| Monday, 28th September 2026, 12:27 pm

മച്ചാഡോയെ സുരക്ഷിതമായി രാജ്യത്ത് തിരികെയെത്തിക്കണം: വെനസ്വേലയില്‍ മാര്‍ച്ചുമായി അനുയായികള്‍

ദേവിക ജയചന്ദ്രന്‍

കരാക്കാസ്: വെനസ്വേലയിലെ പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയുടെ സുരക്ഷിതമായ തിരിച്ചുവരവ് ആവശ്യപ്പെട്ട് തലസ്ഥാനമായ കാരക്കാസില്‍ മാര്‍ച്ച് നടത്തി അനുയായികള്‍.

മച്ചാഡോയുടെ വെന്റെ വെനസ്വേല പാര്‍ട്ടിയുടെ നിറമായ ആകാശനീല ഷര്‍ട്ടുകള്‍ ധരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഞായറാഴ്ച തെരുവിലിറങ്ങിയത്. തലസ്ഥാനത്തിന് പുറമെ വലന്‍സിയ, മരാകൈബോ, മെറിഡ, ലോസ് ടെക്വസ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.

മാധ്യമപ്രവര്‍ത്തകയും മച്ചാഡോയുടെ അനുയായിയുമായ ക്ലോഡിയ മസെരോ രാജ്യത്തേക്ക് മടങ്ങിയെത്തിയതിനോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് പ്രകടനങ്ങള്‍ നടന്നത്. കാരക്കെസിലെ വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ക്ലോഡിയയ്ക്ക് ലഭിച്ചത്.

എല്ലാദിവസവും നാട്ടിലേക്ക് തിരിച്ചെത്താന്‍ മരിയ മച്ചാഡോ ശ്രമിക്കുന്നുണ്ടെന്നും അത് ശ്രമകരമായ ഒരു പ്രവൃത്തി ആണെന്നും ക്ലോഡിയ പറഞ്ഞു.

‘ഇത് ഏതെങ്കിലും പാര്‍ട്ടിയുടേയോ രാഷ്ട്രീയത്തിന്റെയോ കാര്യമല്ല, ഇത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടത്തുന്ന പ്രതിഷേധമാണ്’, വെന്റെ വെനസ്വേല പ്രവര്‍ത്തകന്‍ ഫ്‌ലാവിയോ വാലന്റിനി കാരക്കാസിലെ പ്രകടനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

കഴിഞ്ഞ ഒമ്പത് മാസങ്ങളായി പനാമ സിറ്റിയിലാണ് മച്ചാഡോ. പല തവണ വെനസ്വേലയിലേക്ക് തിരികെ വരാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. വെനസ്വേലന്‍ സര്‍ക്കാര്‍ അവരുടെ തിരിച്ചുവരവ് തടയുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നെങ്കിലും അധികൃതര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു.

മച്ചാഡോയെ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ നിയന്ത്രണത്തിലുള്ള കോടതികള്‍ വെനിസ്വേലയിലെ കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

ഭരണകൂടത്തിനെതിരെ മയക്കുമരുന്ന് കടത്തടക്കമുള്ള ആരോപണങ്ങളുന്നയിച്ച് പ്രസിഡന്റ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്ത് യു.എസിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ അതിനുശേഷവും മരിയ മച്ചാഡോയ്ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനായിട്ടില്ല.

ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ച മച്ചാഡോ യു.എസ് പ്രസിഡന്റിന് വെനസ്വേലയുടെ സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയുടെ അംഗീകാരമായി തനിക്ക് ലഭിച്ച് നോബേല്‍ സമ്മാനം സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ തനിക്ക് ലഭിക്കേണ്ട സമാധാന നോബേല്‍ ആണ് മച്ചാഡോയ്ക്ക് ലഭിച്ചത് എന്ന് ട്രംപ് പുരസ്‌കാരപ്രഖ്യാപനവേളയില്‍ പരിഹസിച്ചിരുന്നു.

വെനസ്വേലയില്‍ പൂര്‍ണമായും ജനാധിപത്യത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗല് ബുധനാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പറഞ്ഞിരുന്നു.

Content Highlight: Venezuelans rally for opposition leader’s return and presidential elections.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more