ചെയ്ത സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കിയ സംവിധായകനാണ് വെട്രിമാരന്‍. ആദ്യചിത്രമായ പൊല്ലാതവന്‍ മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ വിടുതലൈ 2 വരെ ശക്തമായ രാഷ്ട്രീയം സംസാരിച്ച സിനിമകളായിരുന്നു. സംവിധാനം ചെയ്ത ആടുകളം, അസുരന്‍,വിസാരണൈ എന്നീ ചിത്രങ്ങള്‍ക്കൊപ്പം നിര്‍മാതാവിന്റെ വേഷത്തിലെത്തിയ കാക്ക മുട്ടൈയും ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.
വെട്രിമാരന്റെ കരിയറില്‍ ഏറ്റവുമധികം ആരാധകരുള്ള ചിത്രങ്ങളിലൊന്നാണ് വട ചെന്നൈ. ധനുഷ് നായകനായെത്തിയ ചിത്രം സിനിമാപ്രേമികളുടെ ഫേവറെറ്റുകളിലൊന്നാണ്. രണ്ടാം ഭാഗത്തിന് സൂചന നല്‍കി അവസാനിച്ച വട ചെന്നൈ ആറ് വര്‍ഷം പിന്നിട്ടിട്ടും ഷൂട്ട് ആരംഭിച്ചിട്ടില്ല. വട ചെന്നൈക്ക് ശേഷം നാല് സിനിമകള്‍ വെട്രിമാരന്‍ ഒരുക്കി. വട ചെന്നൈയെക്കുറിച്ചും തന്റെ അടുത്ത പ്രൊജക്ടിനെക്കുറിച്ചും സംസാരിക്കുകയാണ് വെട്രിമാരന്‍.
‘വട ചെന്നൈ ശരിക്കും ധനുഷിന് വേണ്ടിയല്ല എഴുതിയത്. ആ കഥ ആദ്യം പൂര്‍ത്തിയാക്കിയപ്പോള്‍ എന്റെ മനസിലുണ്ടായിരുന്നത് സിലമ്പരസനായിരുന്നു. അദ്ദേഹത്തോട് കഥ പറഞ്ഞെങ്കിലും ഡേറ്റ് ഇല്ലാത്തതുകൊണ്ട് ചെയ്യാനായില്ല. പിന്നീട് ഈ കഥയിലേക്ക് ധനുഷ് വന്നു. ആദ്യം എഴുതിയ കഥയില്‍ ഒരുപാട് മാറ്റം വരുത്തിയിട്ടാണ് ഇപ്പോള്‍ കാണുന്ന രീതിയില്‍ വട ചെന്നൈ കൊണ്ടുവന്നത്.
പക്ഷേ, ആദ്യത്തെ കഥ എന്റെ മനസില്‍ തന്നെയുണ്ടായിരുന്നു. അത് എപ്പോഴെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് സിലമ്പരസന്‍ സാറുമായി വര്‍ക്ക് ചെയ്യാനുള്ള അവസരം കിട്ടിയത്. അതുകൊണ്ട് പഴയ സബ്ജക്ട് വീണ്ടും പൊടി തട്ടിയെടുത്തു. ഇത് വട ചെന്നൈയുടെ സെക്കന്‍ഡ് പാര്‍ട്ടല്ലെന്ന് മാത്രമേ ഇപ്പോള്‍ പറയാനാകുള്ളൂ.
പക്ഷേ, വട ചെന്നൈയുടെ കഥ നടക്കുന്ന അതേ സമയത്ത് തന്നെയാണ് ഈ പടത്തിന്റെയും കഥ നടക്കുന്നത്. അതിലെ ചില കഥാപാത്രങ്ങളും ചില സന്ദര്‍ഭങ്ങളും ഈ കഥയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇതിന് ശേഷമാകും വട ചെന്നൈയുടെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുക. അങ്ങനെയാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്. അതുപോലെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ വെട്രിമാരന്‍ പറയുന്നു.
ധനുഷിന് പുറമെ വന്‍ താരനിര അണിനിരന്ന ചിത്രമായിരുന്നു വട ചെന്നൈ. ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ, അമീര്‍, സമുദ്രക്കനി, കിഷോര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ ഫിലിംസാണ് വട ചെന്നൈ നിര്‍മിച്ചത്. നോര്‍ത്ത് ചെന്നൈയിലെ ഗ്യാങ്‌സ്റ്ററുകളുടെ കഥയാണ് ചിത്രം പറഞ്ഞത്.
Content Highlight: Vetrimaaran saying Vada Chennai movie was initially planned for Silambarasan T R