പതിറ്റാണ്ടിനും മുന്‍പ് ആദ്യമായി പത്രപ്രവര്‍ത്തന ജീവിതം തുടങ്ങിയ ഇടമാണ് കോഴിക്കോട്. ആദ്യ പ്രണയവും, ആദ്യബൈലൈനും, അന്ന് ഇടപെട്ട മനുഷ്യര്‍ കാണിച്ച സ്‌നേഹവും ഒക്കെക്കൂടെച്ചേര്‍ന്ന് ഒരുപാട് വൈകാരിക ബന്ധമുള്ള സ്ഥലമാണ് കോഴിക്കോട്. കാലം മുന്നോട്ട് പോയപ്പോള്‍ അത് കോഴിക്കോടിനോടുള്ള പ്രണയത്തിന് വഴി മാറി.
ഒരിക്കല്‍ കോഴിക്കോടിനെ പ്രണയിച്ചാല്‍, ചില പഴയ ഗസല്‍ ഗായകരുടെ സൗഹൃദ വലയത്തിലൊക്കെ എത്തിപ്പെട്ടാല്‍, പിന്നൊരിക്കലും നിങ്ങള്‍ക്കതില്‍ നിന്ന് മോചനമില്ല. നമ്മുടെ ചാര്‍ളി സിനിമയില്‍ പറയുന്ന പോലെ അതൊരു ജിന്നാണ് ബഹന്‍. അതുകൊണ്ട് തന്നെ, അവിടം വിട്ടെങ്കിലും, കോഴിക്കോട് നിന്നും വരുന്ന വാര്‍ത്തകള്‍ എന്നും ശ്രദ്ധിച്ചിരുന്നു.
കോഴിക്കോട് നന്‍മ എന്ന ക്ലീഷേയല്ല, കേരളത്തില്‍ പല ഇടങ്ങളിലും ഇതാണ് അവസ്ഥയെന്ന് ജോലിക്ക് വേണ്ടി യാത്ര ചെയ്തും, ചിലയിടത്ത് താമസിച്ചും മറ്റും അറിയാം. അതില്‍ ഞാന്‍ തുടങ്ങിയത് കോഴിക്കോടായത് കൊണ്ട് ജന്‍മനാടായ കോട്ടയം കഴിഞ്ഞാല്‍ അടുപ്പം കോഴിക്കോടിനോടാണ്.
2011 സെന്‍സസ് അനുസരിച്ച് 56. 21 % ഹിന്ദുക്കളും 39.24% മുസ്‌ലിങ്ങളും ഉള്ള ജില്ലയാണ് കോഴിക്കോട്. മലപ്പുറത്താകട്ടെ, 27.60% ഹിന്ദുക്കളും 70.24 % മുസ്‌ലിങ്ങളും. ഈ മലപ്പുറത്തെക്കുറിച്ച് 2025 ഏപ്രില്‍ 6ന് വെള്ളാപ്പള്ളി എന്ന വര്‍ഗ്ഗീയവാദി പറഞ്ഞത് ഇങ്ങനെയായിരുന്നു,
വെള്ളാപ്പള്ളി നടേശന്‍
”നിങ്ങള്‍ ഒരു പ്രത്യേക രാജ്യത്തിനിടയില്‍ ഭയന്നുജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് നിങ്ങള്‍ക്ക് ജീവിക്കാനാകുമെന്ന് തോന്നുന്നില്ല. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പോലുമാകില്ല”
കോഴിക്കോട് ജീവിച്ച കാലത്ത്, മുസ്‌ലിമല്ലാത്ത എന്നെ ഒരാളും മതത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തിയിട്ടില്ല. ഒരുപാട് സുഹൃത്തുകളുള്ള, മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറവും മതപരമായി മാറ്റി നിര്‍ത്തിയിട്ടില്ല എന്നതാണ് വ്യക്തിപരമായ അനുഭവം.
വര്‍ഷം 2015, ദിവസം നവംബര്‍ 26, കരുവാശ്ശേരി സ്വദേശിയായ ഒരു ഓട്ടോക്കാരനായിരുന്ന നൗഷാദ് കോഴിക്കോട് തളി ക്ഷേത്രത്തിലേക്കുളള വഴിയിലെ സമദിന്റെ കടയില്‍ ചായ പറഞ്ഞിട്ട് ഇരിക്കുന്നു.
