് ഇരിക്കുന്നത്’ എന്ന് പറയുകയാണ്.
കുട്ടിക്കാലത്ത് ഉത്സവപ്പറമ്പില്‍ വെച്ച് ഒരു പാവ ചോദിച്ച തന്നെ അവിടം മുതല്‍ വീടു വരെ അച്ഛന്‍ തല്ലിയ ഓര്‍മയും ജസ്റ്റിന്‍ പങ്കുവെക്കുന്നു. അത്രയും ടെററായിരുന്ന ഡേവിസ് കാലക്രമേണ മക്കളെ മനസിലാക്കുന്ന, മകനോടൊപ്പമിരുന്ന് വെള്ളമടിക്കുന്ന ‘കൂള്‍ ഡാഡ്’ ആയി മാറിയെന്ന് സംവിധായകന്‍ പറഞ്ഞുവെക്കുകയാണ്. ജീനയുടെ മരണത്തിന് ശേഷം ഡൗണായ ജസ്റ്റിനെ പിന്നീട് ഡേവിസ് വാക്കുകൊണ്ട് പോലും നോവിച്ചിട്ടില്ലെന്നും ഒരു സീനില്‍ പറയാതെ പറയുന്നുണ്ട്.
ആഷ്‌ലിയുമായുള്ള പ്രണയം അറിഞ്ഞ ശേഷം വീട്ടിലെത്തി ജസ്റ്റിനെ അവന്റെ അനിയന്‍ ജോയല്‍ കുറ്റം പറയുന്നത് മിണ്ടാതെ കേള്‍ക്കുന്ന ഡേവിസിനെയാണ് ആദ്യം കാണിക്കുന്നത്. ഒരു പരിധി കഴിയുമ്പോള്‍ ജോയലിനെ തല്ലാന്‍ ജസ്റ്റിനോട് ആവശ്യപ്പെടുകയാണ് ഡേവിസ്. ഇങ്ങനെ കൊച്ചുകൊച്ച് ഡീറ്റെയിലിങ്ങിലൂടെ പല കഥാപാത്രങ്ങള്‍ക്കും നല്ല ഡെപ്ത് സംവിധായകന്‍ നല്‍കിയിട്ടുണ്ട്.
Content Highlight: Vettukili Prakash’s character in Bethlehem Kudumba Unit movie