തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടി.വി മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചതില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഡി.വൈ.എഫ്.ഐ. റഹീസ് റഷീദിനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ തീവ്രവാദി പരാമര്‍ശം തിരുത്തണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശ്രീനാരായണ ധര്‍മത്തിന് വിരുദ്ധമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
മത-ജാതി ഭിന്നതകളുണ്ടാക്കി നാടിനെ കീഴ്പ്പെടുത്താനുള്ള സംഘപരിവാര്‍-ജമാഅത്തെ ഇസ്‌ലാമി പരിശ്രമങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ശക്തമായ പോരാട്ടവും ആശയ സമരവുമാണ് കാലം ആവശ്യപ്പെടുന്നതെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
‘ആശയപരമായ സമരം ഉള്‍പ്പെടെയുള്ള പരിശ്രമങ്ങളെ വിഫലമാക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ല. ഏത് തരം വര്‍ഗീയ രാഷ്ട്രീയത്തെയും തുറന്നെതിര്‍ക്കേണ്ട കാലത്ത്, രാഷ്ട്രീയ ഭിന്നതകള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കുമുള്ള മറുപടി ‘വര്‍ഗീയ ചാപ്പകളല്ല’ എന്ന് സമൂഹം തിരിച്ചറിയേണ്ട കാലം കൂടിയാണിത്,’ ഡി.വൈ.എഫ്.ഐ പ്രതികരിച്ചു.
‘ആ മാധ്യമപ്രവര്‍ത്തകന്‍ ഈരാറ്റുപേട്ടക്കാരനായ തീവ്രവാദി’ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ഇന്നലെ (വെളളി) മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസ്താവന. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ ഒന്നിലധികം ചോദ്യങ്ങള്‍ ഉന്നയിച്ച് റഹീസ് റഷീദ് അദ്ദേഹത്തെ കുഴപ്പത്തിലാക്കിയിരുന്നു.
ഇതില്‍ പ്രകോപിതനായ വെള്ളാപ്പള്ളി ഇന്നലെ നടന്ന പത്രസമ്മേളനത്തിനിടെ റഹീസ് തീവ്രവാദിയാണെന്നും തന്റെ അനുഭവത്തില്‍ നിന്നാണ് ഇക്കാര്യം പറയുന്നതെന്നും അവകാശപ്പെടുകയായിരുന്നു. പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് വെള്ളാപ്പള്ളിക്കെതിരെ ഉയര്‍ന്നത്.
മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് വൈസ് പ്രസിഡന്റ് സുനന്ദ് ശങ്കര്‍ വെള്ളാപ്പള്ളിക്കെതിരെ പരാതി നല്‍കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയ്ക്കാണ് പരാതി നല്‍കിയത്. സമൂഹത്തിനുള്ളില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തനിക്കിഷ്ടമില്ലാത്ത ചോദ്യം ചോദിക്കുന്നവരെ അവരുടെ പേര് നോക്കി തീവ്രവാദിയാക്കുന്ന നിലപാട് സാമൂഹ്യ പരിസരത്ത് സൃഷ്ടിക്കുന്ന മുറിവ് വലുതാണെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. അഷ്റഫലി പ്രതികരിച്ചു. വെള്ളാപ്പള്ളിയോട് റഹീസ് റഷീദ് ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമാണെന്നും ചര്‍ച്ച ചെയ്യേണ്ടവയാണെന്നും അഷ്റഫലി കൂട്ടിച്ചേര്‍ത്തു.
Content Highlight: Vellappally’s terrorist remark against journalist; DYFI condemns