അപ്പോഴായിരുന്നു വഴിയിലെ ഓട വൃത്തിയാക്കാന്‍ വന്ന ആന്ധ്ര സ്വദേശികളായ ഭാസ്‌കറും നരസിംഹവും മാന്‍ഹോളിലേക്കിറങ്ങി അപകടത്തില്‍ പെട്ടത്. ആറടിയോളം വെള്ളമുള്ള ഓടയില്‍ അവര്‍ മുങ്ങിത്താണു. നിലവിളി കേട്ടോടിക്കൂടിയ നാട്ടുകാര്‍ വിലക്കിയെങ്കിലും നൗഷാദ് അവരെ രക്ഷിക്കാനിറങ്ങി.
നൗഷാദിന്റെ കാലില്‍ ആദ്യമിറങ്ങിയ ഭാസ്‌കറോ നരസിംഹമോ ആരോ പിടിച്ചു, ജീവിതത്തിലേക്ക് കയറി വരാന്‍ വേണ്ടി പിടിച്ച ആ കൈകള്‍ നൗഷാദിന്റെ ജീവനുമായി മുങ്ങിത്താണു. വാര്‍ത്ത കണ്ട ഓരോ മനുഷ്യന്റെയും കണ്ണില്‍ നനവ് പടര്‍ന്നു.
മരിച്ച നൗഷാദിന്റെ കുടുംബത്തിനെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചേര്‍ത്തു പിടിച്ചു. കേരളത്തിലെ മനുഷ്യര്‍ കക്ഷിരാഷ്ട്രീയം മറന്ന് ആ തീരുമാനത്തിനൊപ്പം നിന്നു. പക്ഷെ മനുഷ്യരല്ലാത്ത ചിലരുണ്ടല്ലോ, വിഷം തുപ്പുന്നവര്‍. അതില്‍ പെടുന്ന ഒരു ജന്തുവായ വെള്ളാപ്പള്ളി നടേശന്‍, നൗഷാദിന്റെ കുടുംബത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സഹായിച്ചത് അയാള്‍ മുസ്‌ലിം ആയതിനാലാണെന്ന് ആക്ഷേപിച്ചു.
നൗഷാദ്
ഓര്‍ക്കണം, നൗഷാദ് മരണത്തിലേക്കിറങ്ങിപ്പോയത് ‘ ബഷീറിനെ ‘ രക്ഷിക്കാനായിരുന്നില്ല, ഭാസ്‌കറിനേയും നരസിംഹത്തേയും രക്ഷിക്കാനായിരുന്നു. മതം നോക്കിയല്ല അയാള്‍ അവരെ രക്ഷിക്കാനിറങ്ങി ബലിയായിത്തീര്‍ന്നത്. കേരളത്തിലെ ഒരു സാധാരണ മനുഷ്യന്‍, അയാള്‍ ഹിന്ദുവോ, മുസ്‌ലിമോ, ക്രിസ്ത്യനോ ആയിക്കോട്ടെ, അയാളെങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു നൗഷാദ്.
ഒരു പക്ഷെ 2014 ല്‍ ഇന്ത്യയില്‍ രാമരാജ്യം നിലവില്‍ വന്ന ശേഷം മറ്റ് പല സംസ്ഥാനങ്ങളിലും നടക്കാന്‍ സാധ്യതയില്ലാത്ത, എന്നാല്‍ കേരളത്തിന് എന്നും പരിചിതമായ മനുഷ്യത്വത്തിന്റെ മുഖവും, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സഹായവും വെള്ളാപ്പള്ളി എന്ന വര്‍ഗ്ഗീയ വാദിയാല്‍ അധിക്ഷേപിക്കപ്പെട്ടപ്പോള്‍ അതിന് മറുപടി പറഞ്ഞത് കോണ്‍ഗ്രസ്സുകാരായിരുന്നില്ല.
