| Tuesday, 13th January 2026, 7:34 pm

വിധി നിരാശാജനകം; ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചതില്‍ മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍

Mohammed Nabeel

ന്യൂദല്‍ഹി: ദല്‍ഹി കലാപ ഗൂഢാലോചനാക്കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാനിനും ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജിമാരായിരുന്ന മദന്‍ ബി. ലോകൂറും സുധാന്‍ഷു ധൂലിയയും.

ജാമ്യം നിഷേധിച്ചതില്‍ ദുഖമുണ്ടെന്ന് ലോകൂറും വിധി നിരാശാജനകമാണെന്നാണ് ധൂലിയയും പ്രതികരിച്ചു. ഉമര്‍ ഖാലിദിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സംഘടിപ്പിച്ച ഒരു ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

വിചാരണയിലെ കാലതാമസവും അപ്പീലുകാരെ ദീര്‍ഘകാലമായി തടവിലാക്കിയതും വലിയ തെറ്റാണെന്ന് ജസ്റ്റിസ് ലോകൂര്‍ പറഞ്ഞു. 2020ലാണ് ഖാലിദും ഇമാമും അറസ്റ്റ് ചെയ്യപ്പെടുന്നത്. എന്നാല്‍ 2023ലാണ് സെക്ഷന്‍ 207 പ്രകാരം കോടതി വ്യവഹാരങ്ങള്‍ ആരംഭിക്കുന്നത്.

‘വിധിയില്‍ ഞാന്‍ ഒട്ടും സന്തുഷ്ടനല്ല. വിധി പൂര്‍ണമായും തെറ്റാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോടതിക്ക് കൈമാറുന്നതില്‍ വന്ന കാലതാമസത്തില്‍ എങ്ങനെയാണ് അപ്പീലുകാരന്‍ ഉത്തരവാദിയാകുന്നത്,’ മദന്‍ ലോകൂര്‍ പറഞ്ഞു.

യു.എ.പി.എ നിയമം സെക്ഷന്‍ 15 പ്രകാരം തീവ്രവാദകുറ്റം ചുമത്തിയതിനെയും ജസ്റ്റിസ് ലോകൂര്‍ ചോദ്യം ചെയ്തു. ‘അവര്‍ എന്ത് തെറ്റാണ് ചെയ്തത്? ചില മീറ്റിങ്ങുകളില്‍ പങ്കെടുത്തു, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി, പ്രസംഗിച്ചു, ലഖുലേഖകള്‍ പ്രചരിപ്പിച്ചു… ഇതൊക്കെയാണോ തീവ്രവാദ പ്രവര്‍ത്തനം?,’ അദ്ദേഹം ചോദിച്ചു.

‘ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയ്ക്ക് ഈ വിധി ഏറെ നിരാശാജനകമാണ്,’ ധൂലിയ പറഞ്ഞു. യൂണിയന്‍ ഓഫ് ഇന്ത്യ v/s കെ.എ. നജീബ് എന്ന കേസില്‍ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായും ജസ്റ്റിസ് ധൂലിയ ചൂണ്ടിക്കാട്ടി.

യു.എ.പി.എ സെക്ഷന്‍ 43D(5)ന്റെ കാഠിന്യം ഉണ്ടായിരുന്നിട്ടും ദീര്‍ഘകാല തടവും വിചാരണ നേരത്തെ പൂര്‍ത്തിയാക്കാനുള്ള സാധ്യതയും ജാമ്യം നല്‍കാനുള്ള കാരണമാണെന്ന് നജീബ് അഭിപ്രായപ്പെട്ടതെന്ന് ധൂലിയ പ്രതികരിച്ചു.

ഉമര്‍ ഖാലിദ് കേസിലെ വിധിന്യായത്തില്‍ ദീര്‍ഘകാല തടവിന്റെ വശം മാത്രമേ പരിഗണിച്ചിട്ടുള്ളൂ. വിചാരണ പൂര്‍ത്തിയാകാനുള്ള സാധ്യതയെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല.

നജീബ് കേസില്‍ 200 സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ട്. ഖാലിദിനെതിരായ കേസില്‍ 900 സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ടെന്നും അതിനാല്‍ സമീപഭാവിയില്‍ വിചാരണ പൂര്‍ത്തിയാക്കുക എന്നത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട 750 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിലൊന്നിലും ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും പ്രതികളായിട്ടില്ലെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അവരെ ഒരു പാഠം പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Verdict disappointing; Former Supreme Court judges condemn denial of bail to Umar Khalid and Sharjeel Imam

Mohammed Nabeel

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more