തിരുവനന്തപുരം: എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ഐക്യം തകര്‍ത്തത് മുസ്‌ലിം ലീഗ് ആണെന്ന ആരോപണവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹൈന്ദവ ഐക്യം എന്ന ലക്ഷ്യത്തിന് വിഘാതമായി നിന്നതും അവര്‍ തന്നെയാണെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.
നായര്‍-ഈഴവ വിഭാഗങ്ങള്‍ തമ്മിലുള്ള യോജിപ്പ് ഇല്ലാതാക്കാന്‍ മുസ്‌ലിം ലീഗ് ആസൂത്രിതമായി ഇടപെട്ടുവെന്നും ഇതിലൂടെ തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പണ്ടുതൊട്ടേ എസ്.എന്‍.ഡി.പി ഉയര്‍ത്തിയ ആശയമാണ് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ കൂട്ടായ്മ. എന്നാല്‍, നായര്‍-ഈഴവ ഐക്യം എന്ന ആശയത്തോട് മുസ്‌ലിം ലീഗ് ശക്തമായ അതൃപ്തിയാണ് പ്രകടിപ്പിച്ചിരുന്നത്.
ഇത്തരമൊരു യോജിപ്പ് സമൂഹത്തിന് നല്ലതല്ലെന്നും, ഇത് സവര്‍ണ ഫാസിസ്റ്റുകള്‍ക്കും ചതുര്‍വര്‍ണ്യം പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണെന്നും പറഞ്ഞ് പിന്നോക്ക വിഭാഗങ്ങളെ ലീഗ് ഉപദേശിച്ചിരുന്നതായും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സംവരണ സമുദായങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് പറഞ്ഞ് തങ്ങളെ വളരെക്കാലം ലീഗ് നയിച്ചുവെന്നും എന്നാല്‍ അത് മനപ്പൂര്‍വം തെറ്റിക്കാനായിരുന്നുവെന്നും ഇപ്പോള്‍ തിരിച്ചറിയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.ഡി.എഫ് ഭരണകാലത്ത് ഉന്നയിച്ച പരാതികള്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒന്നും നടന്നില്ല. സംവരണത്തിന്റെ പേരില്‍ തന്നെ കൊണ്ടുനടന്നുവെന്നും, കാര്യങ്ങള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ചതിക്കപ്പെട്ടുവെന്ന് ബോധ്യമായെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഭരണത്തില്‍ പങ്കാളികളായിരുന്നിട്ടും അര്‍ഹമായ പരിഗണനകള്‍ നല്‍കാന്‍ ലീഗ് തയ്യാറായില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി എല്ലാ വര്‍ഷവും അപേക്ഷകള്‍ നല്‍കാറുണ്ടെങ്കിലും അവഗണന മാത്രമാണ് ഫലം. പുല്‍പ്പള്ളിയില്‍ എന്‍ജിനീയറിങ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്കായി അപേക്ഷ നല്‍കുകയും ഫീസ് അടയ്ക്കുകയും ചെയ്തിട്ടും പരിശോധനകള്‍ക്കപ്പുറം അനുമതി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
താന്‍ മുസ്‌ലിം വിരോധിയല്ലെന്നും മുസ്‌ലിം സമുദായത്തോട് സഹോദരതുല്യമായ ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തെ പ്രസംഗം വക്രീകരിച്ച് തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമം നടന്നു. മുസ്‌ലിം ലീഗിന്റെ വര്‍ഗീയ സ്വഭാവത്തെയാണ് താന്‍ എതിര്‍ത്തതെന്നും എന്നാല്‍ ‘ആടിനെ പട്ടിയാക്കുന്ന’ രീതിയില്‍ തന്നെ വേട്ടയാടാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: Vellappally Natesan says it was the Muslim League that broke the SNDP-NSS unity.