സഖാവ് പിണറായി വിജയന്‍ അന്ന് നൗഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഇങ്ങനെ പറഞ്ഞു,
‘ എല്ലാ വര്‍ഗീയ ഭ്രാന്തന്മാരെയും തോല്‍പിക്കുന്ന തരത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ നൗഷാദിന്റെ ജീവത്യാഗത്തെ അപഹസിക്കാന്‍ തയ്യാറായത്. വര്‍ഗീയതയുടെ ഏറ്റവും പ്രകടമായ രൂപമാണിത്. വെള്ളാപ്പള്ളിയുടെ സ്വരം എപ്പോഴും വര്‍ഗീയതയുടെ ഭാഗമായാണ് ഉയരുന്നത്.
ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമെതിരെ അങ്ങേയറ്റം മോശപ്പെട്ട ഭാഷയാണ് വെള്ളാപ്പള്ളി ഉപയോഗിക്കുന്നത്. വര്‍ഗീയത ഇളക്കിവിടുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് നൗഷാദിനെ അപമാനിക്കാന്‍ ശ്രമിച്ചത്. ഇതിനെ കേരളത്തിലെ മതനിരപേക്ഷ സമൂഹം അങ്ങേയറ്റം അവജ്ഞയോടെ തള്ളും. കേരളീയ സമൂഹവും ശ്രീനാരായണീയരും വെള്ളാപ്പള്ളിയുടെ ഈ ഗൂഢാലോചന തിരിച്ചറിയണം.’
2016 ല്‍ പിണറായി സര്‍ക്കാര്‍ നൗഷാദിന്റെ ഭാര്യക്ക് ജോലിയും നല്‍കി. തികച്ചും മാതൃകാപരമായ കാര്യം. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു സംസ്ഥാനം ഭരിച്ച വിവിധ സര്‍ക്കാരുകള്‍, സഹോദരന് വേണ്ടി ജീവന്‍ നല്‍കിയ കുടുംബത്തെ ചേര്‍ത്ത് പിടിക്കുന്ന കാഴ്ച്ച.
നാരായണഗുരുവിന്റെ ആശയമനുസരിച്ച് ശ്രീ നാരായണ ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും എസ്.എന്‍.ഡി.പിയില്‍ അംഗമാകാം, അല്ലാതെ അതൊരു ജാതി സംഘടനയേ അല്ല.
‘നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായി ധാരണക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു.
” എന്ന് ഗുരു 1916 ല്‍ രാമകൃഷ്ണമിഷന്റെ ‘പ്രബുദ്ധകേരളം’ മാസികയില്‍ തന്റെ വിളംബരം പ്രസിദ്ധീകരിച്ചിരുന്നു. ഗുരുവിന്റെ മഹത്തായ ആശയത്തെ കീഴ്‌മേല്‍ മറിച്ച്, എസ്.എന്‍.ഡി.പിയെ പൂര്‍ണ്ണമായും ഒരു ഈഴവ സംഘടന എന്ന തലത്തിലേക്ക് കൊണ്ടുവന്ന് ഒരു പ്രഷര്‍ ഗ്രൂപ്പാക്കിയ, ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങളെ വ്യഭിചരിച്ച ഒരാളായാണ്, ഒരിക്കല്‍ കുമാരനാശാന്‍ ഇരുന്ന ജനറല്‍ സെക്രട്ടറി കസേരയില്‍ നടേശന്‍ കയറി ഇരുന്നപ്പോള്‍ സംഭവിച്ചത് എന്നാണ് കാലം അയാളെ വിലയിരുത്തുക.
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്ന ആശംസ ഒരാളില്‍ നിന്ന് കേള്‍ക്കാന്‍ പോലും അര്‍ഹതയില്ലാത്ത വര്‍ഗ്ഗീയ വിഷജീവിയാണ് വെള്ളാപ്പള്ളി എന്നാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കുന്നത്.
ഗുരുവിന്റെ കാലത്ത് തന്നെ അദ്ദേഹം തള്ളിപ്പറഞ്ഞ സംഘടനയായിരുന്നു എസ്.എന്‍.ഡി.പി. 1916ല്‍ ഡോ. പല്‍പ്പുവിന് ഗുരു എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു: ‘യോഗത്തിന്റെ നിശ്ചയങ്ങള്‍ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിനു ജാത്യാഭിമാനം വര്‍ധിച്ചുവരുന്നതുകൊണ്ടും മുമ്പേ തന്നെ മനസ്സില്‍ നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും യോഗത്തെ വിട്ടിരിക്കുന്നു’. പിന്നീട് 1928 ല്‍ തൃശ്ശൂര്‍ വച്ച് നാരായണ ഗുരു ശ്രീ നാരായണ ധര്‍മ്മസംഘം എന്ന സന്യാസിസംഘം സ്ഥാപിച്ചു.
