| Sunday, 10th August 2025, 8:48 am

എന്റെ കൂടെ ഫോട്ടോയെടുക്കാന്‍ ആന്ധ്രയില്‍ നിന്നുള്ളവര്‍ വരെ ഇഡലികടയില്‍ വന്നു: വെങ്കിടേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് വെങ്കിടേഷ്. മഴവില്‍ മനോരമയില്‍ തന്നെ സംപ്രേക്ഷണം ചെയ്തിരുന്ന ഉടന്‍ പണം എന്ന ഷോയില്‍ സഹഅവതാരകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിന്നീട് സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെയും വില്ലന്‍ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം എല്ലാവര്‍ക്കും സുപരിചിതനായി. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന വിജയ് ദേവരകൊണ്ട  ചിത്രം കിങ്ഡത്തില്‍ വെങ്കിടേഷും അഭിനയിക്കുന്നു. സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. കേരളത്തിലും കിങ്ഡത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കിങ്ഡം സിനിമ തന്റെ അമ്മ കണ്ടിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘ സിനിമ കണ്ടിട്ട് അമ്മക്ക് ഭയങ്കര സന്തോഷമായിരുന്നു. സാധാരണ വെട്ടും കുത്തുമൊക്കെ ഉണ്ടെങ്കില്‍ അവര്‍ക്ക് കാണാന്‍ ബുദ്ധിമുട്ടായിരിക്കും. അമ്മക്ക് അങ്ങനെയൊന്നും ഇല്ല. രഘുവരന്റെ ഫാന്‍ ഗേളാണ്. സിനിമയില്‍ കണ്ടപ്പോള്‍ എന്റേത് ഒരു വലിയ കഥാപാത്രം. അമ്മക്കും അറിയില്ല ഞാന്‍ ഇത്രയും വലിയൊരു റോളാണ് ചെയ്യുന്നതെന്ന്. എനിക്കിങ്ങനെയുള്ള ഫൈറ്റ് സ്വീകന്‍സ് ഉണ്ടെന്നുള്ള കാര്യമൊന്നും അമ്മക്കറിയില്ല. ഇതെല്ലാം കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായി.

എന്റെ വീട്ടില്‍ ‘വെങ്കിയുണ്ടോ വെങ്കിയുടെ ഒരു ഇന്റര്‍വ്യൂ വേണം’ എന്ന് ചോദിച്ച് ഒരാള്‍ വന്നു. അപ്പോള്‍ എന്റെ അമ്മയുടെ മൈന്‍ഡ് സെറ്റൊന്ന് ആലോചിച്ച് നോക്കൂ. എന്റെ ഇഡ്‌ലി കടയില്‍ ആന്ധ്രയില്‍ നിന്ന് ആളുകള്‍ വന്നിട്ട് വെങ്കിയുണ്ടോ ഞങ്ങള്‍ക്ക് വെങ്കിയുടെ കൂടെ ഫോട്ടോ എടുക്കണം എന്ന് ചോദിച്ചു. അമ്മക്ക് നല്ല അഭിമാനമാണ് എന്നെകുറിച്ച്,’ വെങ്കിടേഷ് പറയുന്നു.

കിങ്ഡം

ഗൗതം ടിന്നനൂരി രചനയും സംവിധാനവും നിര്‍വഹിച്ച് ജൂലൈ 31 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് കിങ്ഡം. സിത്താര എന്റര്‍ടൈന്‍മെന്റ്സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ നാഗ വംശിയും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content highlight:  Venkitesh V.P says his mother saw the movie Kingdom

We use cookies to give you the best possible experience. Learn more