കോഴിക്കോട്: ലൈംഗികാരോപണ പരാതി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കേണ്ടി വന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനവും പരിഹാസവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ പോകുന്നിടത്തെല്ലാം മുട്ടയിട്ട് പോകുന്ന വ്യക്തിയാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ സ്വഭാവശുദ്ധിയുള്ളവരാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാഷ്ട്രീയത്തിലായാലും പൊതുപ്രവര്‍ത്തനത്തിലായാലും സ്വഭാവശുദ്ധി ഉണ്ടായിരിക്കണം. രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറിച്ച് ടി.വിയിലൊക്കെ വരുന്ന കമന്റുകള്‍ കാണുമ്പോള്‍ സ്വഭാവശുദ്ധി അശ്ശേഷമില്ല എന്നുമാത്രമല്ല, പോകുന്നിടത്തെല്ലാം മുട്ടയിട്ട് നടക്കുന്ന, പൊയ്മുഖമണിഞ്ഞ, സ്ത്രീതത്പരനാണെന്ന് ന്യൂസുകളിലൂടെ മനസിലാക്കാന്‍ സാധിക്കുന്നു.
പൊതുപ്രവര്‍ത്തകര്‍ രാഷ്ട്രീയപ്രവര്‍ത്തകരോ സാമൂഹ്യപ്രവര്‍ത്തകരോ ആര് തന്നെയായാലും ജീവിതത്തില്‍ സ്വഭാവശുദ്ധി അനിവാര്യമാണ്. അത് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.
പണ്ടത്തെ കാലം പോലെയല്ല, ഇന്ന് വിദ്യാഭ്യാസപരമായി വളരെ ഉയര്‍ന്ന ആളുകളുള്ള ഈ കാലഘട്ടത്തില്‍ സ്വഭാവശുദ്ധി ജനപ്രീതി നേടാനുള്ള ഒരു മാനദണ്ഡമാണ്. സ്വഭാവശുദ്ധിയില്ലാത്തവനെ ജനം വെറുക്കും എന്നതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദാഹരണമാണ്. വലിയ കൊമ്പനാനയെ പോലെ നടന്ന ആളല്ലേ, പെണ്‍വിഷയവുമായിബന്ധപ്പെട്ട് ഇപ്പോള്‍ എം.എല്‍.എ സ്ഥാനം പോലും ഉപേക്ഷിക്കേണ്ട അവസ്ഥ വന്നില്ലേ,’ വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ വീണ്ടും ഗുരുതര തെളിവുകള്‍ പുറത്തുവരികയാണ്. വിവാഹ വാഗ്ദാനം നല്‍കി രാഹുല്‍ ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയാനും തനിക്കാവുമെന്ന് ഓഡിയോയില്‍ രാഹുല്‍ പറയുന്നുണ്ട്.
ഗര്‍ഭാവസ്ഥ താന്‍ എങ്ങനെയെങ്കിലും മാനേജ് ചെയ്തോളാമെന്ന് പെണ്‍കുട്ടി പറയുമ്പോള്‍ അത് എങ്ങനെ മാനേജ് ചെയ്യും, അത് പറയ് എന്ന് പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ തെറിവിളി.
തന്നോട് ഏറ്റെടുക്കാന്‍ പറഞ്ഞോ, തന്നെ ഇത് എഫക്ട് ചെയ്യാന്‍ പോകുന്നില്ലെന്ന് പെണ്‍കുട്ടി വീണ്ടും പറയുമ്പോള്‍ നിന്നെ ബാധിക്കുന്നതുകൊണ്ടല്ല, എന്റെ ലൈഫാണ് ഇല്ലാതാകുന്നത് എന്നാണ് രാഹുല്‍ പറയുന്നത്. തന്റെ അനുവാദം ഇല്ലാതെ എങ്ങനെ ഗര്‍ഭം അലസിപ്പിക്കാന്‍ പറ്റുമെന്ന് പെണ്‍കുട്ടി ചോദിക്കുന്നുണ്ട്.
ആലോചിച്ചിട്ട് പറയാമെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ ആലോചിച്ചിട്ട് മാനേജ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ എന്തുചെയ്യുമെന്നും തന്റെ ലൈഫാണ് നശിക്കുന്നതെന്നും രാഹുല്‍ പറയുന്നുണ്ട്.
ഇത് താന്‍ ഒറ്റയ്ക്ക് ഉണ്ടാക്കിയെടുത്തതല്ലെന്നും 70 ശതമാനം ഉത്തരവാദിത്തം നിനക്കാണ് എന്നും പെണ്‍കുട്ടി പറയുമ്പോഴും അധികം കിടന്ന് പിടിച്ചാല്‍ ചവിട്ടുവെച്ചുതരുമെന്നാണ് രാഹുല്‍ പറയുന്നത്. അസഭ്യവര്‍ഷത്തിലൂടെ കേട്ടലറയ്ക്കുന്ന നിരവധി വാക്കുകളാണ് രാഹുല്‍ സംഭാഷണത്തില്‍ ഉപയോഗിക്കുന്നത്.
Content Highlight: Vellappali Natesan slams Rahul Mamkoottathil