| Monday, 1st September 2025, 6:20 pm

റിലീസിന് മുമ്പ് തന്നെ സിനിമക്കെതിരെ അനാവശ്യ വിവാദങ്ങള്‍, പ്രഷറും വെല്ലുവിളികളും കാരണം പ്രൊഡക്ഷന്‍ കമ്പനി പൂട്ടുന്നു: വെട്രിമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയുടെ ഗതി മാറ്റിയ സംവിധായകരിലൊരാളാണ് വെട്രിമാരന്‍. മാസ് മസാല കൊമേഴ്‌സ്യല്‍ സിനിമകള്‍ മാത്രം ശ്രദ്ധിക്കപ്പെടുന്ന കോളിവുഡില്‍ പുതിയ തരത്തിലുള്ള കഥപറച്ചിലാണ് വെട്രിമാരന്‍ പരിചയപ്പെടുത്തിയത്. ഒരേസമയം ശക്തമായ രാഷ്ട്രീയം സംസാരിക്കുകയും അതില്‍ പ്രേക്ഷകര്‍ക്ക് വര്‍ക്കാകുന്ന തരത്തില്‍ കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്താനും വെട്രിമാരന്റെ സിനിമകള്‍ക്ക് സാധിച്ചിട്ടുണ്ട്.

സംവിധാനം ചെയ്ത സിനിമകളെല്ലാം സാമ്പത്തികവിജയം നേടിയ വെട്രിമാരന്‍ മൂന്ന് തവണ ദേശീയ അവാര്‍ഡിനും അര്‍ഹനായി. നല്ല സിനിമകള്‍ സംവിധാനം ചെയ്യുന്നതിനോടൊപ്പം മികച്ച ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാസ്‌റൂട്ട് ഫിലിം കമ്പനി എന്ന പേരില്‍ 11 സിനിമകളും ഒരു വെബ് സീരിസും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് താന്‍ സിനിമാനിര്‍മാണം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് വെട്രിമാരന്‍ അറിയിച്ചിരിക്കുകയാണ്. ഗ്രാസ്‌റൂട്ട് ഫിലിംസിന്റെ ഏറ്റവും പുതിയ ചിത്രമായ ബാഡ് ഗേളിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് വെട്രിമാരന്‍ നിര്‍മാണരംഗത്ത് നിന്ന് പിന്‍വാങ്ങുന്നുവെന്ന് അറിയിച്ചത്.

‘പ്രൊഡ്യൂസറായി ഇരിക്കുക എന്നത് വളരെ ദുര്‍ഘടം പിടിച്ച ഒരു പണിയാണ്. സംവിധായകന്റേത് ജോളിയായിട്ടുള്ള ലൈഫാണ്. ക്രിയേറ്റീവായി ഓരോന്ന് ചിന്തിച്ചും ചെയ്തുമൊക്കെ മുന്നോട്ട് പോകാം. പ്രൊഡ്യൂസര്‍ വല്ലപ്പോഴും മാത്രമേ സെറ്റിലേക്ക് വരാറുള്ളൂ. എന്നാല്‍ ഒരു നിര്‍മാതാവ് എന്ന രീതിയില്‍ ഇരിക്കുമ്പോള്‍ സിനിമയുടെ ടീസറിന് വരുന്ന കമന്റുകളില്‍ വരെ നമ്മള്‍ ശ്രദ്ധാലുവായി ഇരിക്കണം.

നമ്മള്‍ എന്ത് പറയുന്നു എന്ന് വരെ ആളുകള്‍ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുകയാണ്. ഓരോ ചെറിയ കാര്യങ്ങള്‍ പോലും സിനിമയുടെ ബിസിനസിനെ സാരമായി ബാധിക്കുന്ന അവസ്ഥകള്‍ വരാറുണ്ട്. ഒരു പ്രൊഡ്യൂസര്‍ എന്ന നിലയില്‍ അക്കാര്യം വലിയൊരു പ്രഷറായി മാറിയിട്ടുണ്ട്. ഒരുപാട് വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.

മുമ്പ് ചെയ്ത ഒരു സിനിമ കോടതിയുടെ മുന്നില്‍ വരെ എത്തിയിട്ടും റിലീസ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ കോടതിയുടെ ക്ലിയറന്‍സ് കിട്ടിയിട്ടും അടുത്തത് എന്താണ് സംഭവിക്കുക എന്ന് അറിയില്ല. മനുഷിയാണ് ആ സിനിമ. ബാഡ് ഗേളും സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മിറ്റിയില്‍ പോയി UA സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടാണ് റിലീസ് ചെയ്യുന്നത്.

ഈ പടത്തിന്റെ ടീസര്‍ റിലീസായപ്പോള്‍ പലരും ഹൈപ്പര്‍സെന്‍സിറ്റീവായി ആലോചിച്ച് അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കി. അങ്ങനെയൊന്നും ഈ പടത്തിലില്ലെന്ന് തെളിയിച്ച ശേഷമാണ് അനുമതി കിട്ടിയത്. എന്നെപ്പോലെയുള്ള ആള്‍ക്കാര്‍ നിര്‍മാതാക്കളായി ഇരിക്കുക എന്നത് ചലഞ്ചിങ്ങായിട്ടുള്ള കാര്യമാണ്. അതുകൊണ്ട് ബാഡ് ഗേളിന് ശേഷം ഗ്രാസ്‌റൂട്ട് ഫിലിംസ് പൂട്ടിക്കെട്ടുകയാണ്,’ വെട്രിമാരന്‍ പറഞ്ഞു.

Content Highlight: Vetrimaaran saying he shut sown his Production house because of unnecessary pressures and challenges

We use cookies to give you the best possible experience. Learn more