| Wednesday, 25th March 2026, 7:05 pm

ആദ്യമായി നിര്‍മിച്ച പടം പൊട്ടി, ട്രോള്‍ മെറ്റീരിയലായി, ഇന്ന് രണ്ട് 100 കോടി പടങ്ങള്‍, ആട് 3 ജയസൂര്യയുടെ മാത്രമല്ല, വേണുവിന്റെയും കംബാക്കാ

അമര്‍നാഥ് എം.

ഈ വര്‍ഷം മോളിവുഡിലെ ആദ്യത്തെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് ആട് 3. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി പാപ്പനും ടീമും തിരിച്ചുവരുമ്പോള്‍ ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും ഇനിയും തകരുമെന്നാണ് കണക്കുകൂട്ടല്‍.

ചിത്രത്തിന്റെ വിജയത്തില്‍ പലരും മറന്നുപോകുന്ന ഒരു പേരാണ് വേണു കുന്നപ്പിള്ളിയുടേത്. ആട് 3യുടെ നിര്‍മാതാക്കളില്‍ ഒരാളായ വേണു കുന്നപ്പിള്ളി പല നിര്‍മാതാക്കള്‍ക്കും ഒരു പ്രചോദനമാണ്. പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളി സിനിമയോടുള്ള മോഹം കൊണ്ട് 2018ലാണ് ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവരുന്നത്.

പക്ഷേ, ആദ്യചിത്രം വേണുവിന് കയ്‌പ്പേറിയ അനുഭവമായി മാറി. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ എം. പദ്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി. എന്നാല്‍ അതിനെക്കാള്‍ ചര്‍ച്ചയായത് ചിത്രത്തിന്റെ കളക്ഷന്‍ പോസ്റ്ററുകളാണ്. 50 കോടി പോലും നേടാത്ത ചിത്രം 130 കോടിയിലേറെ നേടിയെന്ന് പറഞ്ഞുകൊണ്ട് പുറത്തുവിട്ട പോസ്റ്ററുകളും കേക്ക് മുറിക്കല്‍ ആഘോഷവും ഇന്നും ട്രോള്‍ മെറ്റീരിയലാണ്.

മാമാങ്കത്തിന് ശേഷം ഒരുപാട് കാലത്തേക്ക് വേണു കുന്നപ്പിള്ളിയുടെ പേര് എവിടെയും കേട്ടില്ല. ഇതിനിടയില്‍ സ്വിഗ്ഗി എന്ന ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമില്‍ വേണു ജോലിക്ക് കയറിയെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പരന്നു. ‘സ്വിഗ്ഗി വേണു’ എന്ന ഇരട്ടപ്പേരും ചിലര്‍ വേണു കുന്നപ്പിള്ളിക്ക് സമ്മാനിച്ചു. എന്നാല്‍ തോറ്റ് പിന്മാറാന്‍ തയാറാകാത്ത വേണുവിന്റെ തിരിച്ചുവരവിനാണ് മോളിവുഡ് സാക്ഷ്യം വഹിച്ചത്.

പുലിമുരുകന് പോലും തൊടാനാകാത്ത ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയ 2018 എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ വേണുവായിരുന്നു. പിന്നീട് മാളികപ്പുറം, ചാവേര്‍ എന്നീ ചിത്രങ്ങളിലും വേണു നിര്‍മാണപങ്കാളിയായി മാറി. കഴിഞ്ഞവര്‍ഷത്തെ വന്‍ വിജയങ്ങളിലൊന്നായ രേഖാചിത്രത്തിന്റെ നിര്‍മാതാവും അദ്ദേഹം തന്നെയായിരുന്നു.

ഇപ്പോഴിതാ ആട് 3യുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമാകുന്നില്ല. ആദ്യ ചിത്രത്തിന് ലഭിച്ച ട്രോളുകളും പരിഹാസങ്ങളും മുന്നോട്ട് കുതിക്കാനുള്ള ഇന്ധനമാക്കി മാറ്റിയാണ് വേണു ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധ നേടുന്നത്. കോമഡി ഴോണറില്‍ എപിക് ഫാന്റസി എന്നീ ഴോണറും മിക്‌സ് ചെയ്തുകൊണ്ടുള്ള പരീക്ഷണമാണ് ആട് 3യില്‍. ഇത്രയും വലിയൊരു പരീക്ഷണചിത്രത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്തത് കൈയടി അര്‍ഹിക്കുന്ന കാര്യമാണ്.

Content Highlight: Venu Kunnappilly’s comeback as a producer in Aadu 3 movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more