പിണറായി വിജയന്‍
ഒരു സംശയം, ഒരേയൊരു സംശയം ബാക്കിയാകുന്നു, പിന്നീടെപ്പോഴാണ് എല്ലാ വര്‍ഗീയ ഭ്രാന്തന്മാരെയും തോല്‍പ്പിക്കുന്ന തരത്തില്‍ വര്‍ഗീയത പറഞ്ഞുവെന്ന് സഖാവ് പിണറായി വിജയന്‍ വിശേഷിപ്പിച്ച ഹെലികോപ്റ്ററില്‍ നടന്ന് വിഷം തുപ്പുന്നുവെന്ന് സഖാവ് വി.എസ് അച്യുതാനന്ദന്‍ ആക്ഷേപിച്ച വെള്ളാപ്പള്ളി മാനസാന്തരപ്പെട്ട് മനുഷ്യനായത്? ( കാരണം വര്‍ഗ്ഗീയ വാദികള്‍ മനുഷ്യരല്ലല്ലോ)
പിറകേ വന്നവരാല്‍ ഒറ്റു കൊടുക്കപ്പെട്ട പ്രവാചകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമാണ് ഗുരു. പക്ഷെ, ചരിത്രമെന്നൊന്നുണ്ടല്ലോ, അവിടെ ഓര്‍മ്മിക്കപ്പെടുക ഒറ്റുകാരല്ല. തീര്‍ച്ചയായും കാലത്തിന്റെ പോക്കില്‍ വെള്ളാപ്പളളി അപ്രസക്തനാവുകയും ഗുരുവിന്റെ ആശയങ്ങള്‍ വീണ്ടെടുക്കപ്പെടുകയും ചെയ്യും.
കഴിഞ്ഞ ദിവസത്തെ സജി ചെറിയാന്റെ അമൃതാനന്ദമയി ചുംബനവും ഇതിന്റെ കൂടെ ചേര്‍ത്ത് കാണേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന ഒരിക്കലും ഒരു യുക്തിവാദി പാര്‍ട്ടിയാകേണ്ട കാര്യമില്ല. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്‌സ് ഒരിക്കലും പറഞ്ഞിട്ടുമില്ല .
Religion is the sigh of the oppressed creature, the heart of a heartless world, and the soul of soulless conditions. It is theopiumof the people. ഇതാണ് മാര്‍ക്‌സ് പറഞ്ഞത്.
മതം അടിച്ചമര്‍ത്തപ്പെട്ട ജീവിയുടെ നെടുവീര്‍പ്പും, ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയവും, ആത്മാവില്ലാത്ത അവസ്ഥകളുടെ ആത്മാവുമാണ്. അത് ജനങ്ങളുടെ കറുപ്പാണ്.
അന്ന് കറുപ്പ് എന്നത് ഒരു വേദനാസംഹാരി ആയി ഉപയോഗിച്ചിരുന്ന കാലമായിരുന്നു. വേദനാസംഹാരി ഒരു താല്‍ക്കാലിക ആശ്വാസം തരുന്ന ഒന്ന് മാത്രമാണ്, പക്ഷെ നമുക്ക് അതും ആവശ്യമുണ്ട്.
അയാള്‍ എതിര്‍ത്തത് മതത്തില്‍ അധിഷ്ഠിതമായ ചൂഷണ വ്യവസ്ഥിതിയെയായിരുന്നു. അയാള്‍ എല്ലാ ചൂഷണ സംവിധാനങ്ങള്‍ക്കും എതിരായിരുന്നു. അയാള്‍ ഒരു വിപ്ലവകാരിയും തത്വചിന്തകനും മാത്രമായിരുന്നില്ല ഒരു കവിയുമായിരുന്നു.
