തന്റെ രാഷ്ട്രീയം ശക്തമായ ഭാഷയില്‍ ഓരോ സിനിമയിലും പ്രതിഫലിപ്പിക്കുന്ന സംവിധായകനാണ് വെട്രിമാരന്‍. ഒരേ സമയം കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും അതോടൊപ്പം ശക്തമായ രാഷ്ട്രീയം സംസാരിക്കുകയും ചെയ്യുന്നതാണ് വെട്രിമാരന്റെ സിനിമകള്‍. മൂന്ന് ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ അദ്ദേഹം നിര്‍മാണരംഗത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
വെട്രിമാരന്റെ സിനിമകളില്‍ പലരും ഇന്നും വാഴ്ത്തുന്ന ചിത്രമാണ് വിസാരണൈ. വ്യാജ എന്‍കൗണ്ടറുകളെ ശക്തമായി വരച്ചുകാട്ടിയ ചിത്രം ആ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ മൂന്ന് പുരസ്‌കാരങ്ങളായിരുന്നു സ്വന്തമാക്കിയത്. ആ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയും വിസാരണൈക്ക് ലഭിച്ചു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വെട്രിമാരന്‍.
‘ആ സിനിമ പ്രൊഡ്യൂസ് ചെയ്തത് ധനുഷായിരുന്നു. കഥയൊക്കെ പറഞ്ഞ് കഴിഞ്ഞപ്പോള്‍ ‘ഇതിന് എത്ര ബജറ്റാകും’ എന്നായിരുന്നു ധനുഷ് ചോദിച്ചത്. രണ്ടേമുക്കാല്‍ കോടിക്ക് സിനിമ തീര്‍ത്ത് തരാം എന്ന് ധനുഷ് പറഞ്ഞു. പക്ഷേ, ധനുഷ് ഞങ്ങള്‍ക്ക് മൂന്നേകാല്‍ കോടി തന്നു. അങ്ങനെയൊരു പ്രൊഡ്യൂസറെ കിട്ടുക എന്നത് വളരെ അപൂര്‍വമാണ്.
അതും പോരാഞ്ഞിട്ട് പടത്തിന് ഓസ്‌കര്‍ എന്‍ട്രി കിട്ടിയപ്പോള്‍ അതിനും പണം ചെലവാക്കി. മൂന്നരക്കോടിയോളം ഓസ്‌കര്‍ ക്യാമ്പയിന് വേണ്ടി ധനുഷ് ചെലവാക്കി. ആ സിനിമക്ക് കിട്ടിയ ആകെ കളക്ഷന്‍ 3.3 കോടിയാണ്. അപ്പോള്‍ അത്രയും പൈസ ഒരു സിനിമക്ക് വേണ്ടി ചെലവാക്കിയിട്ടുണ്ടെങ്കില്‍ അത് സിനിമയോടുള്ള സ്‌നേഹം കൊണ്ടാണ്,’ വെട്രിമാരന്‍ പറയുന്നു.
ധനുഷ് തന്ന പൈസയില്‍ നിന്ന് താന്‍ ഇതുവരെ പ്രതിഫലം എടുത്തില്ലെന്ന് വെട്രിമാരന്‍ പറഞ്ഞു. ആ സിനിമ കൂടുതല്‍ ആളുകളിലേക്കെത്താന്‍ ഇത്രയും ചെയ്തിട്ട് വീണ്ടും പ്രതിഫലം ചെലവാക്കാന്‍ തനിക്ക് തോന്നിയില്ലെന്നും അതിനാലാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു വെട്രിമാരന്‍.
‘ഞാന്‍ മാത്രമല്ല, ആ സിനിമയിലെ നായകന്‍ ദിനേശ് പൈസ വാങ്ങിയില്ല. അതുപോലെ അതില്‍ അഭിനയിച്ച കിഷോര്‍ പൈസ വാങ്ങിയില്ല, എഡിറ്റര്‍ കിഷോര്‍ പൈസ വാങ്ങിയില്ല. സമുദ്രക്കനിക്ക് മാത്രം അഞ്ചുലക്ഷം കൊടുത്തു. അത് എന്താണെന്ന് വെച്ചാല്‍ അയാള്‍ക്ക് പ്രതിഫലം കൊടുത്തതിന് ശേഷമാണ് ഞങ്ങള്‍ ഇങ്ങനെയൊരു കാര്യം ആലോചിച്ചത്. ഞങ്ങള്‍ പൈസ വാങ്ങിയില്ലെന്ന കാര്യമറിഞ്ഞ് സമുദ്രക്കനി ഞങ്ങളോട് ദേഷ്യപ്പെട്ടു,’ വെട്രിമാരന്‍ പറയുന്നു.
Content Highlight: Vetrimaaran saying Dhanush gave more than the money he asked for Visaranai movie