കാരക്കാസ്: വെനസ്വേലയ്‌ക്കെതിരായ യു.എസ് ആക്രമണങ്ങളെ അപലപിച്ച് റഷ്യ, ക്യൂബ, കൊളംബിയ, ഇറാൻ എന്നീ രാജ്യങ്ങൾ. വെനസ്വേലയ്ക്കുമേൽ യു.എസിന്റെ സൈനിക നടപടികളുടെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് അമേരിക്കയെ അപലപിച്ച് രാജ്യങ്ങൾ രംഗത്തെത്തിയത്.
വെനസ്വേലയ്‌ക്കെതിരായി യു.എസ് നടത്തുന്നത് ക്രിമിനൽ ആക്രമണമാണെന്നും അന്താരാഷ്ട്ര സമൂഹങ്ങൾ സംഭവത്തിൽ അടിയന്തരമായി പ്രതികരിക്കണമെന്നും ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ എക്സിലൂടെ പറഞ്ഞു.
‘വെനസ്വേല ക്രൂരമായി ആക്രമിക്കപ്പെടുന്നു. ധീരയായ വെനസ്വേലൻ ജനതയ്‌ക്കെതിരെയും ലാറ്റിനമേരിക്കയ്‌ക്കെതിരെയുമുള്ള ഭരണകൂടത്തിന്റെ ഭീകരതയാണിത്,’ അദ്ദേഹം വ്യക്തമാക്കി.
വെനസ്വേലയിലെ ആക്രമണങ്ങളും സംഘർഷങ്ങളും വർധിക്കുന്നതിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആശങ്ക പ്രകടിപ്പിച്ചു.
സാഹചര്യം കൂടുതൽ സംഘർഷമാക്കുന്നതോ സാധാരണ ജനങ്ങളെ അപകടത്തിലാക്കുന്നതോ ആയ ഏകപക്ഷീയമായ ഏതൊരു സൈനിക നടപടികളെയും നിരസിക്കണമെന്ന് കൊളംബിയൻ പ്രസിഡന്റ് പറഞ്ഞു.
വെനസ്വേലയിൽ നടന്ന യു.എസിന്റെ സൈനിക ആക്രമണങ്ങൾ കാര്യമായ അടിസ്ഥാനത്തിലല്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും റഷ്യ പറഞ്ഞു.
വെനസ്വേല അമേരിക്കയ്ക്കുനേരെ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല ഇതുവരെ വെനസ്വേലയ്‌ക്കെതിരായി അമേരിക്ക നടത്തിയ ആക്രമണങ്ങൾ പോലെ ഈ ആക്രമണങ്ങൾക്കും യാതൊരു അടിസ്ഥനവുമില്ലെന്ന് ഫെഡറേഷൻ കൗൺസിലിന്റെ ഡെപ്യൂട്ടി സ്പീക്കർ കോൺസ്റ്റാന്റിൻ കൊസാചേവ് പറഞ്ഞു.
‘അന്താരാഷ്ട്ര നിയമങ്ങൾ വ്യക്തമായി ലംഘിക്കപ്പെട്ടിരിക്കുന്നു.
ആഗോള സമൂഹങ്ങൾ വെനസ്വേലയ്‌ക്കെതിരായ ആക്രമണത്തിൽ നിന്നും അകലം പാലിക്കുകയും അതിനെ അപലപിക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.
വെനസ്വേലയിലെ സംഭവവികാസങ്ങളെക്കുറിച്ച് റഷ്യ ഒരു പ്രസ്താവന ഉടൻ പുറപ്പെടുവിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ റഷ്യൻ വാർത്താ ഏജൻസിയായ ആർ.ഐ.എ ഉൾപ്പെടെയുള്ള മാധ്യമങ്ങളോട് പറഞ്ഞു.
വെനസ്വേലയ്‌ക്കെതിരായ സൈനിക ആക്രമണം അവരുടെ ദേശീയ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും നഗ്നമായ ലംഘനമാണെന്ന് ഇറാൻ അപലപിച്ചു.
വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം വർദ്ധിക്കുകയാണ്. യു.എസ്, യു.കെ നിയമനിർമ്മാതാക്കൾ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവർ സംഘർഷം രൂക്ഷമാകുമെന്നും സിവിലിയൻ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
വെനസ്വേലയിൽ നടന്ന സ്ഫോടനങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കി രാജ്യത്ത് നിന്നും പുറത്തേക്ക് കൊണ്ടുപോയതായി റിപ്പോർട്ടുകളുണ്ട്.
രാജ്യത്തുടനീളം ഏഴ് സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിനുപിന്നാലെ മഡുറോ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ശനി പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.
Content Highlight: Venezuela is being brutally attacked; Countries like Russia, Cuba, Colombia, Iran condemn it