| Wednesday, 2nd September 2026, 5:32 pm

താങ്കള്‍ മലയാള ചിത്രം ചെയ്യാത്തത് മമ്മൂട്ടി സാറിന് ഇഷ്ടമല്ലെന്ന് തോന്നുന്നു; ദുല്‍ഖറിനോട് വെങ്കി അറ്റ്ലൂരി

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തില്‍ നിന്നും പാന്‍ ഇന്ത്യന്‍ തലത്തില്‍ മാര്‍ക്കറ്റ് സൃഷ്ടിച്ച അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ ദുല്‍ഖര്‍ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ സ്വന്തം സ്ഥാനം സൃഷ്ടിച്ചെടുക്കുകയും അന്യഭാഷാ സിനിമകളില്‍ സജീവമാകുകയും ചെയ്യുകയായിരുന്നു. ഹിന്ദിയിലും തെലുങ്കിലും തമിഴിലും നായകവേഷത്തിലെത്തിയ താരത്തിന്റെ ഒരുപാട് ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സീതാരാമം, ലക്കി ബാസ്‌ക്കര്‍, കാന്ത തുടങ്ങി നിരൂപക പ്രശംസ നേടിയ ഒട്ടനവധി ചിത്രങ്ങളായിരുന്നു ദുല്‍ഖര്‍ അന്യഭാഷയില്‍ ചെയ്തത്. എന്നാല്‍ 2023ല്‍ പുറത്തിറങ്ങിയ പരാജയ ചിത്രമായ കിങ് ഓഫ് കൊത്തയായിരുന്നു ദുല്‍ഖര്‍ നായകനായ അവസാന മലയാള സിനിമ. ചിത്രത്തിന്റെ പേരില്‍ വലിയ ട്രോളുകളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് നാളെ റിലീസ് ചെയ്യുന്ന ഐ ആം ഗെയിം.

ഐ ആം ഗെയിം. Photo: District

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖറിന്റെ ഉടമസ്ഥയിലുള്ള വേഫറെര്‍ ഫിലിംസാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന സവിശേഷതയില്‍ ഒരുങ്ങുന്ന ഐ ആം ഗെയിം അഞ്ച് ഭാഷകളിലായി വമ്പന്‍ റിലീസിനാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംവിധായകന്‍ വെങ്കി അറ്റ്ലൂരിക്കൊപ്പം നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്.

മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ നീണ്ട ഇടവേളയെടുക്കുന്നത് മമ്മൂട്ടിയ്ക്ക് ഇഷ്ടമല്ലെന്ന് വെങ്കി അറ്റ്ലൂരി പറഞ്ഞതാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ മലയാളത്തിലെ അവസാന ചിത്രം പ്രതീക്ഷിച്ചത് പോലെ നന്നായില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞപ്പോള്‍ താങ്കള്‍ മലയാളത്തില്‍ നിന്നും വലിയ ഇടവേളയെടുക്കുന്നത് മമ്മൂട്ടിയ്ക്ക് ഇഷ്ടമില്ലെന്ന് തനിക്ക് അറിയാം എന്നാണ് വെങ്കി അറ്റ്ലൂരി പറഞ്ഞത്.

Photo: The Indian Express

മമ്മൂട്ടി സാറിനെ പോലെ തനിക്കും ദുല്‍ഖര്‍ മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും വെങ്കി അറ്റ്ലൂരി പറഞ്ഞു. കരിയറില്‍ ഒരു മലയാളം ചിത്രം എങ്കിലും ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍.ഡി.എക്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമില്‍ കയാദു ലോഹാര്‍, ആന്റണി വര്‍ഗീസ് പെപെ, വിനയ് ഫോര്‍ട്ട്, തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. ജേക്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Content Highlight: Venki atluri talks about Mammootty and Dulquer Salmaan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more