| Wednesday, 1st April 2026, 5:15 pm

ഷാജി പാപ്പനും കത്തനാരും; ട്രാക്ക് മാറ്റുന്ന ജയസൂര്യ: ബോക്‌സ് ഓഫീസിലെ അടുത്ത 100 കോടിയോ?

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയുടെ അവസാന വാക്കാണ് മോഹന്‍ലാലും മമ്മൂട്ടിയും എന്നാല്‍ ആരുടെ ചിത്രമെന്ന് നോക്കാതെ നല്ല സിനിമകളെ എന്നും മലയാളി പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മറ്റ് ഇന്റസ്ട്രികളില്‍ നിന്നും വ്യത്യസ്തമായി മാസ് മസാല ചിത്രങ്ങള്‍ക്കൊപ്പം തന്നെ റിയലിസ്റ്റിക് ചിത്രങ്ങള്‍ക്കും അഭിനേതാക്കള്‍ക്കും വലിയ മൂല്യം മലയാളി പ്രേക്ഷകര്‍ നല്‍കാറുണ്ട്.

ഇക്കൂട്ടത്തില്‍ മലയാളത്തില്‍ എന്നും വേഴ്‌സറ്റാലിറ്റി കാത്തുസൂക്ഷിക്കുന്ന അഭിനേതാവാണ് ജയസൂര്യ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി ഇപ്പോള്‍ പുറത്തിറങ്ങിയ ആട് 3 വണ്‍ ലാസ്റ്റ് റൈഡിലൂടെ മലയാളത്തില്‍ ചുരുക്കം ചില നടന്മാര്‍ മാത്രം സ്വന്തമാക്കിയ നൂറുകോടിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രം തിയേറ്ററുകളില്‍ കുതിപ്പ് തുടരുന്നതിനിടെയാണ് താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും പ്രതീക്ഷയേറിയ ബിഗ് ബജറ്റ് ചിത്രം കത്തനാറിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. വമ്പന്‍ സ്‌കെയിലില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.

വരാല്‍ ജെയ്‌സണും മുരളിയും. Photo: Facebook.com

ഇപ്പോള്‍ തിയേറ്ററുകളില്‍ കോമഡി ക്യാരക്ടറായ ഷാജി പാപ്പനായി ജയസൂര്യ അരങ്ങ് തകര്‍ക്കുമ്പോള്‍ തീര്‍ത്തും മറ്റൊരു ഗെറ്റപ്പിലാണ് കത്തനാറില്‍ ജയസൂര്യയുടെ പെര്‍ഫോമന്‍സ് എന്ന് വ്യക്തമാണ്. നീണ്ട മുടികളോട് കൂടി മന്ത്രവാദിയായി മാസ് ലുക്കിലുള്ള ജയസൂര്യയുടെ വിഷ്വലുകള്‍ പുറത്തുവന്നതോടെ ഒരു അഭിനേതാവെന്ന നിലയില്‍ താരത്തിന്റെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ സോഷ്‌യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

കരിയറില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള താരത്തിന്റെ പ്രധാനപ്പെട്ട ക്യാരക്ടറുകളാണ് മേരിക്കുട്ടിയും വരാല്‍ ജെയ്‌സണും മുരളിയും സുബിന്‍ ജോസഫുമെല്ലാം. ഒന്നില്‍ നിന്നും മറ്റൊന്ന് തീര്‍ത്തും വ്യത്യസ്തമായ ഈ കഥാപാത്രങ്ങളെല്ലാം അഭിനേതാവെന്ന നിലയില്‍ ജയസൂര്യയുടെ പൊട്ടന്‍ഷ്യല്‍ പ്രേക്ഷകര്‍ക്ക് തെളിയിച്ച് നല്‍കിയവയാണ്.

സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ 2018 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഞാന്‍ മേരിക്കുട്ടി. ചിത്രത്തില്‍ ട്രാന്‍സ് വുമണ്‍ ആയിട്ടായിരുന്നു ജയസൂര്യ വേഷമിട്ടിരുന്നത്. സമൂഹത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ലിംഗമാറ്റ ശാസ്ത്രക്രിയയെക്കുറിച്ചുമെല്ലാം സന്ദേശം നല്‍കിയ ചിത്രത്തിന്റെ നട്ടെല്ല് ജയസൂര്യയുടെ പ്രകടനമായിരുന്നു.

2013 ല്‍ പുറത്തിറങ്ങിയ ആന്തോളജിയായ ഡി കമ്പനിയിലെ ഗാങ്‌സ് ഓഫ് വടക്കുംനാഥനില്‍ വരാല്‍ ജെയ്‌സണ്‍ എന്ന ഗുണ്ടയായി ജയസൂര്യ വേഷമിട്ടിരുന്നു. പെണ്‍കുട്ടിയെ റാഗ് ചെയ്തത് ചോദ്യം ചെയ്യാന്‍ കോളേജിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് നടുവില്‍ മാസ് കാണിച്ച കഥാപാത്രമായുള്ള പ്രകടനത്തിന് ഇന്നും ആരാധകരേറെയാണ്.

സഹതാരമായെങ്കിലും മാധവ് രാംദാസ് സംവിധാനം ചെയ്ത് 2014 ല്‍ പുറത്തിറങ്ങിയ അപ്പോത്തിക്കിരിയില്‍ സുബിന്‍ ജോസെഫെന്ന മാനസിക രോഗിയായിട്ടുള്ള താരത്തിന്റെ പ്രകടനവും പ്രേക്ഷകരുടെ ഉള്ളം കീഴടക്കിയവയാണ്. ഇതിന് പുറമെ ജയസൂര്യയുടെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സുകളിലൊന്നായ വെള്ളം സിനിമയിലെ മുരളിയും ബ്യൂട്ടിഫുള്ളിലെ സ്റ്റീഫന്‍ ലൂയിസും ഇയ്യോബിന്റെ പുസ്തകത്തിലെ റാവുത്തറും സു.. സു.. സുധി വാത്മീകത്തിലെ വിക്കുള്ള കഥാപാത്രവുമെല്ലാം താരത്തെ മറ്റ് അഭിനേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നു.

അപ്പോത്തിക്കിരി. Photo: X.com

പതിനൊന്നോളം ചിത്രങ്ങളോട് നോ പറഞ്ഞ് വര്‍ഷങ്ങളുടെ സമയമെടുത്ത് ജയസൂര്യ ചെയ്ത കത്തനാറിന് ബോക്‌സ് ഓഫീസില്‍ നിന്നും മികച്ച പ്രതികരണം നേടാനായാല്‍ താരത്തിന്റെ കരിയറിലെ മറ്റൊരു നൂറ് കോടി ചിത്രമായി കത്തനാറിന് മാറാന്‍ സാധിക്കും എന്നതില്‍ ആര്‍ക്കും സംശയമില്ല. ഇതിനൊപ്പം ആട് 3യിലെ അവസാന ഭാഗവും പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നാല്‍ ഹാട് ട്രിക്ക് നൂറ് കോടിയെന്ന നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്.

Content Highlight: Versatile characters of Jayasurya in Malayalam Cinema

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more