| Sunday, 20th July 2025, 3:59 pm

കാന്തപുരം എന്ത് കുന്തമെറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയും; നിലപാടില്‍ മാറ്റമില്ലാതെ വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദ്വേഷ പരാമര്‍ശത്തില്‍ ഉറച്ച് നിന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷം നിലനില്‍ക്കുന്നുവെന്നും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താന്‍ പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറയുന്നു.

താന്‍ ഒരു സമുദായത്തിനും എതിരല്ലെന്നും പക്ഷേ സാമൂഹിക നീതിക്ക് വേണ്ടി താന്‍ ഇന്നും നാളെയും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോലം കത്തിച്ചാലും തന്നെ കത്തിച്ചാലും താന്‍ നിലപാടില്‍ നിന്ന് മാറില്ലെന്നും കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഞാന്‍ പാവങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നവനാണ്. പണക്കാര്‍ക്ക് എന്നെ ഇഷ്ടമല്ല. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങള്‍ പടര്‍ന്നുപന്തലിച്ചു. അസംഘടിത സമുദായം തകര്‍ന്ന് താഴെ വീണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ജനാധിപത്യം ഇവിടെ മരിച്ചുപോയെന്നും ഇവിടെ മതാധിപത്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു. വര്‍ഗീയത പരത്തുന്നതില്‍ എനിക്കെതിരെ കേസെടുത്തോളുവെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു.

എന്തെങ്കിലും പറഞ്ഞാല്‍ ഇടതും വലതും ഒന്നാകുമെന്നും ശേഷം എല്ലാരും കൂടി തന്നെ കടന്നാക്രമിക്കുകയാണ് ചെയ്യുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇവര്‍ ചെയ്യുന്നതിനെല്ലാം മിണ്ടാതെ നിന്നാല്‍ അത് മതസൗഹാര്‍ദം. എന്തെങ്കിലും പറഞ്ഞാല്‍ മതവിദ്വേഷമാണെന്നാണ് ആക്ഷേപിക്കുന്നതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമസ്ത ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

കേരളത്തില്‍ സാമ്പത്തിക സാമൂഹിക സര്‍വേ നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഈ കസേരയില്‍ നിന്ന് മറ്റൊരു കസേരയിലേക്ക് ചാടുകയല്ല തന്റെ ധര്‍മ്മമെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ സാമൂഹിക നീതി നടപ്പാക്കണ്ടേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുസ്ലിം സമുദായത്തോട് ഒരു വിരോധവും ഇല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Content Highlight: vellappally nadeshan against  kanthapuram

We use cookies to give you the best possible experience. Learn more