| Sunday, 26th April 2026, 5:48 pm

തെറിവിളിയൊക്കെ കട്ട് ചെയ്യാതെ ഉപയോഗിക്കാന്‍ സമ്മതിക്കുന്ന സെന്‍സര്‍ ബോര്‍ഡ് കമ്മ്യൂണിസ്റ്റ് കൊടി ബ്ലര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു: വെട്രിമാരന്‍

അമര്‍നാഥ് എം.

സിനിമയെ വെറുമൊരു വിനോദോപാധിയായി മാത്രം കാണാത്ത സംവിധായകരിലൊരാളാണ് വെട്രിമാരന്‍. സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനായി വെട്രിമാരന്‍ തന്റെ സിനിമകളെ ഉപയോഗിക്കാറുണ്ട്. ആടുകളം, അസുരന്‍, വട ചെന്നൈ, വിടുതലൈ തുടങ്ങിയ സിനിമകളെല്ലാം ശക്തമായ രാഷ്ട്രീയം സംസാരിക്കുന്നവയായിരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇന്ത്യന്‍ സിനിമയില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വെട്രിമാരന്‍.

കുറച്ചുകാലം മുമ്പ് ഹോളിവുഡില്‍ ആളുകളുടെ ചിന്തയെ സ്വാധീനിക്കുന്ന തരത്തില്‍ രാഷ്ട്രീയ സിനിമകളൊരുക്കാന്‍ ഭരണാധികാരികള്‍ തീരുമാനിച്ചിരുന്നെന്ന് വെട്രിമാരന്‍ പറഞ്ഞു. അതേ രീതി തന്നെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നതെന്നും ഒരു പ്രത്യേക രാഷ്ട്രീയ അജണ്ടയെ പുകഴ്ത്തുന്ന സിനിമകള്‍ക്ക് വലിയ പ്രൊഡക്ഷന്‍ ഹൗസുകള്‍ ഫണ്ടിങ് നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെട്രിമാരന്‍ Photo: Screen grab/ Shruti TV

സെന്‍സറിങ്ങിന്റെ കാര്യത്തിലും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. ബീഫ് കഴിക്കുന്ന രംഗമുണ്ടെങ്കില്‍ പോലും അത് മാറ്റണമെന്ന തരത്തില്‍ നിര്‍മാതാക്കളും സെന്‍സര്‍ ബോര്‍ഡും പ്രഷര്‍ ചെയ്യാറുണ്ടെന്ന് വെട്രിമാരന്‍ പറഞ്ഞു. നീലം കള്‍ച്ചറല്‍ ഇവന്റില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ചില സമയത്ത് സെന്‍സര്‍ ബോര്‍ഡ് സമ്മതിക്കുന്ന ചില കാര്യങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ അനുവദിക്കാറില്ല. തമിഴ്‌നാട്ടില്‍ ഈ സിനിമ എത്രത്തോളം ഇംപാക്ടുണ്ടാക്കും എന്ന് മാത്രമേ സെന്‍സര്‍ ബോര്‍ഡ് നോക്കാറുള്ളൂ. എന്നാല്‍ ഈ സിനിമ മുംബൈയിലൊക്കെ എങ്ങനെ ബാധിക്കുമെന്നാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെ മേലാളന്മാര്‍ നോക്കുക.

അവര്‍ക്ക് ഭാവിയില്‍ പ്രശ്‌നമുണ്ടാകരുത് എന്ന ചിന്തയിലാണ് ഇത്തരം നീക്കങ്ങള്‍. വിടുതലൈ എന്ന സിനിമയുടെ സെന്‍സറിങ് സമയത്ത് വലിയ പ്രശ്‌നമായിരുന്നു. ആ സിനിമയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടി കാണിക്കുന്നിടത്തെല്ലാം ബ്ലര്‍ ചെയ്യണമെന്ന് അവര്‍ നിര്‍ദേശിച്ചു. ‘ഈ കൊടി കാണിച്ചാല്‍ നിങ്ങള്‍ ആ പാര്‍ട്ടിയെ റെപ്രസന്റ് ചെയ്യുന്നത് പോലെയുണ്ട്’ എന്ന് പറഞ്ഞു.

ബാക്ക്ഗ്രൗണ്ടില്‍ ഏതെങ്കിലുമൊരു മൂലക്ക് ചുവന്ന കൊടി കാണുന്നതിനെയും ബ്ലര്‍ ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു. വിടുതലൈക്ക് മുമ്പ് ഞാന്‍ ചെയ്ത സിനിമകളില്‍ തെറിവിളിക്കുന്ന രംഗങ്ങളുണ്ട്. അതെല്ലാം കട്ട് ചെയ്യാത്ത സെന്‍സര്‍ ബോര്‍ഡാണ് കമ്മ്യൂണിസ്റ്റ് കൊടി ബ്ലര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്,’ വെട്രിമാരന്‍ പറയുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ സമ്മതം കിട്ടിയാല്‍ മാത്രമേ ഇന്ത്യയില്‍ സിനിമ ചെയ്യാന്‍ പറ്റുള്ളൂ എന്ന തിരച്ചറിവില്‍ വേണം മുന്നോട്ടു പോകാനെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമില്ലാത്ത സിനിമകള്‍ ചെയ്യാന്‍ മാത്രമാണ് ഇപ്പോള്‍ താരതമ്യേന എളുപ്പമെന്നും വെട്രിമാരന്‍ പറയുന്നു.

Content Highlight: Vetrimaaran about the double standards taken by Censor Board

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more