| Saturday, 28th March 2026, 3:48 pm

നോട്ട് നിരോധനം പോലും സിനിമയിലൂടെ വെളുപ്പിച്ചെടുക്കുന്ന കാലമാണിത്, ധുരന്ധറിന്റെ പേര് പറയാതെ വിമര്‍ശിച്ച് വെട്രിമാരന്‍

അമര്‍നാഥ് എം.

കൊമേഴ്‌സ്യല്‍ സിനിമകളിലൂടെ ശക്തമായ രാഷ്ട്രീയം സംസാരിക്കാനാകുമെന്ന് തെളിയിച്ച സംവിധായകനാണ് വെട്രിമാരന്‍. സമൂഹത്തിലെ അസമത്വങ്ങളെയും ചോദ്യം ചെയ്തും സാധാരണക്കാരുടെ അവകാശത്തെക്കുറിച്ച് ഉറക്കെ സംസാരിക്കുകയും ചെയ്യുന്ന വെട്രിമാരന്റെ സിനിമകള്‍ക്ക് പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. ഏത് വേദിയിലും തന്റെ രാഷ്ട്രീയം ഉറക്കെ പറയുന്ന ആളാണ് വെട്രിമാരന്‍.

ചെന്നൈയില്‍ ഇന്ന് നടന്ന ട്രെയ്‌ലര്‍ ലോഞ്ചിനിടെ വെട്രിമാരന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരിക്കുകയാണ്. നീലിരാ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ ഇന്ന് സിനിമാലോകത്ത് വന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ സമയത്ത് നടക്കുന്ന കഥയാണ് നീലിരയുടേതെന്നും താന്‍ രണ്ട് വട്ടം ഇതിനോടകം ഈ ചിത്രം കണ്ടെന്നും വെട്രിമാരന്‍ പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ സെന്‍സര്‍ ചെയ്യാത്ത വേര്‍ഷനായിരുന്നു താന്‍ കണ്ടതെന്നും സെന്‍സര്‍ ചെയ്ത വേര്‍ഷനില്‍ ഈ സിനിമ പറയുന്ന പ്രധാന ആശയം വെട്ടിമാറ്റപ്പെട്ടെന്നും അദ്ദേഹം പറയുന്നു. സമീപകാലത്ത് വന്‍ വിജയമായ ബോളിവുഡ് ചിത്രം ധുരന്ധറിനെ പേരെടുത്ത് പറയാതെയും വെട്രിമാരന്‍ വിമര്‍ശിച്ചു.

‘ഈ സിനിമ വെറുപ്പിനെക്കുറിച്ച് പറയുന്നില്ല, വയലന്‍സിനെ ന്യായീകരിക്കുന്നില്ല, ഇത് എന്തെങ്കിലും ആശയം പ്രചരിപ്പിക്കണമെന്ന് ചിന്തിക്കുന്ന സിനിമയല്ല. ഒരു ആശയത്തെ ഉയര്‍ത്തിക്കാട്ടാനായി പല കോടി രൂപ ചെലവാക്കി എടുത്ത സിനിമയല്ല. ആയിരം കോടി കളക്ഷന്‍ നേടണമെന്ന് ആഗ്രഹിച്ച് വെറുപ്പിനെയോ വയലന്‍സിനെയോ മുന്‍നിര്‍ത്തി ഒരുക്കിയ സിനിമയല്ല നീലിരാ.

ഇത്തരം സിനിമകളാണ് ഇപ്പോഴത്തെ കാലത്ത് വേണ്ടത്. കാരണം, ഇപ്പോള്‍ വരുന്ന പല സിനിമകളും പ്രൊപ്പഗണ്ടയാണ്. ഇത്തരം പ്രൊപ്പഗണ്ടകള്‍ക്ക് നമ്മുടെ ഓര്‍മകളെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട്. നോട്ട് നിരോധന സമയത്ത് ആരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയതെന്ന് നമുക്ക് അറിയാം. എത്രയോ പേര്‍ നോട്ട് മാറ്റാനുള്ള ക്യൂവില്‍ നിന്ന് മരിച്ചത് നമ്മള്‍ കേട്ടിട്ടുണ്ട്.

വളരെ ഈസിയായി നോട്ട് നിരോധത്തിന്റെ ഇംപാക്ടിനെ മാറ്റിയത് എങ്ങനെയാണെന്ന് നോക്കൂ. അത്തരം ഹേറ്റ് പ്രൊപ്പഗണ്ടക്കെതിരെ നമുക്ക് ചെയ്യാനാകുന്നത് ഇതുപോലെ നല്ല സിനിമകള്‍ ചെയ്യുക, അത് ആളുകളിലേക്ക് എത്തിക്കുക എന്ന് മാത്രമാണ്,’ വെട്രിമാരന്‍ പറഞ്ഞു.

വീഡിയോ വൈറലായതോടെ സംഘപരിവാര്‍ അനുകൂലികള്‍ വെട്രിമാരനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വിടുതലൈ, അസുരന്‍, ഊര്‍ ഇരവ് (പാവ കഥൈകള്‍ ആന്തോളജിയിലെ ചിത്രം) തുടങ്ങിയ സിനിമകളില്‍ ജാതി സിസ്റ്റത്തിനെതിരെ പ്രതികരിച്ചത് സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു. ഇപ്പോള്‍ ധുരന്ധറിന്റെ പേരില്‍ തങ്ങളുടെ ദേഷ്യം വെട്രിമാരനില്‍ തീര്‍ക്കുകയാണ് അത്തരം സംഘപരിവാര്‍ അനുകൂല ഐ.ഡികള്‍.

Content Highlight: Vetrimaaran criticizing Dhurandhar movie for whitewashing demonetization

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more