അമൃതാനന്ദമയി
അത് മതത്തോടുള്ള നിലപാടാണ്, പക്ഷെ അതാണോ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ആള്‍ ദൈവത്തോട് എടുക്കേണ്ട നിലപാട്? അല്ലെങ്കില്‍ തന്നെ ഒരു സംസ്ഥാനത്തെ സാംസ്‌കാരികമന്ത്രി അങ്ങോട്ട് പോയി ആദരിക്കാന്‍ മാത്രം ആരാണീ അമൃതാനന്ദമയി?
‘1953-ല്‍ ഇന്ത്യയിലെ കേരളത്തിലെ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് അമ്മ ജനിച്ചത്. വളരെ ചെറുപ്പം മുതല്‍, ആരും പഠിപ്പിക്കാതെ, അമ്മ ആത്മീയ ഗാനങ്ങള്‍ രചിക്കുകയും മണിക്കൂറുകളോളം ധ്യാനിക്കുകയും ചെയ്തു.
അമ്മ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍, അമ്മയ്ക്ക് അസുഖം വന്നു. ഒന്‍പത് വയസ്സുള്ളപ്പോള്‍, വീട് പരിപാലിക്കാനും ഏഴ് സഹോദരീസഹോദരന്മാരെയും പരിപാലിക്കാനും വേണ്ടി അമ്മയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നു. ജീവിതത്തിലെ വലിയ അസമത്വങ്ങള്‍ അമ്മ നേരിട്ട സമയമായിരുന്നു അത്.
അമ്മ വിവരിക്കുന്നു: ”ഞങ്ങളുടെ പശുക്കള്‍ക്കും ആടുകള്‍ക്കും വേണ്ടി മരച്ചീനി തൊലികളും ബാക്കി വരുന്ന അരി കഷ്ണങ്ങളും ശേഖരിക്കാന്‍ ഞാന്‍ ദിവസവും 60 വീടുകളില്‍ പോകുമായിരുന്നു. ആ സമയത്ത്, നിരവധി ആളുകള്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടു. വൈകുന്നേരം 5:00 മണിക്ക് ഞാന്‍ പോയാലും, ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാത്ത ആളുകളെ ഞാന്‍ കണ്ടു.
എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ അവര്‍ക്ക് നല്‍കും. അവരുടെ ബുദ്ധിമുട്ടുകള്‍ കണ്ടപ്പോള്‍, മറ്റുള്ളവര്‍ ജീവിതം ആസ്വദിക്കുമ്പോള്‍ ചിലര്‍ എന്തിനാണ് ഇത്രയധികം കഷ്ടപ്പെടുന്നതെന്ന് ഞാന്‍ ചിന്തിച്ചു.” അമ്മയുടെ ഹൃദയം അവള്‍ കണ്ട കഷ്ടപ്പാടുകളില്‍ മുങ്ങി.
ഇത്തരം കഷ്ടപ്പാടുകളുടെ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍, തനിക്ക് ലഭിച്ച ഉത്തരം, ഓരോ വ്യക്തിയുടെയും വിധി ആത്യന്തികമായി അവരുടെ കര്‍മ്മഫലം മൂലമാണ് – അവരുടെ മുന്‍കാല പ്രവൃത്തികളുടെ ഫലമാണ് എന്നായിരുന്നുവെന്ന് അമ്മ പറയുന്നു.
ഇതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട്, അമ്മ സ്വയം ചിന്തിച്ചു, ‘ആരെങ്കിലും അവരുടെ കര്‍മ്മഫലമായി ഒരു കുഴിയില്‍ വീണാല്‍, എന്റെ കടമ എന്താണ്?”എങ്കില്‍, അവരെ ഉയര്‍ത്തി സഹായിക്കേണ്ടത് നിങ്ങളുടെ കടമയാണ്’ എന്ന മറുപടി അകത്തു നിന്ന് കേട്ടതായി അമ്മ പറയുന്നു.
അങ്ങനെ, മനുഷ്യരുടെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള ഈ ഒമ്പതു വയസ്സുകാരിയുടെ ചിന്തയില്‍ നിന്നാണ് അവളുടെ ജീവിത പാത നിര്‍ണയിക്കപ്പെട്ടത്: മറ്റുള്ളവരെ സഹായിക്കാന്‍ അവള്‍ എപ്പോഴും തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യും.
