| Saturday, 19th April 2025, 12:23 pm

അത് യൂറോപ്യന്‍ ഫുട്‌ബോളര്‍ ന്യൂമാനായിരുന്നില്ല, കോഴിക്കോട്ടുകാരന്‍ നുഅ്മാന്‍; ആദരാഞ്ജലികള്‍

ജാഫര്‍ ഖാന്‍

1990 ന്റെ തുടക്കത്തിലെന്നാണ് ഓര്‍മ്മ. മഞ്ചേരി റോവേഴ്സ് കപ്പിലെ യാസ് നിലമ്പൂര്‍ – സൂപ്പര്‍ സ്റ്റുഡിയോ മത്സരം. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ വിദേശശക്തികളുടെ ‘ആക്രമണങ്ങള്‍ക്ക്’ തുടക്കമായിട്ടില്ല. പകല്‍ വെളിച്ചത്തിലാണ് കളി. ടിക്കറ്റെടുത്ത് കവുങ്ങിന്‍ തടികളില്‍ തീര്‍ത്ത ഗ്യാലറിയുടെ മേലെ പടവിലേക്ക് പാഞ്ഞുകയറുമ്പോള്‍ ഇരുടീമുകളും വാംഅപ്പ് തുടങ്ങിയിരുന്നു.

യാസ് നിലമ്പൂരിന്റെ വെള്ള ജഴ്‌സിയയില്‍ ഒരു യൂറോപ്യന്‍ കളിക്കാരന്‍ ഇറങ്ങിയിരിക്കുന്നു. നീണ്ടു വെളുത്ത് ചെമ്പന്‍ ബുള്‍ഗാന്‍ താടിവെച്ച അദ്ദേഹത്തെ ഗ്രൗണ്ടില്‍ വേറിട്ടു തന്നെ കാണാം. ബഹളങ്ങളില്ലാതെ ഒരു പ്രൊഫഷനല്‍ ഫുട്‌ബോളറുടെ ഒതുക്കത്തോടെ ഷോള്‍ഡര്‍ റോള്‍ ചെയ്യുന്നു. അതിനിടെ ആരോ അദ്ദേഹത്തെ ചൂണ്ടി പറയുന്നത് കേട്ടു. അതാ.. ന്യൂമാന്‍. ഞാന്‍ ഉറപ്പിച്ചു, ക്ലിന്‍സ്മാനെ പോലെ ജര്‍മനിയില്‍ നിന്ന് വന്ന കളിക്കാരനാവും. ശരീരത്തിലും ഭാവങ്ങളിലും അയാള്‍ ഒരു മലയാളി അല്ലേയല്ല.

സ്റ്റോപ്പര്‍ സ്ഥാനത്ത് കൂളായി കളിക്കുകയും സഹതാരങ്ങള്‍ക്ക് അനായാസം പന്തെത്തിച്ചു നല്‍കുകയും ചെയ്യുന്ന ആ കളിക്കാരന്റെ ശൈലി ചിന്തയും ചിരിയും നല്‍കുന്നതായിരുന്നു. അന്ന് അദ്ദേഹത്തെ കടന്ന് ഒരു പന്തും യാസ് നിലമ്പൂരിന്റെ പോസ്റ്റില്‍ കയറിയില്ല. അമീനും മുഹമ്മദ് കുട്ടിയും ഷൗക്കത്തുമെല്ലാം ഒപ്പമുണ്ടായിരുന്നോ?

നുഅ്മാന്‍

കളികഴിഞ്ഞു. മഞ്ചേരി പഴയ സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ ശങ്കരേട്ടനും അപ്പുണ്ണിയും ആവേശത്തോടെ പറയുന്നത് കേട്ടു. ‘മൂപ്പര് ബോംബെ മഫതലാലിന്റെ കളിക്കാരനായിരുന്നു. ഒളിമ്പ്യന്‍ റഹ്‌മാന്റെ ഏട്ടന്റെ കുട്ടിയാണ്’. അപ്പോഴാണ് അത് വിദേശിയായ ‘ന്യൂമാന്‍’ അല്ലെന്നും കോഴിക്കോട്ടുകാരന്‍ നുഅ്മാന്‍ ആണെന്നും എനിക്ക് തിരിയുന്നത്.

കോഴിക്കോട് യങ് ചാലഞ്ചേഴ്‌സിലൂടെ കളി തുടങ്ങിയ നുഅ്മാന്‍ 1970/80 കളില്‍ പ്രശ്സതരായ ബോംബെ മഫതലാലിന്റെ സ്റ്റാര്‍ ഡിഫണ്ടറായിരുന്നു. ഹാര്‍വുഡ് ലീഗിലും റോവേഴ്സ് കാപ്പിലുമെല്ലാം അരവിന്ദ് മഫതലാലിന്റെ തുണി കമ്പനി ടീം വെന്നിക്കൊടി പാറിക്കുമ്പോള്‍ പ്രതിരോധം നുഅമാന്റെ കാലുകളിലാണ് വിശ്വാസമര്‍പ്പിച്ചത്.

ഭാസ്‌കര്‍ മീഠി, ശ്യാം ഥാപ്പ, രഞ്ജിത്ത് ഥാപ്പ, ബീര്‍ ബഹദൂര്‍, അമര്‍ ബഹദൂര്‍, മമ്പാട് റഹ്‌മാന്‍… കൂടെ കളിച്ചവരുട പേര് വായിച്ചാല്‍ നുഅ്മാന്റെ വിലയറിയാം. സുബ്രതോ ബട്ടചാര്യയൊക്കെ കളിക്കുന്ന കാലത്ത് നുഅ്മാന് ഒരിക്കല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും വിളി വരുന്നുണ്ട്.

സെവന്‍സില്‍ യാസ് നിലമ്പൂരിന് ഏറെ കാലം കളിച്ചു. ടൗണ്‍ ടീം അരീക്കോട് ഉള്‍പ്പെടെയുള്ള ടീമുകളിലും ഇറങ്ങി. ബോംബെയില്‍ നിന്ന് മടങ്ങിയ ശേഷം മാതാപിതാക്കളുടെ ജോലി കാരണം മഞ്ചേരിയില്‍ താമസമാക്കിയിരുന്ന നുഅ്മാന്‍ ഇന്ന് അന്തരിച്ചു.

ഒരു കാലത്ത് ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഉയര്‍ന്നിരുന്ന നുഅ്മാന്‍ എന്ന സാന്നിധ്യത്തിന് അദ്ദേഹത്തിന്റെ കളി ശൈലി പോലെ ശബ്ദമില്ലാത്ത ഫൈനല്‍ വിസില്‍.

content highlights: Veteran football player Numan passed away

ജാഫര്‍ ഖാന്‍

We use cookies to give you the best possible experience. Learn more