| Saturday, 25th July 2026, 10:11 pm

സൂര്യയുടെ നായികയായി മമിതയോ? അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ പലരും നെറ്റിചുളിച്ച കാര്യം സിനിമ കാണുമ്പോള്‍ ഓക്കെയാകും: വെങ്കി അട്‌ലൂരി

അമര്‍നാഥ് എം.

കറുപ്പിന്റെ വന്‍ വിജയത്തിന് ശേഷം സൂര്യ നായകനായെത്തുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. ഏറെക്കാലമായി നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാതിരുന്ന സൂര്യക്ക് ഗംഭീര കംബാക്കായിരുന്നു കറുപ്പിലൂടെ ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ 300 കോടിയിലേറെ നേടി ചരിത്രവിജയമാണ് സൂര്യ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ഇനി പുറത്തിറങ്ങാനുള്ള വിശ്വനാഥ് ആന്‍ഡ് സണ്‍സിലും ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയാണ്.

സൂര്യയുടെ 46ാമത് ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. മലയാളികളുടെ സ്വന്തം മമിത ബൈജുവാണ് സൂര്യയുടെ നായിക. അനൗണ്‍സ്‌മെന്റ് മുതല്‍ പലരും നെറ്റി ചുളിച്ച കാര്യമായിരുന്നു സൂര്യ- മമിത കോമ്പോ. 22 വയസുകാരിക്ക് 42 കാരനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ കഥയെന്ന് ടീസറും സൂചന നല്‍കിയതോടെ ഇരുവരുടെയും കെമിസ്ട്രി സിനിമാലോകത്ത് ചര്‍ച്ചയായി.

ഇപ്പോഴിതാ സൂര്യ- മമിത കോമ്പോയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വെങ്കി അട്‌ലൂരി. ചിത്രം അനൗണ്‍സ് ചെയ്തതുമുതല്‍ പലരും ഈയൊരു കോമ്പോ അമ്പരപ്പോടെയാണ് നോക്കിക്കണ്ടതെന്ന് വെങ്കി പറഞ്ഞു. സൂര്യയുടെ നായികയായി ഇത്രയും ചെറിയ പ്രായമുള്ളയാളെ കാസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് പലരും ചോദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു വെങ്കി അട്‌ലൂരി.

‘സ്‌ക്രിപ്റ്റ് ഡിസ്‌കസ് ചെയ്യുമ്പോള്‍ തന്നെ ‘ആളുകള്‍ ഇതിനെ കീറിമുറിക്കും, പക്ഷേ, സത്യം നമുക്ക് മാത്രമേ അറിയുള്ളൂ’ എന്നായിരുന്നു സൂര്യ സാര്‍ പറഞ്ഞത്. ഒരു ചെറുപ്പക്കാരിക്ക് മധ്യവയസ്‌കനായ ഒരാളോട് പ്രേമം തോന്നുന്നതിനെ ആള്‍ക്കാര്‍ തെറ്റായിട്ടേ കാണുള്ളൂ. പക്ഷേ, മമിത ബൈജുവിനെ കാസ്റ്റ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു ടോം ആന്‍ഡ് ജെറി വൈബേ തോന്നുള്ളൂ.

മമിതയുടെ ഇന്നസെന്‍സും ഫണ്ണും എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത്തരം കഥകള്‍ക്ക് വളരെ തിന്‍ ആയിട്ടുള്ള ഒരു മോറല്‍ ലൈനാണുള്ളത്. ആ ലൈന്‍ മറികടന്നാല്‍ ആളുകള്‍ക്ക് ഈ കഥ മോശമായി തോന്നും. പക്ഷേ, ഈ സിനിമ പറയുന്നത് സത്യമായിട്ടുള്ള കാര്യമാണ്. അത് തിയേറ്ററില്‍ കാണുമ്പോള്‍ ആളുകള്‍ക്ക് ഇഷ്ടമാകുമെന്ന് ഉറപ്പാണ്,’ വെങ്കി അട്‌ലൂരി പറയുന്നു.

ടീസര്‍ റിലീസായതിന് ശേഷം ചിത്രത്തിന്റെ കഥയെക്കുറിച്ച് പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത് താന്‍ ശ്രദ്ധിക്കാറുണ്ടെന്ന് വെങ്കി പറഞ്ഞു. റെഡ്ഡിറ്റ് അടക്കം പല പ്ലാറ്റ്‌ഫോമിലും കണ്ടെന്നും എന്നാല്‍ അതൊന്നുമല്ല ചിത്രത്തിന്റെ കഥയെന്നും അത് തിയേറ്ററില്‍ നിന്ന് കണ്ടറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Venky Atluri about casting Mamitha Baiju as heroine for Suriya

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more