വിജയ് ദേവരകൊണ്ട നായകനായി ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രമാണ് കിങ്ഡം. ചിത്രത്തിലെ നായകന്‍ വിജയ് ദേവരകൊണ്ട ആണെങ്കിലും ഓഡിയോ ലോഞ്ചിലെ പ്രസംഗം മുതല്‍ സിനിമയിലെ പ്രകടനം കൊണ്ടും ശ്രദ്ധേയനായത് മലയാളിയായ വെങ്കിടേഷാണ്. കിങ്ഡം എന്ന ഒറ്റ ചിത്രംകൊണ്ട് തെലുങ്കില്‍ വരെ ആരാധകരെ സ്വന്തമാക്കാന്‍ വെങ്കിയ്ക്കായി.
ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വെങ്കിടേഷ്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ പഠിച്ചില്ലായിരുന്നെങ്കില്‍ താനൊരിക്കലും സിനിമ നടനാകില്ലായിരുന്നുവെന്ന് വെങ്കിടേഷ് പറയുന്നു. പഠിക്കുന്ന സമയത്ത് ക്ലാസില്‍ നിന്ന് ചാടിയാണ് സിനിമക്ക് പോയതെന്ന് വെങ്കി പറഞ്ഞു.
‘പ്ലസ് വണ്‍, പ്ലസ് ടു പഠിക്കുമ്പോള്‍ ബെസ്റ്റ് ആക്ടര്‍ സിനിമ കാണുന്ന സമയത്താണ് നടനായാല്‍ നന്നാകുമെന്ന് തോന്നിയത്. ബി.കോം എത്തിയപ്പോഴേക്കും കുറച്ചുകൂടെ ആഗ്രഹം വന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ ഫുള്‍ സപ്പോര്‍ട്ട്, ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലിയാണ് ഞങ്ങളുടേത്.
അച്ഛനും അമ്മയ്ക്കും വേണമെങ്കില്‍ പറയാം ‘ഒരു ജോലി ആദ്യം ശരിയാക്ക്. ലൈഫ് ഒന്നു സുരക്ഷിതമാക്കിയിട്ട് അഭിനയിക്കാനൊക്കെ പൊയ്‌ക്കോ’എന്ന് പക്ഷേ, എന്നെ ഞെട്ടിച്ചു കൊണ്ട് അവര്‍ പറഞ്ഞത് ‘അതിനെന്ത്… നീ പൊയ്‌ക്കോ’ എന്നായിരുന്നു,’ വെങ്കിടേഷ് പറയുന്നു.
ആവശ്യത്തില്‍ കൂടുതല്‍ വിനയമായിരുന്നു തുടക്കത്തില്‍ തന്റെ പ്രശ്‌നമെന്നും സാധാരണക്കാരില്‍ സാധാരണക്കാരനായ തനിക്ക് അങ്ങനെ മാത്രമേ പെരുമാറാന്‍ അറിയുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറിയ കാര്യങ്ങളില്‍ വിഷമിക്കുന്ന, അടുത്ത കൂട്ടുകാരിലാരെങ്കിലും വിളിച്ചില്ലെങ്കില്‍ പരിഭ്രമിക്കുന്ന അത്ര സെന്‍സിറ്റീവായിരുന്നു താന്‍ എന്നും വെങ്കി പറഞ്ഞു. മഴവില്‍ മനോരമയിലെ നായികാ നായകന്‍, ഉടന്‍ പണം എന്നീ റിയാലിറ്റി ഷോകള്‍ തന്റെ മൈലേജ് കൂട്ടാന്‍ സഹായിച്ചുവെന്നും വെങ്കിടേഷ് പറയുന്നു.
Content Highlight: Venkitesh talks anout his film journey