| Wednesday, 30th July 2025, 6:48 am

ഒമ്പത് വര്‍ഷത്തെ എന്റെ കഷ്ടപ്പാടിന്റെ ഫലം; ആദ്യമായി കാരവന്‍ ലഭിച്ച ചിത്രം: വെങ്കിടേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടനാണ് വെങ്കിടേഷ്. ചെറിയ വേഷങ്ങളിലൂടെയും വില്ലന്‍ കഥാപാത്രങ്ങളിലൂടെയുമാണ് അദ്ദേഹം പ്രേക്ഷകരിക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വെങ്കിടേഷ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ്ഡം. വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ചിത്രത്തിലെ വില്ലനാണ് വെങ്കിടേഷ് എന്നാണ് സൂചന.

ഇപ്പോള്‍ കിങ്ഡം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ഒമ്പത് വര്‍ഷത്തെ തന്റെ കഷ്ടപ്പാടാണ് ഈ ചിത്രമെന്ന് വെങ്കിടേഷ് പറയുന്നു. ഇത്രയും വലിയൊരു സ്റ്റേജില്‍ താന്‍ ആദ്യമായാണ് നിന്ന് സംസാരിക്കുന്നതെന്നും ഇത് തന്റെ സ്വപ്നമായിരുന്നുവെന്നും വെങ്കിടേഷ് പറഞ്ഞു.

‘മലയാള സിനിമകളിലെയും സീരിയലുകളെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നു ഞാന്‍. അത് കഴിഞ്ഞ് ഒരു ഡയലോഗുള്ള റോളുകളെല്ലാം കിട്ടാന്‍ തുടങ്ങി. പിന്നീട് ചെറിയ സിനിമകളില്‍ വില്ലന്‍ വേഷങ്ങത്തിലും സഹനടനായും അഭിനയിച്ചു. കിങ്ഡം വരെ എത്താന്‍ എനിക്ക് ഒമ്പത് വര്‍ഷമാണ് വേണ്ടിവന്നത്,’ വെങ്കിടേഷ് പറഞ്ഞു.

കിങ്ഡം നിര്‍മിക്കുന്നത് സിതാര എന്റെര്‍റ്റൈന്മെന്റ്‌സ് ആണ്. താന്‍ അഭിനയിച്ച ബെസ്റ്റ് പ്രൊഡക്ഷന്‍ ഹൗസ് സിതാര എന്റെര്‍റ്റൈന്മെന്റ്‌സ് ആണെന്നും ഇനിയും നല്ല സിനിമകളും കഥാപാത്രങ്ങളും ആ പ്രൊഡക്ഷന്‍ ഹൗസില്‍ നിന്ന് തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ഒരു ഹീറോ ആകണം. ഹീറോ ആകാന്‍ വേണ്ടിയാണ് ഞാന്‍ പരിശ്രമിക്കുന്നത്. ഞാന്‍ കാരവന്‍ ഡോര്‍ തുറക്കുന്ന ആദ്യത്തെ സിനിമയാണ് ഇത്. എനിക്ക് ആദ്യമായി ഒരു കാരവന്‍ ലഭിക്കുന്നത് കിങ്ഡം എന്ന സിനിമയിലൂടെയാണ്,’ വെങ്കിടേഷ് പറയുന്നു.

കഴിഞ്ഞ ദിവസം വെങ്കിടേഷിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് നടന്‍ വിജയ് ദേവരകൊണ്ടയും രംഗത്ത് വന്നിരുന്നു.

‘ഇത് അദ്ദേഹത്തിന്റെ വെറും നാലാമത്തെ ചിത്രം മാത്രമാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോള്‍ ഇത് അവന്റെ ലോകമാണ് എന്നാണ് എനിക്ക് തോന്നിയത്. കിടിലന്‍ ആക്ടര്‍ ആണ് വെങ്കി. തീക്ഷ്ണതയുള്ള കണ്ണുകളാണ് അവന്. നമുക്ക് പിടിച്ച നില്‍ക്കാന്‍ കഴിയാത്ത അത്ര എനര്‍ജിയും വളരെ മനോഹരമായ വ്യക്തിത്വത്തിന് ഉടമയുമാണ്. ഈ സിനിമ തീര്‍ച്ചയായും അവന്റെ കരിയറിലെ ഒരു നാഴികക്കല്ലാകും,’ വിജയ് ദേവരകൊണ്ട പറയുന്നു.

ജേഴ്‌സി എന്ന ഹിറ്റിന് ശേഷം ഗൗതം തിന്നനുരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിങ്ഡം. തന്റെ ജ്യേഷ്ഠനെ അന്വേഷിച്ച് ശ്രീലങ്കയിലേക്ക് പോകുന്ന സൂര്യ എന്ന പൊലീസ് കോണ്‍സ്റ്റബിളായാണ് വിജയ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ശ്രീലങ്കയിലെത്തുന്ന സൂര്യ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജൂലൈ 31ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Venkitesh Talks About Kingdom Movie

We use cookies to give you the best possible experience. Learn more