കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി ഇന്ന്. രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പറയും.
12 മണിയോടെ വിധിയുണ്ടാകുമെന്നാണ് വിവരം. 2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നാണ് കേസ്.
പള്‍സര്‍ സുനിയും നടന്‍ ദിലീപും അടക്കം പത്ത് പേരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. പള്‍സര്‍ സുനി (എന്‍.എസ്. സുനില്‍)യാണ് കേസിലെ ഒന്നാം പ്രതി. പി. ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് കേസിലെ എട്ടാം പ്രതിയാണ്.
ഇന്ന് വിധി പറയുന്ന പശ്ചാത്തലത്തില്‍ 10 പ്രതികളും കോടതിയില്‍ ഹാജരാകും. മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്, സലിം, പ്രദീപ്, ചാര്‍ലി തോമസ്, സനില്‍കുമാര്‍, ജി. ശരത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ദിലീപിന്റെ സുഹൃത്തായ ജി. ശരത് കേസിലെ 15ാം പ്രതിയാണ്.
ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, അന്യായതടങ്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമണം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, പ്രേരണാക്കുറ്റം, ഐ.ടി നിയമപ്രകാരം സ്വകാര്യ ചിത്രമോ-ദൃശ്യമോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യല്‍, പൊതു ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഏഴാം പ്രതിയായ ചാര്‍ലി തോമസിനെതിരെ പ്രതിയെ ഒളിപ്പിച്ചതിനും രക്ഷപെടാന്‍ സഹായിച്ചതിനുമുള്ള കുറ്റമാണ് ചുമത്തിയത്. ഒമ്പതാം പ്രതി സനില്‍കുമാറിനെതിരെ ക്രിമിനല്‍ ഗൂഢാലോചന, പ്രേരണാക്കുറ്റം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് കേസെടുത്തത്.
തെളിവ് നശിപ്പിക്കലിനുള്ള കുറ്റമാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ദിലീപിനെതിരെയും തെളിവ് നശിപ്പിച്ചതിനുള്ള തെളിവുകളുണ്ട്.
കേസില്‍ 261 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 833 രേഖകളില്‍ 68 എണ്ണം ഫയലില്‍ സ്വീകരിച്ചു. 142 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.
കേസിലെ സാക്ഷിവിസ്താരത്തിനായി 438 ദിവസമാണ് വേണ്ടി വന്നത്. മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 294 ദിവസവുമെടുത്തു. അഭിനേതാക്കളായ സിദ്ദിഖ്, ഭാമ, ബിന്ദു പണിക്കര്‍, ഇടവേള ബാബു അടക്കം 28 പേര്‍ കൂറുമാറി.
2018 മാര്‍ച്ച് എട്ടിനാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. ഡി.വൈ.എസ്.പി ബൈജു പൗലോസിനായിരുന്നു അന്വേഷണത്തിന്റെ ചുമതല.
Content Highlight: Verdict in actress attack case today, 261 witnesses, 833 documents