| Saturday, 20th September 2025, 2:28 pm

പിണറായി വിജയന്‍ ഭക്തന്‍; അയ്യപ്പനെ കാണാന്‍ വരുന്നതില്‍ 90 ശതമാനത്തോളം കമ്മ്യൂണിസ്റ്റുകളെന്ന് വെള്ളാപ്പള്ളി നടേശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ആദര്‍ശത്തിന് വേണ്ടി നിരീശ്വരത്വം പറയുമെങ്കിലും അയ്യപ്പനെ കാണാന്‍ വരുന്നതില്‍ 90 ശതമാനത്തോളം കമ്മ്യൂണിസ്റ്റുകളാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രിട്ടറി വെള്ളാപ്പള്ളി നടേശന്‍. ആഗോള അയ്യപ്പ സംഗമത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടുതവണ ശബരിമലയില്‍ വന്നിട്ടുണ്ടെന്നും മനസില്‍ ഭക്തിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘പലരും ആദര്‍ശത്തിന് വേണ്ടി നിരീശ്വരത്വം പറയുമെങ്കിലും അയ്യപ്പനെ കാണാന്‍ വരുന്നതില്‍ 90 ശതമാനത്തോളം കമ്മ്യൂണിസ്റ്റുകള്‍. പണ്ട് എന്തെങ്കിലും പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല, പിണറായി തന്നെ ഇവിടെ രണ്ട് തവണ വന്നിട്ടില്ലേ. അത് പത്രങ്ങളില്‍ വരാതിരിക്കുമോ. ഇവര്‍ക്കെല്ലാം മനസില്‍ ഭക്തിയുണ്ട്. അയ്യപ്പനെ പുള്ളി ഹൃദയംകൊണ്ട് സ്വീകരിച്ചു. പിന്നെ എങ്ങനെയാ ഭക്തനല്ലെന്ന് പറയുന്നത്,’ വെള്ളാപ്പള്ളി പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ചര്‍ച്ചകള്‍ നടക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യുവതി പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണെന്നും യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതി നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുത്തിയ രീതിയിലാണ് സര്‍ക്കാരിന്റെ സമീപനമെന്നും മുന്‍കാല അനുഭവങ്ങള്‍ എല്‍.ഡി.എഫിനുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചാല്‍ അതിന്റെ ഗുണം സര്‍ക്കാരിന് ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി ആണെന്നും പ്രതിപക്ഷം ഷണ്ഡന്മാരാണെന്നും നടേശന്‍ അധിക്ഷേപിച്ചു.

Content Highlight: Vellappally Natesan says Pinarayi Vijayan is a devotee

We use cookies to give you the best possible experience. Learn more