‘ക്രമേണ ആളുകള്‍ എന്റെ അടുത്തേക്ക് വന്ന് അവരുടെ കഷ്ടപ്പാടുകളും സങ്കടങ്ങളും പറയാന്‍ തുടങ്ങി,’ അമ്മ പറയുന്നു. ‘ഞാന്‍ അവരുടെ കണ്ണുനീര്‍ തുടയ്ക്കും. ഞാന്‍ അവര്‍ക്ക് ഭക്ഷണവും, ഒന്നോ രണ്ടോ തവണ, എന്റെ അമ്മയുടെ ഒരു വള പോലും കൊടുക്കും. പിന്നെ ചിലര്‍ എന്നെ ‘അമ്മ’ (അമ്മ) എന്ന് വിളിക്കാന്‍ തുടങ്ങി. പിന്നെ ഞാന്‍ സ്വയമേവ അവരെ എന്റെ കുട്ടികള്‍ എന്ന് വിളിക്കാന്‍ തുടങ്ങി.’ 1981 ല്‍ മാതാ അമൃതാനന്ദമയി മഠം ഔദ്യോഗികമായി ഒരു ആശ്രമമായി രജിസ്റ്റര്‍ ചെയ്തു. 1989 ല്‍ Embracing the World എന്ന NGO സ്ഥാപിതമായി.
മേല്‍പറഞ്ഞ ഇത്രയും കാര്യങ്ങള്‍amma.orgല്‍ പറഞ്ഞിരിക്കുന്നതാണ്.
എന്നാല്‍ സത്യാന്വേഷികള്‍ എന്നും ഉണ്ടായിരുന്നു. കാക്കിക്കളസം ഉള്ളിലിട്ട യുക്തിമോര്‍ച്ചക്കാര്‍ സംഘിന് വേണ്ടി അരങ്ങിലാടുന്നതിന് മുന്‍പുള്ള കാലമാണ്. ശ്രീനി പട്ടത്താനം എന്ന യുക്തിവാദി ഇതിന്റെ യാഥാര്‍ത്ഥ്യം അനേഷിച്ചിറങ്ങി. 1985 ല്‍ ‘അമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ഥ്യവും’ എന്ന പേരില്‍ പുസ്തകം ഇറങ്ങി.
ആള്‍ ദൈവമായി വളര്‍ന്ന് തുടങ്ങിയ അമൃതാനന്ദമയിയുടെ അത്ഭുതങ്ങള്‍ വ്യാജമാണെന്നും മഠവുമായി ബന്ധപ്പെട്ട ദുരൂഹമായ മരണങ്ങളെക്കുറിച്ചും പറയുന്ന ഒന്നായിരുന്നു അത്. 2002 ഓഗസ്റ്റില്‍ ദേശാഭിമാനി ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, സെപ്റ്റംബറില്‍ ഈ വാര്‍ത്തയെ തള്ളിപ്പറഞ്ഞു.
2002 ല്‍ കൊല്ലം അമൃതാ അപ്പാര്‍ട്ട്‌മെന്റ് റെസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ ടി.കെ അജയന്‍ ശ്രീനി പട്ടത്താനത്തിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആദ്യന്തരവകുപ്പിന് പരാതി നല്‍കി. പരാതി കിട്ടിയ പാടെ ‘അമ്മയുടെ’ പ്രിയപ്പെട്ട എ.കെ ആന്റണിക്ക് ശ്രീനി പട്ടത്താനത്തിനെ അറസ്റ്റ് ചെയ്യാനായിരുന്നു തിടുക്കം.
എന്നാല്‍ സാസ്‌കാരിക ലോകത്തിന്റെ പ്രതിഷേധം മൂലം സര്‍ക്കാര്‍ നീക്കത്തില്‍ നിന്ന് പിന്നോട്ട് പോയി. എന്നാല്‍ ടി.കെ അജയന്‍ കോടതിയെ സമീപിക്കുകയും ശ്രീനി പട്ടത്താനത്തിനെതിരെയുള്ള യുദ്ധം തുടരുകയും ചെയ്തു. 2007 ല്‍ ശന്തനു ഗുഹ റേ തെഹല്‍കയില്‍ അമൃതാനന്ദമയി മഠം, ശ്രീ.ശ്രീ രവിശങ്കര്‍, ബാബാ രാംദേവ് എന്നിവയുടെ ഫണ്ടിംഗിനെ ക്കുറിച്ചും കോടികള്‍ വരുന്ന ടേണ്‍ ഓവറിനെക്കുറിച്ചും എഴുതി.
