| Wednesday, 29th October 2025, 8:20 am

രാജ്യത്ത് അട്ടിമറി നടത്താനുള്ള സി.ഐ.എയുടെ ശ്രമങ്ങള്‍ തടഞ്ഞു: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കരാക്കസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ യു.എസ്. ചാരസംഘടനയായ സി.ഐ.എ നടത്താനുദ്ദേശിച്ച അട്ടിമറിശ്രമം തടഞ്ഞെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ. തലസ്ഥാന നഗരമായ കരാക്കസിലെ വെനസ്വേല സ്‌ക്വയറില്‍ നടന്ന ആക്രമണം, യു.എസ്. എംബസിക്ക് നേരെ നടന്ന ആക്രമണം എന്നിവയില്‍ സി.ഐ.എക്ക് പങ്കുണ്ടെന്ന് മഡുറോ ആരോപിച്ചു.

സി.ഐ.എയുടെ രേഖകളുമായി മൂന്നുപേരെ പിടികൂടിയെന്നും അവരെ അറസ്റ്റ് ചെയ്‌തെന്നും മഡുറോ അറിയിച്ചു. എന്നാല്‍ പിടികൂടിയവരുടെ പേരോ മറ്റ് വിവരങ്ങളോ ഗവണ്മെന്റ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ അസ്ഥിരമാക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സി.ഐ.എ ചാരന്മാര്‍ പദ്ധതിയിട്ടിരുന്നതായി ആഭ്യന്തര മന്ത്രി ഡയസ്ഡാഡോ കാബെല്ല പറഞ്ഞു.

കരീബിയന്‍ തീരത്ത് യു.എസ്. വിമാനവാഹിനി കപ്പല്‍ നടത്തുന്ന സൈനികാഭ്യാസത്തെയും വെനസ്വേല അപലപിച്ചു. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ജെറാര്‍ഡ് ആര്‍ ഫോര്‍ഡിനെയാണ് യു.എസ് കരീബിയന്‍ തീരത്തേക്ക് അയച്ചത്. കഴിഞ്ഞദിവസം വെനസ്വേലന്‍ തീരത്ത് രണ്ട് യു.എസ് ബോബര്‍ വിമാനങ്ങള്‍ പറന്നത് പ്രകോപനം സൃഷ്ടിച്ചു.

വാഷിങ്ടണ്‍ നിയമാനുസൃതമായി അംഗീകരിക്കാത്ത പ്രസിഡന്റാണ് മഡുറോയെന്നും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കമാണ് യു.എസ് നടത്തുന്നതെന്നും അതിനായാണ് ഈ സൈനിക നീക്കം യു.എസ് നടത്തുന്നതെന്നും വെനസ്വേലയിലെ ചില രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കരീബിയന്‍ കടലില്‍ ഏഴ് യുദ്ധക്കപ്പലുകളും അന്തര്‍വാഹിനകളുമെല്ലാം യു.എസ് കരീബിയന്‍ കടലില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. മയക്കുമരുന്ന കടത്തിയെന്ന് ആരോപിച്ച് രണ്ടാഴ്ചക്കിടെ പത്ത് ബോട്ടുകള്‍ക്ക് നേരെ യു.എസ് ആക്രമണം നടത്തിയിരുന്നു. വെനസ്വേല, കൊളംബിയ എന്നിവിടങ്ങളിലെ 42 പൗരന്മാരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

വെനസ്വേലന്‍ എണ്ണയും പ്രകൃതിവാതകങ്ങളും സ്വന്തമാക്കാന്‍ യു.എസില്‍ നിലവില്‍ അധികാരത്തിലിരിക്കുന്ന വരേണ്യ സാമ്പത്തിക വര്‍ഗം നടത്തുന്ന ശ്രമങ്ങളാണ് ഇതെല്ലാമെന്ന് നിക്കോളാസ് മഡുറോ പറഞ്ഞു. വെനസ്വേലയുടെ പ്രകൃതിവിഭവങ്ങള്‍ സ്വന്തമാക്കാനുള്ള അമേരിക്കയുടെ ഇത്തരം ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നിന്റെ പേരിലാണ് അമേരിക്ക തങ്ങളുടെ മേഖലയില്‍ സൈനികാഭ്യാസം നടത്തിയതെന്നും മഡുറോ പറയുന്നു. കൊളംബിയയില്‍ ഉത്പാദിപ്പിക്കുന്നതിന്റെ അഞ്ച് ശതമാനം മാത്രമേ വെനസ്വേലയിലൂടെ കടത്തുന്നുള്ളൂവെന്നും അതെല്ലാം കണ്ടുപിടിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും മഡുറോ അവകാശപ്പെട്ടു. മയക്കുമരുന്നിനെതിരെ രാജ്യം കര്‍ശനമായ നടപടിയാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യു.എസുമായി ചേര്‍ന്ന് സൈനിക നീക്കം നടത്താന്‍ ശ്രമിച്ച ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുമായുള്ള ഊര്‍ജ കരാര്‍ വെനസ്വേല റദ്ദാക്കി. ജനാധിപത്യ ഭരണം അട്ടിമറിക്കാന്‍ സാമ്രാജ്യത്വ ശക്തിയുമായി കൈകോര്‍ത്തതിനാലാണ് കരാര്‍ റദ്ദാക്കിയത്. യു.എസ്. യുദ്ധക്കപ്പലായ യു.എസ്.എസ് ഗ്രേവ്‌ലി കരീബിയന്‍ തീരത്ത് നങ്കുരമിട്ടതിന് പിന്നാലെയാണ് മഡുറോ കരാര്‍ റദ്ദാക്കിയതായി അറിയിച്ചത്. ജലായശയങ്ങളില്‍ സംയുക്തമായി നടത്തുന്ന പ്രകൃതിവാതക പര്യവേക്ഷണത്തില്‍ നിന്നാണ് വെനസ്വേല പിന്മാറിയത്.

Content Highlight: Venezuela says US flag attack stopped by the force and Trump planned to frame Marudo

We use cookies to give you the best possible experience. Learn more