| Saturday, 16th August 2025, 7:07 am

ലാലേട്ടന്റെ സിനിമയിലൂടെ എന്‍ട്രി കിട്ടി; പക്ഷേ ഡയലോഗ് ഉണ്ടായിരുന്നില്ല: വെങ്കിടേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് വെങ്കിടേഷ്. ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. തമിഴ് തെലുങ്ക് ഭാഷകളില്‍ നടന്‍ അഭിനയിച്ചിട്ടുണ്ട്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന വിജയ് ദേവരകൊണ്ട ചിത്രം കിങ്ഡത്തില്‍ വെങ്കിടേഷ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇപ്പോള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിനയമോഹം എപ്പോഴാണ് തന്റെ കൂടെക്കൂടിയതെന്ന് വെങ്കിടേഷ് പറയുന്നു.

‘തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ പഠിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ നടനൊന്നും ആകില്ല. സ്‌കൂള്‍ ബങ്ക് ചെയ്തായിരുന്നു സിനിമയ്ക്ക് പോക്ക്. പ്ലസ് വണ്‍ പ്ലസ് ടൂ പഠിക്കുമ്പോള്‍ ബെസ്റ്റ് ആക്ടര്‍ സിനിമ കാണുന്ന സമയത്താണ് നടനായാല്‍ നന്നാകുമെന്ന് തോന്നിയത്. ബി.കോം എത്തിയപ്പോഴേക്കും കുറച്ചു കൂടെ ആഗ്രഹം വന്നു,’ വെങ്കിടേഷ് പറഞ്ഞു.

വീട്ടില്‍ പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഫുള്‍ സപ്പോര്‍ട്ടായിരുന്നുവെന്നും തങ്ങളൊരു ലോവര്‍ മിഡില്‍ ക്ലാസ് ഫാമിലിയാണെന്നും നടന്‍ പറയുന്നു.

‘അച്ഛനും അമ്മയ്ക്കും വേണമെങ്കില്‍ പറയാം ‘ഒരു ജോലി ആദ്യം ശരിയാക്ക്, ലൈഫ് ഒന്നു സുരക്ഷിതമാക്കിയിട്ട് അഭിനയിക്കാനൊക്കെ പൊയ്‌ക്കോ ‘എന്ന്. പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട് അവര്‍ പറഞ്ഞത് ‘അതിനെന്ത് നീ പൊയ്‌ക്കോ’ എന്നായിരുന്നു,’വെങ്കിടേഷ് പറയുന്നു.

ഡയലോഗ് ഇല്ലാതെ സിനിമയില്‍ ആദ്യമായി അവസരം കിട്ടിയപ്പോഴുള്ള അനുഭവവും വെങ്കിടേഷ് പങ്കുവെച്ചു. ഓരോ സിനിമ ഇറങ്ങുമ്പോഴും അസിസ്റ്റന്റുമാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും താന്‍ മെസേജ് അയയ്ക്കുമെന്നും അവരോട് അവസരം ചോദിക്കുമെന്നും അദ്ദേഹം പറയുന്നു.

‘സംവിധായകന് നേരിട്ടയച്ചാല്‍ ചിലപ്പോള്‍ അവര്‍ കാണണമെന്നില്ല. അങ്ങനെ ചീഫ് അസോഷ്യേറ്റ് ഡയറ ക്ടറായ അനില്‍ എബ്രഹാം ചേട്ടനാണ് ആദ്യത്തെ അവസരം തന്നത് വെളിപാടിന്റെ പുസ്തകത്തില്‍ ഡയലോ ഗില്ലാത്ത റോളായിരുന്നു അത്. എന്നോടത് പറയാന്‍ ചേട്ടന്‍ അല്‍പം മടിച്ചു ‘എടാ ഷൂട്ടിന് കൂടിക്കോ പക്ഷേ, ഡയലോഗില്ല.’ എന്നാണെന്നു പറഞ്ഞത്. അതായിരുന്നു സിനിമയിലേക്കുള്ള എന്‍ട്രി,’ വെങ്കിടേഷ് പറയുന്നു.

Content Highlight:  Venkitesh says when did he first become interested in acting

We use cookies to give you the best possible experience. Learn more