| Friday, 10th October 2025, 6:11 pm

'ലീഗ് ഭരിച്ചാല്‍ പാക് ഭരണം വരും' വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെയ്യാറ്റിൻകര: മുസ്‌ലിം ലീഗിനെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യു.ഡി.എഫിന് ഭരണം ലഭിച്ചാല്‍ ലീഗ് ഭരിക്കുമെന്നും ലീഗ് ഭരിച്ചാല്‍ പാകിസ്ഥാന്‍ ഭരണം വരുമെന്നും വെള്ളപ്പാള്ളി പറഞ്ഞു.

തിരുവനന്തപുരം എസ്.എന്‍.ഡി.പി ശാഖാ നേതൃസംഗമത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന് എന്താണ് പ്രസക്തിയെന്നും കോണ്‍ഗ്രസിനെ ലീഗ് മൂലയിലിരുത്തിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കാലോചിതമായി കാര്യങ്ങള്‍ മനസിലാക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഉള്ളത് പറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ അനുഭവത്തില്‍ നിന്നാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നതെന്നും താന്‍ വലിയ രീതിയില്‍ വേട്ട ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട വെള്ളാപ്പള്ളി, ലീഗ് ഭരിച്ചാല്‍ പാക് ഭരണം വരുമെന്നല്ല താന്‍ പറയുന്നതെന്നും ലീഗിനുള്ളില്‍ പാക് മനോഭാവമുള്ളവര്‍ ഉണ്ടെന്നും പ്രതികരിച്ചിരുന്നു. കെ.എം. ഷാജി ഉള്‍പ്പെടെയുളള നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

ഇതാദ്യമായല്ല ലീഗിനെ ലക്ഷ്യമിട്ടും അധിക്ഷേപിച്ചും വെള്ളാപ്പള്ളി പരാമര്‍ശങ്ങള്‍ നടത്തുന്നത്. നേരത്തെ മുസ്‌ലിങ്ങളെയും മലപ്പുറത്തെയും സമാനമായി വെള്ളാപ്പള്ളി അധിക്ഷേപിച്ചിരുന്നു.

മാപ്പിളമാര്‍ ഹിന്ദു മതത്തിലുള്ളവരെ കൊന്നൊടുക്കുന്നത് കണ്ടതാണ് സര്‍വമത സമ്മേളനം വിളിക്കാന്‍ ഗുരുവിനെ പ്രേരിപ്പിച്ചതെന്നായിരുന്നു വെള്ളാപ്പള്ളി മുമ്പ് നടത്തിയ പരാമര്‍ശം. കുമാരനാശാന്റെ ‘ദുരവസ്ഥ’ ഉദ്ധരിച്ചായിരുന്നു വെള്ളാപ്പള്ളി സംസാരിച്ചത്.

മുസ്‌ലിങ്ങള്‍ ജനസംഖ്യ വര്‍ധിപ്പിക്കുകയാണെന്നും അതുകൊണ്ട് തന്നെ മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങള്‍ വര്‍ധിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഈഴവ സ്ത്രീകളോട് പ്രൊഡക്ഷന്‍ കുറയ്ക്കരുതേ എന്ന് പറഞ്ഞുകൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന.

സമസ്ത നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറയുന്നത് കേട്ട് ഭരിച്ചാല്‍ മതിയെന്ന സ്ഥിതിയാണ് സംസ്ഥാന സര്‍ക്കാരിനെന്നും സൂംബ വിവാദവും സ്‌കൂള്‍ സമയമാറ്റവും ഇതിന്റെ ഭാഗമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

Content Highlight: Vellappally makes another insulting remark: ‘If the league rules, Pakistan will rule’

We use cookies to give you the best possible experience. Learn more