തമിഴ് സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകനാണ് വെട്രിമാരന്‍. 18 വര്‍ഷത്തെ കരിയറില്‍ വെറും ഏഴ് സിനിമകള്‍ മാത്രമാണ് അദ്ദേഹം അണിയിച്ചൊരുക്കിയത്. ശക്തമായ രാഷ്ട്രീയം സംസാരിച്ചതിനോടൊപ്പം എല്ലാ സിനിമകളും സാമ്പത്തികമായി വിജയവും സ്വന്തമാക്കിയിരുന്നു. ഓരോ സിനിമകളും ചിത്രീകരിക്കാന്‍ വെട്രിമാരന്‍ എടുക്കുന്ന സമയം വിമര്‍ശനത്തിന് വിധേയമായാകാറുണ്ട്.
ഏഴ് സിനിമകളില്‍ ഒന്നില്‍ പോലും ഇന്‍ഡസ്ട്രിയിലെ വമ്പന്‍ താരങ്ങള്‍ ഭാഗമായിട്ടില്ല. സൂപ്പര്‍താരങ്ങള്‍ ആരുമില്ലാതെ തന്നെ സ്വയമൊരു ബ്രാന്‍ഡായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. എന്തുകൊണ്ട് വലിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നില്ല എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് വെട്രിമാരന്‍. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, ഒരു ആര്‍ട്ടിസ്റ്റിനും ഞാന്‍ പടത്തിന്റെ സ്‌ക്രിപ്റ്റ് കൊടുക്കാറില്ല. സ്‌ക്രിപ്റ്റില്ലാതെയാണ് എല്ലാവരും എന്റെ പടത്തില്‍ അഭിനയിക്കുന്നത്. എന്നുവെച്ച് കഥ പോലും അറിയാതെയാണ് അഭിനയിക്കുന്നതെന്ന് എന്നൊന്നും പറയാനാകില്ല. കഥയെക്കുറിച്ച് നല്ല ധാരണയുണ്ടാകും. എന്താണ് ഷൂട്ട് ചെയ്യുകയെന്നതിനെക്കുറിച്ചും അറിവുണ്ടാകും.
പക്ഷേ, ഷോട്ട് എടുക്കുന്നതിന് മുമ്പായിരിക്കും ഞാന്‍ ഡയലോഗിലൊക്കെ മാറ്റം വരുത്തുക. അത് പലര്‍ക്കും പ്രശ്‌നമായിരിക്കും. വലിയ സീനുകളെക്കുറിച്ച് ഞാന്‍ ആദ്യമേ ഡീറ്റെയിലായി പറഞ്ഞിട്ടുണ്ടാകും. അല്ലാതെ ചെറിയ സീനുകളൊന്നും വിവരിക്കാറില്ല. എന്റെ അറിവില്‍ പല സംവിധായകരും ഇതേ രീതിയായിരിക്കും പിന്തുടരുന്നത്.
എന്റെ മിക്ക സ്‌ക്രിപ്റ്റുകളും മിനിമം 400 പേജൊക്കെയുണ്ടാകും. ഇത്രയും എഴുതണം എന്നുള്ള ചിന്തയിലല്ല അങ്ങനെ ചെയ്യുന്നത്. ഇടക്കിടെ ഉണ്ടാകുന്ന മാറ്റങ്ങള്‍ കാരണമാണ്. ബോളിവുഡിലും ഒരുകാലത്ത് അങ്ങനെയായിരുന്നു. ഒരു സംവിധായകന്‍ വലിയൊരു നടനെ വെച്ച് സിനിമ ചെയ്തപ്പോള്‍ അയാള്‍ ‘സ്‌ക്രിപ്‌റ്റെവിടെ’ എന്ന് ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഷൂട്ട് തീര്‍ന്നപ്പോഴാണ് ആ സ്റ്റാറിന് സ്‌ക്രിപ്റ്റ് കൊടുത്തത് എന്നൊരു കഥ കേട്ടിട്ടുണ്ട്.
എഴുതി തുടങ്ങുമ്പോള്‍ വെറും 150 പേജൊക്കെയേ ഉണ്ടാകുള്ളൂ. അത് പിന്നീട് വികസിക്കുന്നതാണ്. എന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ഒരിക്കലും വിശ്വസിക്കരുതെന്ന് പലരോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്റെ ഈ രീതിയുമായി സഹകരിക്കാനാകുന്നതുകൊണ്ടാണ് പലരും വര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ ഇതുമായി പൊരുത്തപ്പെട്ട് പോകാനാകാത്ത ചില നടന്മാരുണ്ട്. അവര്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യാനാഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ നിരാശയില്ല. ഞാന്‍ ആ ശീലം മാറ്റാനും പോകുന്നില്ല,’ വെട്രിമാരന്‍ പറഞ്ഞു.
Content Highlight: Vetrimaaran saying he never give Bound script for actors