തെലുങ്ക് ചിത്രം കിങ്ഡം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി കളമൊഴിഞ്ഞപ്പോള്‍ പലരും പ്രശംസിച്ചത് മലയാളി താരമായി വെങ്കിടേഷിനെയായിരുന്നു. മുരുകന്‍ എന്ന വില്ലനായി അതിഗംഭീര പ്രകടനമാണ് വെങ്കിടേഷ് കാഴ്ചവെച്ചത്. തെലുങ്കിലെ തന്റെ ആദ്യചിത്രത്തിലെ പ്രകടനം തന്നെ അവിസ്മരണീയമാക്കാന്‍ വെങ്കിക്ക് സാധിച്ചു.
റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയെങ്കിലും എടുത്തു പറയത്തക്ക മികച്ച വേഷങ്ങള്‍ വെങ്കിടേഷിന് ഇല്ലായിരുന്നു. തട്ടുംപുറത്ത് അച്യുതന്‍, വെളിപാടിന്റെ പുസ്തകം, ഒടിയന്‍ തുടങ്ങി വമ്പന്‍ ചിത്രങ്ങളുടെ ഭാഗമാകാന്‍ വെങ്കിടേഷിന് സാധിച്ചു. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റില്‍ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് വെങ്കിടേഷ്.
കൂലിയുടെ ഷൂട്ടിനിടെ രജിനികാന്തിനെ കാണാന്‍ സാധിച്ചെന്നും ആ സിനിമയുടെ ഷൂട്ട് കണ്ട് താന്‍ അന്തം വിട്ടെന്നും വെങ്കിടേഷ് പറഞ്ഞു. ഈ പ്രായത്തിലും രജിനികാന്ത് ഓരോ സീനിനെയും സമീപിക്കുന്ന രീതി എല്ലാവരും കണ്ട് പഠിക്കേണ്ടതാണെന്നും തനിക്ക് അത് ഒരു ഇന്‍സ്പിറേഷനായെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘രജിനി സാറിനെപ്പോലെ ഞാന്‍ നേരിട്ട് കണ്ട് പഠിച്ച മറ്റൊരു നടനാണ് മമ്മൂക്ക. പ്രീസ്റ്റില്‍ എന്നെ സജസ്റ്റ് ചെയ്തത് മമ്മൂക്കയായിരുന്നു. സെറ്റില്‍ ഞാന്‍ എത്തിയെന്നറിഞ്ഞപ്പോള്‍ മമ്മൂക്ക എന്നെ കാരവനിലേക്ക് വിളിപ്പിച്ചു. ‘നീയെന്താ ഇവിടെ?’ എന്ന് മമ്മൂക്ക ചോദിച്ചു. ജോഫിന്‍ ചേട്ടന്‍ വിളിച്ചിട്ടാണ് വന്നതെന്ന് പറഞ്ഞു. എന്നെപ്പറ്റി ജോഫിന്‍ ചേട്ടനോട് മമ്മൂക്ക ചോദിച്ചു. പുള്ളിയും നല്ല അഭിപ്രായം പറഞ്ഞു.
ആ പടത്തില്‍ ഒരു സീന്‍ എടുക്കുന്നതിനിടയില്‍ ഞാന്‍ രണ്ട് ടേക്ക് അധികം പോയി. എനിക്ക് നല്ല പേടിയുണ്ടായിരുന്നത് കൊണ്ടാണ് തെറ്റിയത്. ആ സമയത്ത് എല്ലാ അസിസ്റ്റന്റ് ഡയറക്ടേഴ്‌സും എന്നോട് ചൂടായി. മമ്മൂക്ക അത് കണ്ടിട്ട് ‘നിങ്ങള്‍ എല്ലാവരും കൂടി എന്റെ കുട്ടിയ ഉപദ്രവിക്കരുത്’ എന്ന് പറഞ്ഞ് എന്നെ പ്രൊട്ടക്ട് ചെയ്തു. അത് എനിക്ക് വലിയൊരു എക്‌സ്പീരിയന്‍സായിരുന്നു,’ വെങ്കിടേഷ് പറയുന്നു.
താന്‍ സിനിമാലോകത്ത് ഒരു റൗണ്ട് ഓടുമെന്ന് മമ്മൂട്ടി ആ സിനിമയുടെ പ്രൊമോഷന്‍ സമയത്ത് പറഞ്ഞിരുന്നെന്ന് വെങ്കിടേഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അദ്ദേഹം തന്നില്‍ അര്‍പ്പിച്ച പ്രതീക്ഷ തനിക്ക് കാക്കാനായില്ലെന്നും പേടി കാരണമാണ് അത് സംഭവിച്ചതെന്നും താരം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ആ പേടി മാറിയെന്നും അദ്ദേഹം പറയുന്നു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു വെങ്കിടേഷ്.
Content Highlight: Venkitesh shares the support he got from Mammootty