| Saturday, 24th November 2018, 7:53 pm

ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതില്‍ ഒന്നാം സ്ഥാനം ബി.ജെ.പിക്ക്; ഗുരുതര ആരോപണവുമായി വെള്ളാപ്പള്ളി നടേശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതില്‍ ഒന്നാം സ്ഥാനം ബി.ജെ.പിക്കും രണ്ടാം സ്ഥാനം കോണ്‍ഗ്രസിനുമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആത്മീയത ദുരുപയോഗം ചെയ്യുകയാണെന്നും ബി.ജെ.പി നേതാവ് കെ സുരേന്ദ്രനെതിരെ കേസെടുത്തതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍പും ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെ ശക്തമായി പിന്തുണച്ചും പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഹിന്ദുത്വ സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ചും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നിരുന്നു. സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വിധി അംഗീകരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ALSO READ: കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പൊലീസിന് അനുമതി: നടപടി 52കാരിയെ ആക്രമിച്ച കേസില്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലൂടെയുള്ള സ്ത്രീ പ്രവേശനം അനുവദിച്ചതിനെതിരായ പ്രക്ഷോഭത്തിലൂടെ മറ്റൊരു വിമോചന സമരമാണ് ലക്ഷ്യമിടുന്നതെങ്കില്‍ അതിനെ എല്ലാതരത്തിലും ചെറുക്കാന്‍ എസ്.എന്‍.ഡി.പിയോഗം മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. “അടുത്ത വിമോചന സമരം നടത്താമെന്നാണോ വിചാരം. അങ്ങനെയാണെന്നുണ്ടെങ്കില്‍ ഈ പൊള്ളത്തരത്തെപ്പറ്റി വിശദീകരിച്ച് ഈ രാജ്യം മുഴുവന്‍ പ്രചരണം നടത്തുവാന്‍ സമാനചിന്താഗതിക്കാരായ സമുദായങ്ങളുമായി ചേര്‍ന്നുകൊണ്ട് എസ്.എന്‍.ഡി.പിയോഗം മുന്നോട്ടുപോകേണ്ടിവരും. ” അദ്ദേഹം പറഞ്ഞിരുന്നു.

ക്ഷേത്രങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള ശ്രമമാണ് ശബരിമലയെയും ആത്മീയതയെയും വിശ്വാസത്തെയും ആയുധമാക്കി രണ്ടാം വിമോചനസമരം ആഗ്രഹിക്കുന്നവര്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more