കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത നേതാവ് നേതാവ് സത്താര്‍ പന്തല്ലൂര്‍. ശ്രീനാരായാണഗുരുവിന്റെ അനുയായിയായി ഒരു കാലത്ത് സര്‍വമത ഐക്യത്തിന് ആഹ്വാനം ചെയ്ത വെള്ളാപ്പള്ളി ഇന്ന് അപരമതദ്വേഷവും വെറുപ്പും മാത്രം വിനിമയം ചെയ്യുന്ന വിഷമനസായി മാറിയെന്ന് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംഘപരിവാര്‍ ശൈലിയില്‍ മത ന്യൂനപക്ഷങ്ങളെയും പ്രദേശങ്ങളെയും അദ്ദേഹം കടന്നാക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും, ‘ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വരും സോദരത്വേന’ വാഴുന്ന മാതൃകകള്‍ സ്വപ്നം കാണുകയും ചെയ്ത വലിയ മനുഷ്യന്റെ അനുയായി എന്ന നിലയിലാണ് കേരളത്തില്‍ വെള്ളാപ്പള്ളി നടേശനെന്ന ഈഴവ നേതാവിനെ കേട്ടു തുടങ്ങിയത്.
ഒരുകാലത്ത് മുസ്‌ലിങ്ങളെയും പിന്നോക്കക്കാരെയും കൂട്ടിപ്പിടിച്ച് സംവരണ സമുദായ മുന്നണിയുണ്ടാക്കിയ നടേശന്റെ പുതിയ നിലപാടുകള്‍ മടിയിലെ കനം മൂലമുള്ള ഭയത്തില്‍ നിന്നാവാം.
ഹീനമായ പ്രസ്താവനകളുമായി നടേശന്‍ മുന്നേറുമ്പോള്‍ തിരുത്തേണ്ടതിന് പകരം അപദാനങ്ങള്‍ വാഴ്ത്തിപ്പാടാനാണ് ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രമിക്കുന്നതെന്നും സത്താര്‍ പന്തല്ലൂര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരും സാമാജികരും എന്ന ഭേദമില്ലാതെ എല്ലാരും വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വി.എസിനെതിരെ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്ത കേരള പൊലീസ് നടേശന്റെ തീവ്ര വര്‍ഗീയതക്ക് മുന്നില്‍ ഒന്നും ചെയ്യാതെ നില്‍ക്കുകയാണെന്നും എന്നാല്‍ ഇവിടെ വ്യത്യസ്തമായി മുഴങ്ങിക്കേട്ട ശബ്ദം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെതായിരുന്നെന്നും സത്താര്‍ പന്തല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.
ഇതില്‍ പ്രകോപിതനായ നടേശന്‍ വി.ഡി സതീശനെതിരെ നടത്തിയ അസഭ്യവാക്കുകള്‍ ഞെട്ടലുളവാക്കുന്നതാണ്. നടേശന്റെ വര്‍ഗീയതക്കെതിരെ പറയാന്‍ ആളില്ലെന്നതുപോലെ, സതീശനെ പ്രതിരോധിക്കാനും ഒരു കോണ്‍ഗ്രസ് നേതാവിനെയും ഈ വഴി കണ്ടില്ല. വര്‍ഗീയ രാഷ്ട്രീയത്തിനു മുന്നില്‍ ബധിരത പൂണ്ടവര്‍ ഇടതായാലും വലതായാലും കസേരമോഹങ്ങളുമായി ഈ വഴി വരരുതെന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വി.ഡി സതീശന്റേത് ഒറ്റപ്പെട്ട ശബ്ദമല്ല മതേതര കേരളം കൂടെയുണ്ടെന്ന് അറിയിക്കുകയാണെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
Content Highlight: Vellappally is attacking religious minorities in the style of the North Indian Sangh Parivar: Sathar Pantalloor