വൈറ്റ് ബോളില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കൃത്യമായ പദ്ധതികളില്ലാതെ വിജയിക്കാന്‍ സാധിക്കില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്.
താരങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ടീമിന് വ്യക്തമായ പദ്ധതിയില്ലെന്നും ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങളും ചിന്താഗതികളും പരാജയപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല ഇംഗ്ലണ്ടിനെതിരായ പരമ്പര സമനിലയിലാക്കിയതൊഴികെ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മോശം ഫലമാണ് ഇന്ത്യയ്ക്ക് ടെസ്റ്റിലുള്ളതെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. എന്നാല്‍ കൃത്യമായ പദ്ധതികളില്ലാതെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ സാധിക്കില്ല. താരങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ടീമിന് വ്യക്തമായ പദ്ധതിയില്ല.
ഇന്ത്യയുടെ തന്ത്രങ്ങളും ചിന്താഗതികളും പരാജയപ്പെടുകയാണ്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതൊഴികെ, കഴിഞ്ഞ ഒരു വര്‍ഷമായി ടെസ്റ്റ് മത്സരങ്ങളിലെ മോശം ഫലങ്ങള്‍ തുടരുകയാണ്,’ വെങ്കിടേഷ് പ്രസാദ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
അതേസമയം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ 30 റണ്‍സിനായിരുന്നു പരാജയപ്പെട്ടത്. മത്സരത്തില്‍ ഇന്ത്യ ഒരുക്കിയ പിച്ച് സ്പിന്നിന് അനുകൂലമായിരുന്നു. എന്നാല്‍ പ്രോട്ടിയാസിന്റെ ബൗളിങ്ങില്‍ അധികം പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്.
മാത്രമല്ല നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മോശം പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. കഴിഞ്ഞ ആറ് ഹോം ടെസ്റ്റുകളില്‍ ഇന്ത്യ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയം കണ്ടത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക എന്നിവരോടാണ് ഇന്ത്യ സ്വന്തം മണ്ണില്‍ പരാജയപ്പെട്ടത്. ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി സ്ഥാനമേറ്റതിന് ശേഷം ഇന്ത്യയുടെ റെഡ് ബോള്‍ ഫോര്‍മാറ്റിന്റെ ഭാവി തുലാസിലാണ്.
Content Highlight: Venkatesh Prasad Criticize Indian Test Team