| Wednesday, 3rd September 2025, 7:09 pm

നാരായണഗുരു സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിള ലഹള; ചരിത്രവിരുദ്ധ പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശ്രീനാരായണഗുരു ആലുവയില്‍ സര്‍വമത സമ്മേളനം നടത്താന്‍ കാരണമായത് മാപ്പിള ലഹളയെന്ന് എസ്.എന്‍.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

മാപ്പിളമാര്‍ ഹിന്ദു മതത്തിലുള്ളവരെ കൊന്നൊടുക്കുന്നത് കണ്ടതാണ് ഗുരുവിനെ സര്‍വമത സമ്മേളനത്തിന് പ്രേരിപ്പിച്ചതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശ്രീനാരയണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടന ചടങ്ങിലാണ് വെള്ളാപ്പള്ളിയുടെ ചരിത്രവിരുദ്ധ പ്രസ്താവന

എല്ലാ മതത്തിന്റെയും ആശയം ഒന്ന് തന്നെയാണെന്ന് പഠിപ്പിക്കാനാണ് ഗുരു സര്‍വമത സമ്മേളനം നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുമാരനാശാന്റെ ദുരവസ്ഥ കവിത ഉദ്ധരിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

‘എന്താണ് മാപ്പിള ലഹള? മുസ്‌ലിം സമുദായക്കാര്‍ അപക്വമായ ഒരു ലഹള നടത്തി ഹിന്ദുക്കളെ മാനഭംഗപ്പെടുത്തുകയും സ്ത്രീകളെയെല്ലാം കൊല്ലുകയും മതപരിവര്‍ത്തനം നടത്തുകയും ചെയ്ത ദുരിതം. ഇത് കണ്ടും കേട്ടുമറിഞ്ഞ ഗുരുദേവന്‍ ആ ദുഖവും ദുരിതവും എന്താണ് അറിയുന്നതിനായി ലഹള നടന്നയിടത്തേക്ക് കുമാരനാശാനെ പറഞ്ഞയച്ചു. അവിടെ നിന്ന് കണ്ടറിഞ്ഞ സത്യങ്ങള്‍ കുമാരനാശാന്‍ നാരായണഗുരുവിനോട് പറഞ്ഞു. പിന്നാലെ ഗുരുവിനുണ്ടായ ദുഖമാണ് സര്‍വമത സമ്മേളനം വിളിക്കാന്‍ കാരണമായത്,’ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം ഇങ്ങനെ.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് വെള്ളാപ്പള്ളി വീണ്ടും മുസ്‌ലിങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

അടുത്തിടെ കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും ഈഴവര്‍ക്ക് ഇപ്പോള്‍ പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണെന്നും വെള്ളാപ്പള്ളി പരാമര്‍ശിച്ചിരുന്നു.

കേരളത്തിലെ മറ്റിടങ്ങളില്‍ നിയമസഭാ മണ്ഡലങ്ങള്‍ കുറഞ്ഞപ്പോള്‍ മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങള്‍ കൂടുകയാണ് ചെയ്തത്. മുസ്‌ലിം സമുദായം ജനസംഖ്യ വര്‍ധിപ്പിക്കുകയാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ അധിക്ഷേപ പരാമര്‍ശം.

Content Highlight: The reason for holding the Narayanaguru All-Religious Conference was the Mappila riots; Vellappally Natesan made an unhistorical statement

We use cookies to give you the best possible experience. Learn more