2008 ല്‍ കേരള യുക്തിവാദി സംഘം പ്രസിഡന്റ് യു. കലാനാഥന്‍ മാസ്റ്ററും, ഡോ സുകുമാര്‍ അഴിക്കോടും മഠത്തിന്റെ സ്വത്തിനെക്കുറിച്ചും, വിദേശസഹായത്തെക്കുറി ച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പട്ടു. എന്നാല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇതില്‍ താല്പര്യമെടുത്തില്ല.
ഗയില്‍ ട്രെഡ് വെല്‍
2013ല്‍ അമൃതാനന്ദമയിയുടെ ശിഷ്യയും, പത്തൊന്‍പത് വര്‍ഷത്തോളം ആശ്രമത്തില്‍ താമസിക്കുകയും ചെയ്ത ഗയില്‍ ട്രെഡ് വെല്‍ അവിടുത്തെ അനുഭവങ്ങള്‍, Holy Hell: A Memoir Faith, Devotion, and Pure Madness എന്ന പേരില്‍ പുസ്തകമായെഴുതി.
അമൃതാനന്ദമയിയുടേത് ”നാര്‍സിസ്റ്റിക്കും മാനിപ്പുലേറ്റീവുമായ ‘ ഇടപെടലുകളായിരുന്നുവെന്ന് ട്രെഡ് വെല്‍ ഈ പുസ്തകത്തില്‍ പറയുന്നു. അതിരുക്ഷമായി ശകാരിച്ചതിന് ശേഷം തന്നോട് ഏറ്റവും അടുപ്പമുള്ളവരെ മാത്രമേ ശകാരിച്ചിട്ടുള്ളൂ എന്ന് പറഞ്ഞുകൊണ്ട് അമൃതാനന്ദമയി പലപ്പോഴും ഈ പെരുമാറ്റത്തെ ന്യായീകരിച്ചിരുന്നുവെന്ന് അവര്‍ പറയുന്നു. വര്‍ഷങ്ങള്‍ തനിക്കവിടെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നു എന്നും ട്രെഡ് വെല്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.
. ജോണ്‍ ബ്രിട്ടാസ് ട്രെഡ് വെല്ലുമായി നടത്തിയ അഭിമുഖം അമൃതാനന്ദമയീ മഠം ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ 2014ല്‍ പുസ്തകമായിറങ്ങി. പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഡി.സി ബുക്സ് ഹെറിറ്റേജ് ശാഖയ്ക്ക് നേരെയും രവി ഡിസിയുടെ വീടിന് നേരെയും ആക്രമണം നടന്നു. കേരളത്തിലാദ്യമായിരുന്നു ഇത്തരമൊരു സംഭവം.
2012 ഓഗസ്റ്റ് ഒന്നിനാണ്, ലക്‌നൗവില്‍ നിയമവിദ്യാര്‍ത്ഥിയായിരുന്ന സത്‌നാം സിങ്ങ് അമൃതാനന്ദമയിയുടെ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി കൊല്ലം വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ എത്തുന്നത്. പിന്നീട് അമൃതാനന്ദമയിയെ ആക്രമിക്കുവാന്‍ ശ്രമിച്ച കേസില്‍ സത്‌നാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വധശ്രമത്തിന് കേസ് ചാര്‍ജ് ചെയ്ത് കൊല്ലം ജില്ലാ ജയിലില്‍ എത്തിച്ചുവെങ്കിലും ഓഗസ്റ്റ് മൂന്നിന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയ സത്‌നാം സിങ്ങിനെ പിറ്റേന്ന് സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സത്‌നാമിന് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നെന്നും മൃതദേഹത്തില്‍ 77 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സത്നാം സിങ്ങിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിനെതിരായ ആരോപണം ഗുരുതരമാണെന്ന് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ പറഞ്ഞിരുന്നു.
