| Thursday, 13th August 2026, 10:52 am

ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ച് വെനസ്വേല; മഡുറോയ്ക്ക് ശേഷം വിദേശനയത്തില്‍ വന്‍ മാറ്റം വരുത്തി റോഡ്രിഗസ്

അഞ്ജു ചന്ദ്രന്‍

കാരക്കാസ്: വര്‍ഷങ്ങളായി വിച്ഛേദിക്കപ്പെട്ട ഇസ്രഈല്‍- വെനസ്വേല നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതായി റിപ്പോര്‍ട്ട്. 2009ല്‍ വിച്ഛേദിച്ച നയതന്ത്രബന്ധം 17 വര്‍ഷങ്ങള്‍ക്ക് ശേഷം പുനസ്ഥാപിക്കാന്‍ ഇസ്രഈലും വെനസ്വേലയും ധാരണയിലെത്തിയതായി ഇരു രാജ്യങ്ങളും പ്രസ്താവനകള്‍ ഇറക്കി സ്ഥിരീകരിച്ചു.

ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ സഹകരണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വീണ്ടും അടുക്കുന്നത്. പൗരന്മാര്‍ക്ക് കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഏകോപന സംവിധാനവും ഇരുരാജ്യങ്ങളും സ്ഥാപിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അധികാരമേറ്റത്തിന് പിന്നാലെയാണ് ഇസ്രഈലുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടി തടവിലാക്കിയതിനെ തുടര്‍ന്ന്, ജനുവരിയില്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് റോഡ്രിഗസ് വെനസ്വലേയുടെ വിദേശനയത്തില്‍ മാറ്റം വരുത്തുകയും അമേരിക്കയുമായി കൂടുതല്‍ അടുപ്പമുള്ള നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ നയമാറ്റത്തിന്റെ ഭാഗമായാണ് ഇസ്രഈലുമായുള്ള ബന്ധവും മെച്ചപ്പെടുത്താനുള്ള നീക്കം ഉണ്ടായത്.

മഡുറോയെ പിടിച്ചെടുത്തതിന് പിന്നാലെ വെനസ്വേലയെ തങ്ങള്‍ ഭരിക്കുമെന്ന് അമേരിക്ക ശക്തമായി പറഞ്ഞിട്ടുണ്ട്.

വെനസ്വലേയില്‍ ജൂണിലുണ്ടായ ശക്തമായ ഇരട്ട ഭൂകമ്പങ്ങള്‍ക്ക് പിന്നാലെ ഇസ്രഈല്‍ രക്ഷാപ്രവര്‍ത്തന-മാനുഷിക സഹായ സംഘത്തെ രാജ്യത്തേക്ക് അയച്ചിരുന്നു. നയതന്ത്രബന്ധമില്ലാതിരുന്ന സാഹചര്യത്തിലും നടന്ന ഈ സഹകരണം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പുതിയ അടുപ്പത്തിന് വഴിയൊരുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വെനസ്വേലയുടെ വിദേശനയത്തിലുണ്ടാകുന്ന മാറ്റം വന്‍ പ്രതിസന്ധിയായി മാറാന്‍ സാധ്യതയുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്രഈലുമായി ഔദ്യോഗിക ബന്ധമില്ലാത്ത മുസ്‌ലിം ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളുടെ ചുരുക്കം ചില പട്ടികളില്‍ ഒന്നാണ് വെനസ്വേല. ഗസയില്‍ ഇസ്രഈല്‍ നടത്തിയ ‘ഓപ്പറേഷന്‍ കാസ്റ്റ് ലീഡ്’ സൈനിക നടപടിയില്‍ ഗസയിലെ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2009ല്‍ ഇടതുപക്ഷ നേതാവായ ഹ്യൂഗോ ഷാവേസിന്റെ ഭരണകാലത്താണ് ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം വെനസ്വേല റദ്ദാക്കിയത്.

Content Highlights: Venezuela restores diplomatic ties with Israel; Rodriguez brings about a major shift in foreign policy following Maduro

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more