| Saturday, 19th July 2025, 5:41 pm

മുസ്‌ലിങ്ങള്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നു; മലപ്പുറത്ത് നിയമസഭാ മണ്ഡലവും കൂടുന്നു: വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാല: മുസ്‌ലിങ്ങൾക്കെതിരെ വീണ്ടും വിദ്വേഷ പരാമർശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറയുന്നത് കേട്ട് ഭരിച്ചാല്‍ മതിയെന്ന സ്ഥിതിയാണ് സംസ്ഥാന സര്‍ക്കാരിനെന്നും സൂംബ വിവാദവും സ്‌കൂള്‍ സമയമാറ്റവും ഇതിന്റെ ഭാഗമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോട്ടയത്ത് നടന്ന എസ്.എന്‍.ഡി.പി നേതൃസംഗമം പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്നതെന്നും തിരു-കൊച്ചിയില്‍ ഉള്‍പ്പെടെ ലീഗ് സീറ്റ് ചോദിച്ചുവാങ്ങുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലവില്‍ ലീഗ് മത്സരിക്കുന്നത് തന്നെ കൂടുതല്‍ സീറ്റുകളിലാണെന്നും ഈഴവ സമുദായത്തിന് പ്രാധാന്യം ലഭിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണെന്നും വെള്ളാപ്പള്ളി പരാമര്‍ശിച്ചു.

‘കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണ്. ഈഴവര്‍ക്ക് ഇപ്പോള്‍ പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണ്. കേരളത്തിലെ മറ്റിടങ്ങളില്‍ നിയമസഭാ മണ്ഡലങ്ങള്‍ കുറഞ്ഞപ്പോള്‍ മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങള്‍ കൂടുകയാണ് ചെയ്തത്. മുസ്‌ലിം സമുദായം ജനസംഖ്യ വര്‍ധിപ്പിക്കുകയാണ്,’ വെള്ളാപ്പള്ളി പറഞ്ഞു.

ഇങ്ങനെയാണെങ്കില്‍ കേരളം വൈകാതെ തന്നെ മുസ്‌ലിം ഭൂരിപക്ഷ നാടാകുമെന്നും വെള്ളാപ്പള്ളി വിവാദ പരാമര്‍ശം നടത്തി. യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ മുസ്‌ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മറ്റു സമുദായങ്ങള്‍ ജാതി പറഞ്ഞാണ് എല്ലാം നേടുന്നതെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു. എന്നാല്‍ ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുമെന്നും നമ്മള്‍ ജനസംഖ്യ വര്‍ധിപ്പിച്ചാല്‍ ഇതെല്ലാം ശരിയാകുമെന്നും അദ്ദേഹം പറഞ്ഞു. എന്റെ പൊന്നു പെങ്ങമാരേ പ്രൊഡക്ഷന്‍ കുറയ്ക്കല്ലേ എന്ന് പറഞ്ഞുകൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയ ശക്തിയാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അധികാരത്തിനും അവകാശത്തിനും വേണ്ടി പോരാടുന്ന മനോഭാവം ഈഴവരിലില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്തയുടെ നിലപാടിനെയും എതിര്‍ത്ത വെള്ളാപ്പള്ളി, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഒരു മാന്യനും മര്യാദക്കാരനുമായ വ്യക്തിയാണെന്നുമാണ് പറഞ്ഞത്.

ഇതാദ്യമായല്ല മലപ്പുറത്തെ കേന്ദ്രീകരിച്ചും മുസ്‌ലിങ്ങളെ അധിക്ഷേപിച്ചും വെള്ളാപ്പള്ളി വിദ്വേഷ പരാമര്‍ശം നടത്തുന്നത്. മലപ്പുറം പ്രത്യേകം ചിലരുടെ സംസ്ഥാനവും രാജ്യവുമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം. മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുളളില്‍ സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് കഴിയുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

ചുങ്കത്തറയില്‍ നടന്ന ശ്രീനാരായണ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം ചടങ്ങിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. വിവാദ പ്രസ്താവനയെ തുടര്‍ന്ന് യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വെള്ളാപ്പള്ളിക്കെതിരെ പരാതിപ്പെട്ടിരുന്നു.

Content Highlight: Vellappally Natesan makes hateful remarks against Muslims again

We use cookies to give you the best possible experience. Learn more