ഇങ്ങനെയുള്ള ഒരുപാട് ദുരൂഹത നിറഞ്ഞ ആരോപണങ്ങള്‍, അതും സത്‌നാം സിങ്ങിന്റെ മരണമടക്കമുള്ള കാര്യങ്ങളില്‍ ആരോപണത്തിന്റെ നിഴലില്‍ നിലനില്‍ക്കുന്ന ഒരു സ്ഥാപനത്തിന്റെ മേധാവിയെ, ഒരു ആള്‍ ദൈവത്തെ ചേര്‍ത്ത് പിടിക്കുന്നതിലൂടെ ഇടതുമുന്നണി നയിക്കുന്ന മന്ത്രിസഭയിലെ സംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നല്‍കുന്ന സന്ദേശമെന്താണ് ? തന്നെ ജയിപ്പിച്ച് വിട്ട, മതനിരപേക്ഷതയ്ക്ക് വേണ്ടി വോട്ട് ചെയ്ത ജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുകയാണ് സജി ചെറിയാന്‍ ചെയ്യുന്നത്.
സത്‌നാം സിങ്ങ്
‘മനുഷ്യരുടെ കഷ്ടപ്പാടുകളുടെ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍, തനിക്ക് ലഭിച്ച ഉത്തരം, ഓരോ വ്യക്തിയുടെയും വിധി ആത്യന്തികമായി അവരുടെ കര്‍മ്മഫലം മൂലമാണ് – അവരുടെ മുന്‍കാല പ്രവൃത്തികളുടെ ഫലമാണ്’ എന്ന് വളരെ വ്യക്തമായി തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്ന ഒരു ആള്‍ദൈവത്തെ ഒരു സി.പി.ഐ.എം മന്ത്രി അങ്ങോട്ട് പോയി ആദരിക്കുന്നതിനെ ജുഗുപ്സാവഹം എന്നേ പറയാന്‍ കഴിയൂ.
നാരായണ ഗുരുവും, അയ്യന്‍കാളിയും പൊയ്കയില്‍ അപ്പച്ചനുമാക്കെ ഭാഗമായ നവോത്ഥാനത്തിന്റെ തുടര്‍ച്ച കേരളത്തിലുണ്ടായത് ഇടതുപക്ഷത്തിലുടെയായിരുന്നു. അത് ശക്തിയായി മുന്നോട്ട് കൊണ്ടുപോകാനായത് കൊണ്ടാണ്, സംഘപരിവാറിന് ഇടം കൊടുക്കാഞ്ഞ ഭൂമികയായി കേരളം മാറിയത്.
ഈ നാടിങ്ങനെ തന്നെ നമുക്ക് സൂക്ഷിക്കേണ്ടതുണ്ട്. ഓര്‍മ്മിക്കേണ്ട കാര്യം നാരായണ ഗുരുവില്‍ നിന്നും ദൂരമൊരുപാടുണ്ട്, നല്ല കച്ചവടക്കാരായ അമൃതാനന്ദമയിയിലേക്കും വെള്ളാപ്പള്ളി നടേശനിലേക്കും. രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറിമറിയുന്നു എന്ന് പാടിയത് ഒക്ടോവിയോ പാസാണ്, ഇതിപ്പോള്‍ ഈ ചുംബനം നവോത്ഥാന കേരളത്തെ തലകീഴായി മറിക്കുകയാണ്, subvert ചെയ്യുകയാണ് ചെയ്യുന്നത്.
ആള്‍ദൈവങ്ങളെ ആശ്ശേഷിക്കുകയല്ല, അവരുടെ പൊള്ളത്തരം തുറന്ന് കാട്ടുക എന്നതാണ് ഇടത് പക്ഷത്തിന്റെ ദൗത്യം. സംഘടനയിലെ ബലാബലത്തില്‍, ക്ഷീണിതനാണെന്ന് തോന്നുമ്പോള്‍ ഏത് വര്‍ഗ്ഗീയ വാദിയായ ഒറ്റുകാരനും കയറി വരാനുള്ള സത്രമായിരിക്കരുത് ഇടതെന്ന അഭയസ്ഥാനം.
ഓര്‍ക്കുക ചില ആലിംഗനങ്ങള്‍ ധൃതരാഷ്ട്രാലിംഗനം ആകാം; ട്രോജന്‍ കുതിര വെള്ളാപ്പള്ളിയുടെ രൂപത്തിലും വരാം. ഭയം വേണം, ജാഗ്രതയും.