| Friday, 3rd October 2025, 7:16 pm

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ടി.ജെ.എസ് ജോര്‍ജ് അന്തരിച്ചു. 97 വയസായിരുന്നു. തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്നാണ് പൂര്‍ണനാമം. ബെംഗളൂരുവിലെ വസതിയില്‍ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

ഇന്ത്യയിലും വിദേശത്തുമായി 50 വര്‍ഷത്തിലേറെ കാലം മാധ്യമപ്രവര്‍ത്തനം നടത്തി. മലയാളത്തിലും ഇംഗ്ലീഷിലുമായി 20 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ചെയര്‍മാനായിരുന്നു.

രാജ്യം 2011ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി- കേസരി പുരസ്‌കാരം 2019ല്‍ നേടിയിട്ടുണ്ട്.

വി.കെ കൃഷ്ണമേനോന്‍, എം.എസ് സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീക്വാന്‍ യൂ തുടങ്ങിയവരുടെ ജീവചരിത്രം രചിച്ചിട്ടുണ്ട്. സ്വന്തം ഓര്‍മകക്കുറിപ്പായ ഘോഷയാത്രയും പ്രധാനപ്പെട്ട രചനയാണ്.

1928 മേയ് 7ന് പത്തനംതിട്ടയിലെ തുമ്പമണില്‍ മജിസ്‌ട്രേറ്റായിരുന്ന ടി.ടി ജേക്കബിന്റെയും ചാച്ചിയമ്മയുടെയും മകനായി ജനനം. 1950ല്‍ ഫ്രീപ്രസ് ജേണലിലൂടെയാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്.

ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയയീട്ട്, ദി സെര്‍ച്ച്‌ലൈറ്റ്, ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ എന്നീ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഹോങ്കോങ് ആസ്ഥാനമായ ഏഷ്യ വീക്കിന്റെ സ്ഥാപക പത്രാധിപരാണ്.

Content Highlight: Veteran journalist T.J.S. George passes away

We use cookies to give you the best possible experience. Learn more