ടെഹ്‌റാൻ: ഇസ്രഈൽ ആക്രമണത്തിലും പതറാതെ സംപ്രേഷണം തുടർന്ന ഇറാനിയൻ വാർത്ത അവതാരക സഹർ ഇമാമിക്ക് 2025 ലെ സൈമൺ ബൊളിവർ ദേശീയ പത്രപ്രവർത്തന പുരസ്‌കാരം.
കൊളംബിയ, വെനിസ്വേല, ഇക്വഡോർ, പെറു, പനാമ, ബൊളീവിയ എന്നീ രാജ്യങ്ങളെ സ്പാനിഷ് സാമ്രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നയിച്ച വെനസ്വേലൻ രാഷ്ട്രതന്ത്രജ്ഞനും സൈനിക ഉദ്യോഗസ്ഥനുമായിരുന്നു സൈമൺ ബൊളിവാറിന്റെ അനുസ്മരണാർത്ഥം യുനെസ്കോ നൽകിവരുന്ന പുരസ്‌കാരമാണ് സൈമൺ ബൊളിവർ പുരസ്‌കാരം.
ജനങ്ങളുടെ സ്വാതന്ത്ര്യം, അന്തസ് എന്നിവയ്ക്ക് സംഭാവന നൽകുകയും പുതിയ അന്താരാഷ്ട്ര സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ക്രമം ശക്തിപ്പെടുത്തുകയും ചെയ്യുന്ന മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കാനാണ് യുനെസ്കോ ഈ പുരസ്‌കാരം നൽകുന്നത്.
ഇസ്രഈൽ ഭരണകൂടം ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (ഐ.ആർ.ഐ.ബി) ന്യൂസ് സ്റ്റുഡിയോ കെട്ടിടത്തിന് നേരെ നടത്തിയ ആക്രമണത്തിനിടെ ധൈര്യം കൈവിടാതെ സംപ്രേഷണം തുടർന്നതിനാണ് സഹർ ഇമാമിയെ 2025 ലെ സൈമൺ ബൊളിവർ പുരസ്‌കാരം നൽകി ആദരിച്ചത്.
കഴിഞ്ഞ ദിവസം കാരക്കാസിൽ നടന്ന ദേശീയ പത്രപ്രവർത്തക ദിന ചടങ്ങിൽ, ആക്രമണ സമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരുടെ ധൈര്യത്തെയും പ്രൊഫഷണലിസത്തെയും പ്രശംസിച്ചുകൊണ്ട് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ, ഇമാമിക്ക് പുരസ്‌കാരം നൽകി. ഐ.ആർ.ഐ.ബിയിൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും മരണാനന്തര ബഹുമതിയായി പുരസ്‌കാരം നൽകി.
‘ഇറാൻ ജനത വീരോചിതമായി ചെറുത്തുനിൽക്കുന്ന ഈ ഘട്ടത്തിൽ സത്യം തുറന്നുകാണിച്ചതിന് ഇറാനിയൻ വനിത സഹർ ഇമാമിയുടെയും അവരുടെ സഹപ്രവർത്തകരായ നിമ രജബ്ബൂറിന്റെയും മസൂമെ അസിമിയുടെയും ധൈര്യത്തിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം,’ മഡുറോ പറഞ്ഞു.
ഇറാനിൽ ഇസ്രഈലും അമേരിക്കയും നടത്തിയ ആക്രമണങ്ങളെ അദ്ദേഹം അപലപിക്കുകയും ചെയ്തു. ഇറാനിയൻ ജനതയുടെയും ഭരണകൂടത്തിന്റെയും സായുധ സേനയുടെയും അചഞ്ചലതയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
അമേരിക്കയുടെ സാമ്രാജ്യത്വ നിലപാടുകൾക്കെതിരെ ശക്തമായി എതിർക്കുന്ന രാജ്യമാണ് വെനിസ്വേല. 1999ൽ ഹ്യൂഗോ ഷാവേസ് അധികാരത്തിലെത്തിയതോടെ സോഷ്യലിസ്റ്റും സാമ്രാജ്യത്വ വിരുദ്ധവുമായ നിലപാട് സ്വീകരിച്ച വെനിസ്വേല സാമ്രാജ്യത്വത്തെ ശക്തമായി എതിർത്തു.
ഇമാമിയുടെയും ആക്രമണത്തിൽ ആദരിക്കപ്പെട്ട രക്തസാക്ഷികളുടെ കുടുംബങ്ങളുടെയും പേരിൽ വെനിസ്വേലയിലെ ഇറാൻ അംബാസഡർ അലി ചെഗിനി പ്രത്യേക അവാർഡ് സ്വീകരിച്ചു.
ജൂൺ 16ന്, തത്സമയ വാർത്താ സംപ്രേഷണം നടന്നുകൊണ്ടിരിക്കെ, ഇസ്രഈൽ ഐ.ആർ.ഐ.ബിയുടെ വാർത്താ വിഭാഗം പ്രവർത്തിക്കുന്ന കേന്ദ്ര കെട്ടിടം ആക്രമിച്ചിരുന്നു. ആക്രമണ സമയത്ത് വാർത്താ അവതാരകയായ ഇമാമി വാർത്തകൾ അവതരിപ്പിക്കുകയായിരുന്നു. ആദ്യ ആക്രമണത്തിൽ കെട്ടിടം കുലുങ്ങിയെങ്കിലും, അവർ ആക്രമണത്തെ അപലപിച്ചുകൊണ്ട് തന്റെ സംപ്രേഷണം തുടർന്നു.
നിമിഷങ്ങൾക്കുള്ളിൽ, മറ്റൊരു സ്ഫോടനം നടക്കുകയും സ്റ്റുഡിയോയിൽ പുകയും പൊടിയും നിറയുകയും ചെയ്തതോടെ ഇമാമി വാർത്താറൂമിൽ നിന്നും മാറേണ്ടി വന്നു. എങ്കിലും താമസിയാതെ തന്നെ ഇമാമി ഐ.ആർ.ഐ.ബിയുടെ വാർത്താ ഡയറക്ടറും രാഷ്ട്രീയകാര്യ ഡെപ്യൂട്ടിയുമായ ഹസ്സൻ അബെദിനിയോടൊപ്പം സംപ്രേഷണം തുടർന്നു.
ജൂൺ 13 ന് ഇസ്രഈൽ ഇറാനെതിരെ ഒരു പ്രകോപനവുമില്ലാതെ ആക്രമണം ആരംഭിച്ചു. ഇറാന്റെ മുതിർന്ന സൈനിക കമാൻഡർമാരെയും ഉന്നത ആണവ ശാസ്ത്രജ്ഞരെയും ഇസ്രഈൽ വധിച്ചു. കൂടാതെ ആണവ, സൈനിക കേന്ദ്രങ്ങളും ജനവാസ കേന്ദ്രങ്ങളും ആക്രമിക്കുകയും ചെയ്തു.
Content Highlight: Venezuela awards Simon Bolivar Prize to Iranian news anchor Sahar Emami