| Tuesday, 21st October 2025, 5:54 pm

എന്റെ സിനിമ കണ്ട് രാത്രി ഉറങ്ങാനായില്ലെന്ന് ആ ജര്‍മന്‍ സംവിധായകന്‍ ഓസ്‌കറിന്റെ സമയത്ത് പറഞ്ഞു, മറക്കാനാകാത്ത അനുഭവം: വെട്രിമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയെ വെറും വിനോദോപാധിയായി മാത്രം കാണാതെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ആയുധമായി കാണുന്ന സംവിധായകനാണ് വെട്രിമാരന്‍. ചെയ്ത സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കിയ വെട്രിമാരന്‍ തനിക്ക് മറക്കാനാകാത്ത സിനിമാനുഭവം പങ്കുവെക്കുകയാണ്. സിനിമാമോഹം തലക്ക് പിടിച്ചു നടന്ന കാലത്ത് ഒരുപാട് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

വെര്‍ണര്‍ ഹെസ്രോഗ് എന്ന ഒരു ജര്‍മന്‍ സംവിധായകനുണ്ടെന്നും അദ്ദേഹത്തിന്റെ ഒരു ചിത്രം താനും സുഹൃത്തുക്കളും ഫിലിം ഫെസ്റ്റിവലില്‍ വെച്ച് കണ്ടിരുന്നെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു. അഗ്വയര്‍: ദി വ്രാത്ത് ഓഫ് ഗോഡ് എന്നായിരുന്നു ആ സിനിമയുടെ പേരെന്നും ഒരുപാട് നേരം അതിനെക്കുറിച്ച് സംസാരിച്ചെന്നും അദ്ദേഹം പറയുന്നു.

‘ആ പടത്തിനെപ്പറ്റി സംസാരിച്ചത് എങ്ങനെയാണെന്ന് വെച്ചാല്‍, രാത്രി 12 മണിയോടടുപ്പിച്ചാണ് പടം തീര്‍ന്നത്. ഒരു ചായയും കുടിച്ചുകൊണ്ട് സംസാരിക്കാമെന്ന് തീരുമാനിച്ചു. ഒന്നിന് പിന്നാലെ ഒന്ന് എന്ന് രീതിയില്‍ കുറെ ചായക്കടയില്‍ കയറി ചായയും കുടിച്ച് ഈ സിനിമയെക്കുറിച്ച് സംസാരിച്ചു. അങ്ങനെ നടന്ന് നടന്ന് നേരം വെളുത്തു.

ഓസ്‌കര്‍ നോമിനേഷനില്‍ ഫോറിന്‍ ലാംഗ്വേജ് പടങ്ങളുടെ സ്‌ക്രീനിങ് നടക്കുന്ന സമയത്ത് വിസാരണൈ കാണാന്‍ ഹെസ്രോഗ് വരുന്നുണ്ടെന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സ്വഭാവം എന്താണെന്ന് വെച്ചാല്‍, പടം ഇഷ്ടമായില്ലെങ്കില്‍ അപ്പോത്തന്നെ എഴുന്നേറ്റ് പോകും. ഈ പടം കാണുമ്പോള്‍ പുള്ളി എഴുന്നേറ്റ് പോകുമോ എന്ന് പേടിയുണ്ടായിരുന്നു.

അദ്ദേഹം വന്ന് സിനിമ മുഴുവന്‍ കണ്ടു. എന്നിട്ട് എന്റെയടുത്ത് വന്ന് ഒരുപാട് സംസാരിച്ചു. അവസാനം ‘നീയെനിക്ക് ഉറക്കമില്ലാത്ത ഒരു രാത്രി സമ്മാനിച്ചു. ഈ സിനിമയുടെ എഫക്ടില്‍ ഇന്ന് രാത്രി ഉറക്കം കിട്ടില്ല’ എന്ന് അദ്ദേഹം പറഞ്ഞു. ‘വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളുടെ ഒരു സിനിമ കണ്ട് എനിക്കും ഉറങ്ങാനായില്ല’ എന്ന് തിരിച്ച് പറഞ്ഞു. ഈയൊരു മൊമന്റ് ജീവിതത്തില്‍ ഞാന്‍ മറക്കില്ല,’ വെട്രിമാരന്‍ പറയുന്നു.

ദിനേശ്, സമുദ്രക്കനി, കിഷോര്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിസാരണൈ. ധനുഷ് നിര്‍മിച്ച ചിത്രം മൂന്ന് ദേശീയ അവാര്‍ഡ് സ്വന്തമാക്കി. പൊലീസ് എന്‍കൗണ്ടറിനെയും കസ്റ്റഡി മര്‍ദനത്തെയും വിമര്‍ശിച്ച ചിത്രം നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു.

Content Highlight: Vetrimaaran shares unforgettable cinema moment in his life

We use cookies to give you the best possible experience. Learn more