| Tuesday, 5th August 2025, 2:40 pm

ആ പ്രസംഗത്തിന് ശേഷം എന്റെ കരിയര്‍ തീര്‍ന്നെന്ന് വിചാരിച്ചു: വെങ്കിടേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് വിജയ് ദേവരകൊണ്ട നായകനായ കിങ്ഡം. ഗൗതം തിന്നനൂരി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 50 കോടിയും കടന്ന് കുതിക്കുകയാണ്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം വിജയ്ക്ക് ലഭിച്ച ഗംഭീര തിരിച്ചുവരവായാണ് പലരും ചിത്രത്തെ കണക്കാക്കുന്നത്. കേരളത്തിലും കിങ്ഡത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

തെലുങ്കിലെ അറിയപ്പെടുന്ന താരങ്ങളായ വിജയ് ദേവരകൊണ്ടക്കും സത്യദേവിനുമൊപ്പം സിനിമയില്‍ സ്‌കോര്‍ ചെയ്ത നടനെക്കുറിച്ച് തെലുങ്ക് പ്രേക്ഷകര്‍ വാതോരാതെ സംസാരിക്കുന്നുണ്ട്. റിയാലിറ്റി ഷോയില്‍ നിന്ന് സിനിമാലോകത്തേക്കെത്തിയ മലയാള നടന്‍ വെങ്കിടേഷാണ് തെലുങ്ക് ലോകത്തെ സംസാരവിഷയം.

മുരുകന്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് വെങ്കി കാഴ്ചവെച്ചത്. ആദ്യ തെലുങ്ക് ചിത്രത്തിന്റെ യാതൊരു പതര്‍ച്ചയുമില്ലാതെ പെര്‍ഫോം ചെയ്യാന്‍ വെങ്കിക്ക് സാധിച്ചു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെങ്കിടേഷ് നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരുപ്പതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ തെലുങ്കിലായിരുന്നു വെങ്കിയുടെ പ്രസംഗം. എന്നാല്‍ ആ പ്രസംഗത്തിന് ശേഷം താന്‍ വല്ലാതെ പേടിച്ചെന്ന് പറയുകയാണ് വെങ്കിടേഷ്.

‘ആ പ്രസംഗത്തിന് ശേഷം ഞാന്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങിയിട്ട് വിജയ്‌യെ കെട്ടിപ്പിടിച്ചു. അത്രമാത്രം സന്തോഷത്തിലായിരുന്നു ഞാന്‍. അനിരുദ്ധിനെയും കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചു. ആ സമയത്ത് ഞാന്‍ സന്തോഷം കൊണ്ട് ഹൈയിലായിരുന്നു. പക്ഷേ, പിന്നീട് ആ വീഡിയോ കണ്ടപ്പോള്‍ എനിക്ക് ടെന്‍ഷനായി. എന്തൊക്കെയാണ് പറഞ്ഞതെന്ന് അപ്പോഴാണ് മനസിലായത്.

ഉള്ളിലുള്ളതെല്ലാം എക്‌സ്പ്രസ് ചെയ്താണ് സംസാരിച്ചത്. ‘ഇവന്‍ നല്ല ഓവറാണല്ലോ’ എന്ന് ആരെങ്കിലും എന്നെപ്പറ്റി ചിന്തിക്കുമോ എന്ന് ആലോചിച്ച് ടെന്‍ഷനായി. കരിയര്‍ ഇതോടെ തീരുമോ എന്നുവരെ പേടിച്ചു. എന്റെ ക്യാരക്ടര്‍ അതാണ്. സന്തോഷം വന്നാല്‍ അത് അങ്ങനെത്തന്നെ എക്‌സ്പ്രസ് ചെയ്യും. ഞാന്‍ ഇന്‍ട്രോവെര്‍ട്ടൊന്നുമല്ല.

അത്രയും വലിയ സ്‌റ്റേജില്‍ പങ്കെടുക്കാന്‍ പറ്റിയതിന്റെ എക്‌സൈറ്റ്‌മെന്റായിരുന്നു എനിക്ക് അപ്പോള്‍. എനിക്ക് ഒരിക്കലും ഫേക്കാകാന്‍ കഴിയില്ല. അങ്ങനെയാകാന്‍ ശ്രമിച്ചാല്‍ ആളുകള്‍ക്ക് അത് പെട്ടെന്ന് മനസിലാകും. ‘ഇവന്‍ ഈ കാണിക്കുന്നത് ചുമ്മാ ഷോയാണ്’ എന്ന് അവര്‍ക്കെല്ലാം മനസിലാകും. പക്ഷേ, അന്ന് ഞാന്‍ ഒട്ടും ഫേക്കല്ലായിരുന്നു,’ വെങ്കിടേഷ് പറഞ്ഞു.

Content Highlight: Venkitesh saying he felt his career was over after the speech in Kingdom trailer launch

We use cookies to give you the best possible experience. Learn more