| Saturday, 16th August 2025, 2:10 pm

ആ സിനിമയില്‍ അഭിനയിച്ചതോടെയാണ് കടങ്ങള്‍ തീര്‍ന്നത്: വെങ്കിടേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം റിയാലിറ്റി ഷോയായ നായിക നായകനിലൂടെ സിനിമയിലേക്കെത്തിയ നടനാണ് വെങ്കിടേഷ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെയും വില്ലന്‍ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുന്ന തെലുങ്ക് ചിത്രം കിങ്ഡത്തിലും അദ്ദേഹം പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. തന്നെ സിനിമ പഠിപ്പിച്ച പാഠങ്ങളെ കുറിച്ച് വെങ്കിടേഷ് ഇപ്പോള്‍ സംസാരിക്കുന്നു.

‘സിനിമയിലെ ഭാഗ്യപരീക്ഷണം എന്നെ പഠിപ്പിച്ചത് ആത്മവിശ്വാസമാണ്. അതില്ലെങ്കില്‍ ഒരു തേങ്ങയും ചെയ്യാന്‍ നമുക്കാവില്ല. മുമ്പൊക്കെ ഒരുടുപ്പിട്ടാല്‍ ഞാന്‍ നാല് പേരോടു ചോദിക്കും. ഇത് ഓക്കെയാണോ? ഞാന്‍ അഭിനയിക്കുന്നതു ശരിയാകുന്നുണ്ടോ? എന്നൊക്കെ. എന്റെ ട്രിവാന്‍ഡ്രം സ്ലാങ് പുറത്തറിയാതിരിക്കാന്‍ ആര്‍ട്ടിഫിഷ്യലായി സംസാരിക്കും. സ്റ്റാന്‍ഡേര്‍ഡ് ആകാനുള്ള ശ്രമം വിട്ടപ്പോള്‍ തന്നെ ഞാന്‍ ഞാനായി,’ വെങ്കിടേഷ് പറയുന്നു.

കോണ്‍ഫിഡന്‍സ് തനിക്ക് വന്നാല്ലേ അത് സ്‌ക്രീനില്‍ കാണുകയുള്ളുവെന്നും പേടിയും ഇന്‍സെക്യൂരിറ്റിയുമൊക്കെ അതോടെ പോയെന്നും അദ്ദേഹം പറഞ്ഞു. ആദ്യകാലത്ത് ഒരു വര്‍ഷം തനിക്ക് കിട്ടുന്ന പണം പതിനയ്യായിരവും ഇരുപതിനായിരവുമൊക്കെയാണെന്നും ആ സമയം തലയ്ക്കകത്ത് നിറയെ ഭാരങ്ങളുുണ്ടായിരുന്നുവെന്നും വെങ്കി പറയുന്നു.

‘പണം സമ്പാദിച്ചിട്ട് വേണം നല്ലൊരു വീടുവയ്ക്കാന്‍. നല്ലോണം അഭിനയിച്ചില്ലെങ്കില്‍ അടുത്ത സിനിമ കിട്ടില്ല. അങ്ങനെ പലവിധ ഭാരങ്ങളാണ്. ആമതോടും ചുമന്ന് ഇഴയുന്ന പോലെ ഈ ഭാരങ്ങളെല്ലാം തലപ്പുറത്തു ചുമന്ന് എന്റെ കരിയറും ഇഴഞ്ഞു. പിന്നെ, ബോധം വച്ചതോടെ ഞാനാ ഭാരങ്ങളൊക്കെ ഇറക്കി. അതോടെ കരിയര്‍ രക്ഷപ്പെടാനും തുടങ്ങി.

പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്ത വേദയില്‍ അവസരം കിട്ടി. പക്ഷേ, വെല്ലുവിളികളുടെ സമയമായിരുന്നു പിന്നീട്. അച്ഛന്‍ ഞങ്ങളെ വിട്ടുപോയതും അക്കാലത്താണ്. എനിക്ക് സിനിമയെ വലിയ ഇഷ്ടമാണ്. സിനിമയ്ക്ക് എന്നെയും. തമിഴില്‍ റെബലില്‍ അഭിനയിച്ചതോടെയാണു കടങ്ങള്‍ തീര്‍ന്നത്. അതോടെ ഞാന്‍ ഫ്രീയായി,’വെങ്കിടേഷ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Venkitesh  now talks about the lessons the film taught him

We use cookies to give you the best possible experience. Learn more