| Saturday, 1st November 2025, 3:06 pm

യു.എസുമായുള്ള സംഘർഷം; റഷ്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ സൈനിക സഹായം തേടി വെനസ്വേല

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടയിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വെനസ്വേല സൈനിക സഹായം തേടിയെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്. പ്രതിരോധ റഡാറുകൾ, മിസൈലുകൾ, വിമാന അറ്റകുറ്റപണികൾ എന്നിവയ്ക്കായി സഹായം തേടിയെന്നാണ് റിപ്പോർട്ടുകൾ.

യു.എസുമായുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ വെനസ്വലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന് റഡാർ ഡിക്ടറ്ററുകൾ ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചതായി റിപ്പോർട്ടുകളുണ്ട്.

1000 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന റഡാർ ജാമിങ് ഉപകരണങ്ങളും ഡ്രോണുകളും നൽകണമെന്ന് ഇറാനോടും വെനസ്വേല ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

വെനസ്വേല മുമ്പ് വാങ്ങിയ Su-30MK2 യുദ്ധവിമാനങ്ങളുടെയും റാഡർ സംവിധാനങ്ങളുടെയും അറ്റകുറ്റപ്പണികൾക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മാസം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് വെനസ്വേലൻ ഗതാഗത മന്ത്രി റാമോൺ സെലെസ്റ്റിനോ വെലാസ്‌ക്വസ് കത്ത് നൽകിയതായുള്ള സൂചനകളും വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം വെനസ്വേലയുമായി മെയ് മാസത്തിൽ ഒപ്പുവച്ച പങ്കാളിത്ത ഉടമ്പടി തിങ്കളാഴ്ച റഷ്യ അംഗീകരിച്ചിരുന്നു.

‘വെനിസ്വേലയുടെ ദേശീയ പരമാധികാരത്തെ സംരക്ഷിക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഭീഷണി എവിടെ നിന്ന് വന്നാലും അവയെ മറികടക്കാൻ സഹായിക്കും,’ റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പറഞ്ഞു.

നേരത്തെ വെനസ്വേലയിൽ രഹസ്യമായ ആക്രമണങ്ങൾ നടത്താൻ സി.ഐ.എ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി)ക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയിരുന്നു. വെനസ്വേലയിൽ മയക്കുമരുന്ന് സംഘങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുകയെന്നും ട്രംപ് പറഞ്ഞിരുന്നു.

യു.എസിലേക്ക് മയക്കുമരുന്ന് കടത്താൻ മഡുറോയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നവർക്ക് ഒരു പാരിതോഷികം നൽകുമെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാൽ ആരോപണങ്ങൾ മഡുറോ നിഷേധിച്ചിരുന്നു. ട്രംപ് കെട്ടിച്ചമക്കുന്ന ആരോപണങ്ങളാണിതെന്നും മഡുറോ പറഞ്ഞിരുന്നു.

Content Highlight: Venezuela seeks military assistance from Russia, China, Iran amid conflict with US

We use cookies to give you the best possible experience. Learn more