| Friday, 2nd January 2026, 2:44 pm

വെള്ളാപ്പള്ളിയുടേത് ഹീനമായ വര്‍ഗീയത, മുഖ്യമന്ത്രിയുടെ അനുഗ്രഹവുമുണ്ട്; ലീഗിനെതിരായ മാറാട് കലാപം പരാമര്‍ശത്തില്‍ വി.ഡി. സതീശന്‍

രാഗേന്ദു. പി.ആര്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എസ്.ഐ.ടിയുടെ വിപുലീകരണം സി.പി.ഐ.എമ്മിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

അന്വേഷണ സംഘത്തിന് മീതെ വലിയ സമ്മര്‍ദമാണ് ചെലുത്തുന്നത്. പുതിയ രണ്ട് ഉദ്യോഗസ്ഥരെ കൂടി എസ്.ഐ.ടിയില്‍ ഉള്‍പ്പെടുത്താന്‍ പോകുകയാണെന്നും ഇവര്‍ പരസ്യമായി സി.പി.ഐ.എം ബന്ധമുള്ളവരാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പറവൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണക്കൊള്ള കേസിൽ പങ്കുള്ള സി.പി.ഐ.എം നേതാക്കളെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കൊപ്പം ഫോട്ടോയെടുത്തവരെ കുറിച്ചല്ലല്ലോ എസ്.ഐ.ടി അന്വേഷിക്കുന്നത്? കോടതിയുടെ നിരീക്ഷണത്തിലാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണം നടക്കുന്നത്. അതില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് വീണ്ടുമൊരു മാറാട് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശത്തിലും അദ്ദേഹം പ്രതികരിച്ചു. ഏറ്റവും ഹീനമായ രീതിയിലാണ് വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്നും അതിന് മുഖ്യമന്ത്രിയുടെ അനുഗ്രഹമുണ്ടെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

വടക്കാഞ്ചേരിയിലെ കോഴവിവാദത്തിലും പ്രതികരണമുണ്ട്. യു.ഡി.എഫിന്റെ ഒരു പ്രതിനിധിയെ സ്വാധീനിക്കാന്‍ 50 ലക്ഷം രൂപയാണ്…. അയാളെ നമ്മള്‍ പുറത്താക്കി. വോട്ട് മാറ്റി കുത്താന്‍ 50 ലക്ഷം രൂപയാണ് കൊടുത്തത്. ഇത് തന്നെയാണ് മറ്റത്തൂര്‍ പഞ്ചായത്തില്‍ അടക്കം സംഭവിച്ചതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ജനാധിപത്യത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുക. ശേഷം പണം നല്‍കി ബി.ജെ.പിക്ക് സമാനമായി പ്രവര്‍ത്തിക്കുക. സി.പി.ഐ.എം അത്രയും അധപതിച്ചു പോയെന്നതിന്റെ ഉദാഹരണങ്ങളാണ് ഇതെല്ലാം. എല്ലാം ചെയ്ത ശേഷം അവര്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന തരത്തില്‍ തെറ്റായ പ്രചരണം നടത്തുമെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

മകന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നതിന്റെ പേരില്‍ അമ്മയെ ജോലിയില്‍ നിന്നും സി.പി.ഐ.എം ഭരണസമിതി പിരിച്ചുവിട്ടെന്ന ആരോപണത്തിലും വി.ഡി. സതീശന്‍ പ്രതികരിച്ചു.

ആര്‍.എസ്.എസിന്റെ പിന്തുണയോട് കൂടി 1977ല്‍ നിയമസഭയിലേക്ക് ജയിച്ച വന്ന എം.എല്‍.എയാണ് പിണറായി വിജയന്‍. ആരോരുമറിയാതെ ഔദ്യോഗിക വാഹനം മാറ്റി മസ്‌കറ്റ് ഹോട്ടലില്‍ പോയി ആര്‍.എസ്.എസ് നേതാക്കളെ കണ്ട നേതാവുമാണ്.

തൃശൂരില്‍ ബി.ജെ.പിയുടെ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ എം.ആര്‍. അജിത്ത് കുമാറിനെ അയച്ച് പൂരം കലക്കിയ വ്യക്തിയുമാണ് അദ്ദേഹം. പി.എം ശ്രീയില്‍ അടക്കം ഒപ്പിട്ട് നല്‍കിയില്ലേ… ആര്‍.എസ്.എസും ബി.ജെ.പിയും പറയുന്നത് കേട്ട് മാത്രം പ്രവര്‍ത്തിക്കുന്ന പിണറായി ഇപ്പോള്‍ ചില ആളുകളെ മുന്‍നിര്‍ത്തിയാണ് വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

Content Highlight: Vellapally’s vile communalism: VD Satheesan

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more