കാരക്കാസ് : എണ്ണക്കപ്പൽ പിടിച്ചെടുത്ത അമേരിക്കയ്‌ക്കെതിരെ ഐക്യരാഷ്ട്ര സഭ കൗൺസിലിൽ പ്രതിഷേധം രേഖപ്പെടുത്തി വെനസ്വേല.
വെനസ്വേലൻ എണ്ണക്കപ്പൽ യു.എസ് പിടിച്ചെടുത്തതിനെ ഔദ്യോഗികമായി അപലപിച്ചുകൊണ്ട് യു.എൻ സുരക്ഷാ കൗൺസിലിന് കത്തയച്ചെന്ന് വെനസ്വേലൻ വിദേശകാര്യ മന്ത്രി ഇവാൻ ഗിൽ പറഞ്ഞു.
രാജ്യത്തെ വിഭവങ്ങൾ നിയമാനുസൃതമായി വിപണനം ചെയ്യാനുള്ള അവകാശം വെനസ്വേലക്കുണ്ടെന്നും അത് തുടർന്നും പ്രയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഭവങ്ങളുടെ ഉറവിടം പരിഗണിക്കാതെയുള്ള മോഷണം, തട്ടിക്കൊണ്ടുപോകൽ, കടൽക്കൊള്ള എന്നിവ നിയമപരമായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെനസ്വേലൻ തീരത്തുനിന്നും ക്രൂഡ് ഓയിൽ ടാങ്കറാണ് അമേരിക്ക പിടിച്ചെടുത്തത്. രണ്ട് ദശലക്ഷം ബാരൽ അസംസ്കൃത വസ്തുക്കളുള്ള കപ്പലിന്റെ നിയന്ത്രണം അമേരിക്കൻ സൈന്യം ഏറ്റെടുത്തെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലായ യു.എസ്.എസ് ജെറാൾഡ് ഫോർഡിൽ നിന്നും വിക്ഷേപിച്ച ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് ഓപ്പറേഷൻ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
എണ്ണ ടാങ്കർ പിടിച്ചെടുത്തതിനെ തുടർന്ന് യു.എസിനെ വിമർശിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ രംഗത്തെത്തിയിരുന്നു.
യു.എസ് നടത്തിയത് ഗുരുതരമായ അന്താരാഷ്ട്ര കുറ്റകൃത്യമാണെന്നും നാവിക കടൽകൊള്ളയാണെന്നും അമേരിക്ക വെനസ്വേലയുടെ സമ്പത്തിനെ കൊള്ളയടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ജീവനക്കാരെ തട്ടിക്കൊണ്ടുപോകുകയും കപ്പൽ മോഷ്ടിക്കുകയും ചെയ്ത് യു.എസ് ക്രിമിനൽ നാവിക കടൽകൊള്ളയുടെ യുഗം സൃഷ്ടിച്ചെന്നും മഡുറോ പറഞ്ഞു.
രാജ്യത്തെ എണ്ണ സ്രോതസുകൾ വെനസ്വേലൻ ജനതയ്ക്ക് വേണ്ടിയുള്ളതാണെന്നും അത് ബലപ്രയോഗത്തിലൂടെയാണ് അമേരിക്ക കൈവശപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധങ്ങളിലൂടെയും സൈനിക സമ്മർദത്തിലൂടെയും വെനിസ്വേലയുടെ പരമാധികാരത്തെ ദുർബലപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മഡുറോ അറിയിച്ചു.
Content Highlight: Venezuela protests to UN Council against US seizure of oil tanker