| Tuesday, 24th February 2026, 5:15 pm

മഡുറോയെ അടിയന്തിരമായി മോചിപ്പിക്കണം; യു.എൻ വേദിയിൽ വെനസ്വേലൻ വിദേശകാര്യമന്ത്രി

മുഹമ്മദ് നബീല്‍

ജനീവ: അമേരിക്കൻ ഭരണകൂടം തട്ടികൊണ്ടുപോയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും പങ്കാളി സിലിയ ഫ്ളോറെസിനെയും ഉടൻ മോചിപ്പിക്കണമെന്ന് വെനസ്വേലൻ വിദേശകാര്യമന്ത്രി യുവാൻ ഗിൽ പിന്റോ.

സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനുവരി മൂന്നിലെ അമേരിക്കൻ കടന്നുകയറ്റത്തിൽ നൂറിലധികം പേർ മരണമടഞ്ഞു എന്ന് പറഞ്ഞ അദ്ദേഹം, മഡുറോ ലഹരികടത്തിൽ കുറ്റവാളിയല്ലെന്നും യുദ്ധ തടവുകാരനായി തുടരുകയാണെന്നും പറഞ്ഞു.

അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾക്ക് വെനസ്വേല തയ്യാറാണെന്നും അദ്ദേഹം യു.എൻ വേദിയിൽ പറഞ്ഞു.

പുതുതായി പ്രഖ്യാപിച്ച പൊതുമാപ്പിനെ ചൂണ്ടിക്കാണിച്ച് വെനസ്വേല പഴയ മുറിവുണക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെനസ്വേലൻ പ്രസിഡന്റ് മഡുറോയെ തട്ടികൊണ്ടുപോയ ട്രംപ് വെനസ്വേലയുടെ എണ്ണ വ്യവസായം മുഴുവനായും തങ്ങൾ കയ്യടക്കി എന്നും പറഞ്ഞിരുന്നു.

ഈ സംഭവ വികാസങ്ങൾക്കിടയിലും അമേരിക്കയും വെനസ്വേലയും തമ്മിൽ ഒരു യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുന്നില്ലെന്നും പക്ഷെ രാജ്യങ്ങൾക്കിടയിൽ വർഷങ്ങളായി സംഘർഷം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

അമേരിക്കയുടെ ഈ നടപടി അവർ കാലങ്ങളായി തുടർന്നുപോരുന്ന സാമ്രാജ്യത്വ മോഹങ്ങളുടെ തുടർച്ചയാണെന്നും ഇത് വെനസ്വേലയുടെ പരമാധികാരത്തെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്നതാണെന്നും പല അന്താരാഷ്ട്ര നിരീക്ഷകരും അഭിപ്രായപ്പെടുന്നു.

ഇതിനിടയിൽ അമേരിക്ക ക്യൂബയിലേക്കുള്ള പെട്രോളും മറ്റ് അവശ്യ വസ്തുക്കളും തടഞ്ഞുവെച്ച് സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നതും ആഗോളതലത്തിൽ ചർച്ചയാകുന്നുണ്ട്.

Content highlight: Venezuela calls on UN to pressure US for Maduro’s immediate release weeks after abduction

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more