വിജയ് ദേവരകൊണ്ട നായകനായി തിയേറ്ററില്‍ മുന്നേറുന്ന ചിത്രമാണ് കിങ്ഡം. സിനിമയില്‍ മലയാളിയായ വെങ്കിടേഷും അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഓഡിയോ ലോഞ്ചിലെ പ്രസംഗം മുതല്‍ അദ്ദേഹം ആരാധകരെ സ്വന്തമാക്കിയിരുന്നു. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ സിനിമയില്‍ എത്തിയ വെങ്കി ഇതിനോടകം മികച്ച സിനിമകങ്ങളുടെ ഭാഗമായി കഴിഞ്ഞു. ഇപ്പോള്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വെങ്കിടേഷ്.
‘സിനിമ വിട്ടാലോ എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് ദൈവം റെബല്‍ കയ്യില്‍ വച്ചു തരുന്നത്. നവാഗതനായ നികേഷ് സംവിധാനം ചെയ്ത് പ്രകാശ് കുമാര്‍ നായകനായ തമിഴ് സിനിമ. 2024ല്‍ അതു കഴിഞ്ഞു പലരുടെയും വിളി വന്നു. അങ്ങനെയാണു കിങ്ഡം എനിക്കു കിട്ടുന്നതും,’ വെങ്കിടേഷ് പറയുന്നു.
പ്രീസ്റ്റിലേക്ക് താനെത്തിയ അനുഭവങ്ങളും അദ്ദേഹം പങ്കുവെക്കുകയുണ്ടായി.
‘പ്രീസ്റ്റില്‍ ഞാനെത്തുന്നത് മമ്മൂക്ക കാരണമാണ്. സെറ്റിലേക്ക് ടീം എന്നെ വിളിച്ചു. അവിടെയെത്തിയപ്പോള്‍ കാരവനിലേക്ക് മമ്മുക്ക കയറുന്നു. പുറകേ നിര്‍മാതാവ് ആന്റോ ചേട്ടനും. എന്നെ കണ്ടതും ചേട്ടന്‍ കൈ കാട്ടി വിളിച്ചു. ഞാനും കാരവനിലേക്കു അവരുടെ പിന്നാലെ കേറി. ‘എന്താ ഇവിടെ പരിപാടി’ എന്ന് വിരട്ടലായിരുന്നു ആദ്യം. പിന്നെ, ഡയറക്റോട് മമ്മുക്ക ഒരു ചോദ്യം ‘ഇവന്‍ ഓക്കെ അല്ലേ’ ഓക്കെയാണെന്ന മറുപടിയില്‍ പ്രീസ്റ്റിലെ റോള്‍ എനിക്കു കിട്ടി. എന്നെ മഞ്ജു വാരിയര്‍ക്ക് പരിചയപ്പെടുത്തിയതും മമ്മുക്കയാണ്,’ വെങ്കിടേഷ് പറഞ്ഞു.
സിനിമയ്ക്ക് വേണ്ടിയാണോ തെലുങ്ക് ഭാഷ പഠിച്ചതെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. തെലുങ്ക് സിനിമ മുമ്പ് ചെയ്തിട്ടുണ്ടെന്നും നായികാ നായകന്‍ കഴിഞ്ഞ സമയത്താണ് താനത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘പക്ഷേ അതു റിലീസായില്ല. കിങ്ഡം പ്രീ-റിലീസ് ഇവന്റില്‍ സംസാരിച്ചതൊക്കെ ബേസിക് തെലുങ്കാണ്. ‘തിന്നോ’ എന്നു ചോദിക്കാനറിയാം. ‘തിന്നു കഴിഞ്ഞോ’ എന്നോ ‘തിന്നിട്ടുണ്ടോ’ എന്നോ ചോദിക്കാനറിയില്ല. അതാണ് വ്യത്യാസം. അത്യാവശ്യം പിടിച്ചു നില്‍ക്കാന്‍ കുറച്ചൊക്കെ സംസാരിക്കും. ഡയലോഗുകള്‍ കാണാതെയും പഠിക്കും,’ വെങ്കിടേഷ് പറയുന്നു.
Content Highlight: Venkitesh about his film career and how About appearing in the films Priest and Rebel